അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കാനുള്ള തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നടപടികള്‍ മാറ്റിവച്ചു. സുരക്ഷയ്ക്കായി ആവശ്യത്തിന് പൊലീസ് സേനയെ ലഭിക്കാത്തത് മൂലമാണ് ഇന്നത്തെ ഒഴിപ്പിക്കല്‍ മാറ്റി വച്ചതെന്ന് എസ്ഡിഎംസി ചെയര്മാന് രാജ്പാല് സിങ് വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം നടന്ന ഷഹീന്‍ബാഗ്, കാളിന്ദികുഞ്ച് ഉള്‍പ്പെടെയുള്ള മേഖലകളിലാണ് അനധികൃത നിര്‍മ്മാണങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നത്. ബുള്‍ഡോസറുകളും കോര്പറേഷന് ഉദ്യോഗസ്ഥരും എത്തിയെങ്കിലും സുരക്ഷ ഉറപ്പു വരുത്താന്‍ ആവശ്യമായ പൊലീസ് സേനയുടെ അഭാവത്തില്‍ ഇടിച്ചു നിരത്തല്‍ മാറ്റിവയ്ക്കുകയായിരുന്നു.
മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബിജെപി-ആര്‍എസ്എസ് ബുള്‍ഡോസര്‍ രാഷ്ട്രീയം പ്രയോഗിക്കുകയാണെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കെയാണ് ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡല്‍ഹി മേഖലയിലും ഇതേ നയം ബിജെപി നേതൃത്വം നല്കുന്ന കോര്‍പറേഷനുകള്‍ തുടരുന്നത് എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന ജഹാംഗീര്‍പുരിയിലെ ഇടിച്ചു നിരത്തല്‍ സുപ്രീം കോടതി ഇടപെടലോടെ നിര്‍ത്തി വച്ചിരുന്നു.
ബുധനാഴ്ച ആരംഭിച്ച എസ്ഡിഎംസി ഇടിച്ചു നിരത്തല്‍ ഈ മാസം 13 വരെ തുടരുമെന്നാണ് കോര്പറേഷന് അധികൃതര്‍ വ്യക്തമാക്കുന്നത്. പൊതു നിരത്തുകള്‍, ഓടകള്‍ തുടങ്ങി പൊതു സ്ഥലം കൈയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ഇടിച്ചു നിരത്തുന്നത്. അതിനാല്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കേണ്ട ആവശ്യമില്ലെന്നും എസ്ഡിഎംസി വ്യക്തമാക്കി. തുഗ്ലക്കാബാദിലെ കര്‍ണി സിങ് ഷൂട്ടിങ് റേഞ്ച് ഏരിയയിലാണ് ഇടിച്ചു നിരത്തലിന് തുടക്കം കുറിച്ചത്.
കാളിന്ദി കുഞ്ച് മെയിന്‍ റോഡു മുതല്‍ ജാമിഅനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന കാളിന്ദി കുഞ്ച് പാര്‍ക്ക് വരെയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യാനായിരുന്നു എസ്ഡിഎംസി തീരുമാനം. പൊലീസ് സേനയുടെ ലഭ്യത ഉറപ്പാക്കണമെന്ന് കത്ത് നല്‍കിയെങ്കിലും അത് ഉറപ്പു വരുത്താന്‍ കഴിയാതെ വന്നതോടെയാണ് ഇന്നത്തെ ഇടിച്ചു നിരത്തല്‍ മാറ്റി വയ്ക്കേണ്ടി വന്നതെന്ന് എസ്ഡിഎംസി മേയര്‍ മുകേഷ് സൂര്യന് പറഞ്ഞു. നാളെ ശ്രീനിവാസ് പുരി സ്വകാര്യ കോളനി മുതല്‍ ഓഖ്ല റയില്‍വേ സ്റ്റേഷന് വരെയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കും. വരും ദിവസങ്ങളില്‍ എസ്ഡിഎംസി പരിധിയില്‍ വരുന്ന ഇത്തരം നിര്‍മ്മാണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
English summary;Evacuation proceedings in Delhi postponed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.