24 January 2026, Saturday

Related news

September 15, 2025
April 17, 2025
April 15, 2025
April 10, 2025
March 29, 2025
March 16, 2025
March 16, 2025
March 3, 2025
November 15, 2024
October 7, 2024

തീയണഞ്ഞാലും പുക അടങ്ങരുതെന്ന് ചില മാധ്യമങ്ങളുടെ താല്പര്യം: മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
March 13, 2023 11:16 pm

തീയണഞ്ഞാലും പുക അടങ്ങരുതെന്ന താല്പര്യത്തോടെയാണ് ചില മാധ്യമങ്ങളുടെ പ്രചാരണങ്ങളെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. തീയില്ലാതെ പുകയുണ്ടാക്കാന്‍ വിദഗ്ധരാണ് അത്തരം മാധ്യമങ്ങള്‍. ബ്രഹ്മപുരത്ത് തീയണയ്ക്കുന്നതിന് സ്വീകരിച്ചത് ഏറ്റവും ശാസ്ത്രീയമായ മാര്‍ഗമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ചെളി വാരിയെറിയേണ്ട സാഹചര്യമല്ല ഇത്. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ പരിഹാരം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് ചൂണ്ടിക്കാട്ടി. അവിടെയുള്ള മാലിന്യമല രണ്ട് വര്‍ഷം കൊണ്ടല്ല, പത്തോ പന്ത്രണ്ടോ വര്‍ഷം കൊണ്ട് ഉണ്ടായതാണ്. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയ ചില നേതാക്കള്‍ തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് പറയുകയാണ്. എന്നാല്‍ പുക നിറഞ്ഞ സാഹചര്യത്തിലും കൊച്ചിയിലുണ്ടായിരുന്നതിനെക്കാള്‍ മോശം നിലവാരത്തിലുള്ള വായുവാണ് ഡല്‍ഹിയിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മാലിന്യസംസ്കരണത്തിന് കരാര്‍ എടുത്ത കമ്പനിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. പ്രവൃത്തിപരിചയം ഇല്ലാത്ത കമ്പനിയാണെന്ന് പറയുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ രാജ്യത്ത് പന്ത്രണ്ട് നഗരങ്ങളില്‍ ഈ കമ്പനിയാണ് മാലിന്യ സംസ്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അതിലൂടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഗുരുവായൂരില്‍ ശവക്കോട്ട എന്നറിയപ്പെട്ടിരുന്ന മാലിന്യ കേന്ദ്രം ഇപ്പോള്‍ പൂങ്കാവനമാണ്. അത്തരത്തില്‍ കൊച്ചിയെ മാറ്റിയെടുക്കാന്‍ നമുക്ക് സാധിക്കണമെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു. 

ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ മന്ത്രി വീണാ ജോര്‍ജും അക്കമിട്ട് നിരത്തി. ഹ്രസ്വകാല‑ദീര്‍ഘകാല നടപടികളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്പത് മെഡിക്കല്‍ ക്യാമ്പുകളാണ് നടത്തിയത്. മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. 851 പേരാണ് ശാരീരിക അസ്വസ്ഥതകള്‍ മൂലം ആശുപത്രികളിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ഫീല്‍ഡ് തല സര്‍വേ ഇന്ന് ആരംഭിക്കും. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍, ഒരാളെപ്പോലും വിട്ടുപോകരുത് എന്നുള്ള നിര്‍ബന്ധത്തിലാണ് സര്‍വേ നടത്തുന്നത്. പൊതുസമൂഹത്തിലുള്ള ആശങ്കകള്‍ അകറ്റുന്നതിനും ലക്ഷ്യമിട്ടാണ് സര്‍വേ.

ഗര്‍ഭിണികളുടെ സ്ക്രീനിങ് കൂടി ഒരുക്കുന്നുണ്ട്. ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് മറുപടിയില്‍ വ്യക്തമാക്കി. അതിനിടെ, ബഹളമുണ്ടാക്കാന്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ച് എത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി സഭാ നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമം നടത്തി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടയിലായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം. സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയ അംഗങ്ങള്‍ കാഴ്ച മറച്ച് ബാനര്‍ സ്ഥാപിക്കുകയും ചെയ്തു. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ മറ്റ് സഭാനടപടികളിലേക്ക് കടന്നു. 

Eng­lish Summary;Even if the fire is extin­guished, the inter­est of some media should not be con­tained: Min­is­ter MB Rajesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.