
ഒരേസമയം കാഴ്ചയ്ക്കും കേൾവിക്കും തുല്യപ്രാധാന്യം നൽകുന്നതിനാൽ വിശ്വാസ്യതയുള്ള മാധ്യമമായാണ് ടെലിവിഷൻ അറിയപ്പെടുന്നത്. കുടുംബാംഗങ്ങൾ ഒരുമിച്ച് കാണുന്നതിനാൽ കുടുംബമാധ്യമം കൂടിയാണിത് . നിരക്ഷരത ടെലിവിഷൻ ഉപയോഗത്തിന് തടസ്സമാകുന്നില്ല. 1996ൽ ആദ്യത്തെ ലോക ടെലിവിഷൻ ഫോറം നടന്ന നവംബർ 21ന്റെ സ്മരണയിലാണ് അന്നേ ദിവസം ടെലിവിഷൻ ദിനമായി ആചരിക്കാൻ യുഎൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ടെലിവിഷന്റെ വരവും ഒരു വിപ്ലവമായിരുന്നു. 1983 ലോകകപ്പ് വിജയവും കേരളത്തിലേക്കുള്ള ടിവിയുടെ വരവും പരസ്പര പൂരകങ്ങളായി. തുടർന്നുള്ള വർഷങ്ങളിൽ ഇന്ദിരാഗാന്ധിയുടെ അന്ത്യയാത്രയും പുരാണ ഹിന്ദിപരമ്പരകളും ക്രിക്കറ്റും കാണാൻ ആബാലവൃദ്ധം മലയാളികളും ടിവി ഉള്ള വീടുകളിലേക്ക് എത്തിയിരുന്ന പഴയകാലം ഗൃഹാതുരത്വമുണർത്തുന്നതാണ്.
522 കോടി ടെലിവിഷന്‍ പ്രേക്ഷകരാണ് ലോകത്താകെ ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിവിഷന്‍ വ്യാപ്തിയുള്ള രാജ്യമാണ് ഇന്ത്യ. 46.4 കോടി ടെലിവിഷന്‍ വീടുകള്‍ ഉള്ള ചൈനയാണ് ഒന്നാം സ്ഥാനത്ത്. 21.7 കോടി ടെലിവിഷന്‍ വീടുകളാണ് ഇന്ത്യയിൽ ഉള്ളത്. അമേരിക്കയില്‍ പന്ത്രണ്ട് കോടി വീടുകളിലാണ് ടെലിവിഷന്‍ ഉള്ളത്. എന്നാൽ ഇന്റർനെറ്റിന്റെ വരവോടെ ടെലിവിഷന്റെ ഡിമാന്റ് ലോകമെങ്ങും കുറയുന്നുണ്ട്. ഇന്ത്യയിലെ ടെലിവിഷന്‍ സെറ്റുകളില്‍ 52 ശതമാനവും ഇന്റര്‍നെറ്റ് കണക്ഷനുകളുളളവയാണ്. ഈ അതിവേഗ സാങ്കേതികവിദ്യ ലോകം കീഴടക്കും മുൻപുള്ള പതിറ്റാണ്ടുകൾ മനുഷ്യന്റെ വിനോദത്തിന്റെ ആദ്യവാക്കും അവസാനവാക്കും ടെലിവിഷൻ തന്നെയായിരുന്നു. ഇന്ന് ടിവിയുടെ മട്ടും ഭാവവുമൊക്കെ മാറി. എൽസിഡിയും എൽഇഡിയും ത്രീഡിയും കടന്ന് പോക്കറ്റിലെ മൊബൈൽ ഫോണിൽ എല്ലാ ചാനലും കിട്ടുമെന്ന സാഹചര്യമായി. ഇതോടെ ടിവിയുടെ നിർവചനം തന്നെ മാറി.
1959 സെപ്റ്റംബർ 15നാണ് ഇന്ത്യയിലേക്ക് ടിവി എത്തിയത്. ഓൾ ഇന്ത്യാ റേഡിയോയുടെ കീഴിൽ ന്യൂ ഡൽഹിയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കം.1970ൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സ്‌റ്റുഡിയോകൾ തുറന്നു.
1930-കൾ മുതൽ ബ്രിട്ടനിലും അമേരിക്കയിലും ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു. ഇന്ത്യയിൽ 1959 സെപ്തംബർ 15‑നാണ് ദൂരദർശൻ സംപ്രേഷണം ആരംഭിക്കുന്നത്. തുടക്കം ഡൽഹി ആകാശവാണി ഭവനിലെ ചെറിയൊരു മുറിയിൽ. 1976 ആയപ്പോഴേക്കും എട്ട് ടെലിവിഷൻ സ്റ്റേഷനുകളിലേക്ക് ദൂരദർശൻ വളർന്നു. രണ്ടര പതിറ്റാണ്ടോളം കാലത്തെ ബ്ലാക്ക് ആന്റ് വൈറ്റ് സംപ്രേഷണത്തിന് ശേഷം 1982 ഓഗസ്റ്റ് 15ന് കളറായി. രാമായണം, മഹാഭാരതം, ഹംലോഗ് പോലുള്ള ജനകീയ പരമ്പരകൾ ടെലിവിഷനോട് ജനതയെ കൂടുതൽ അടുപ്പിച്ചു. രംഗോലിയും ചിത്രഹാറുമെല്ലാം പ്രേക്ഷകർ കാത്തിരുന്നു കാണുന്ന പരിപാടികളായി.
തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്വകാര്യ ചാനലുകളെത്തി. ലൈവ് ടെലികാസ്റ്റിന്റെ വരവോടെ വാർത്താ ചാനലുകളോടുള്ള ജനങ്ങളുടെ താൽപര്യവും പതിന്മടങ്ങ് വളർന്നു. ഇന്ന് 892 ഉപഗ്രഹ ടെലിവിഷൻ ചാനലുകളുണ്ട്. ഇന്ത്യയിൽ. ഇതിൽ 403 എണ്ണം വാർത്താ ചാനലുകളും 489 എണ്ണം വിനോദ ചാനലുകളുമാണ്.
ടെലിവിഷനില്‍ മുഖ്യാധാരാ ചാനലുകള്‍ പ്രക്ഷേപണം ചെയുന്ന വിനോദപരിപാടികള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത പ്രേക്ഷകപ്രാധാന്യം കായികമേളകള്‍ക്കാണ്. പക്ഷേ, ഇവയുടെ പ്രക്ഷേപണാവകാശം വന്‍കിട കോര്‍പ്പറേറ്റുകള്‍ മുന്‍കുട്ടി വാങ്ങി, പൊതുസേവന പ്രക്ഷേപണത്തിന് ലഭ്യമല്ലാതാക്കുന്നു. പാരീസ് ഒളിമ്പിക്‌സ് മേളയും ക്രിക്കറ്റ് മാച്ചുകളും ദേശീയചാനലുകള്‍ക്ക് പകരം സ്വകാര്യ ഡിജിറ്റല്‍ ചാനലുകളാണ് പ്രക്ഷേപണം ചെയ്തത്.
ആഗോളതലത്തില്‍ 234 രാജ്യങ്ങളിലായി 80,000‑ലേറെ ടെലിവിഷന്‍ ചാനലുകളാണ് ഇപ്പോള്‍ പ്രക്ഷേപണം നടത്തുന്നത്. അഞ്ചുകൊല്ലത്തിനുള്ളില്‍ 204 സ്വകാര്യചാനലുകള്‍ പ്രക്ഷേപണം നിര്‍ത്തിയതായാണ് കണക്കുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.