18 January 2026, Sunday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025

സിനിമയിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ‘പവർഗ്രൂപ്പ് ’

Janayugom Webdesk
തിരുവനന്തപുരം
August 19, 2024 10:49 pm

മലയാള സിനിമയിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന പവർഗ്രൂപ്പുണ്ടെന്നും അവർക്കെതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമയിൽ ‘മാഫിയ’ നിലനിൽക്കുന്നുണ്ട്. അവരുടെ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും അനുസരിച്ച് പ്രമുഖരായ സംവിധായകരെയോ നിർമ്മാതാക്കളെയോ അഭിനേതാക്കളെയോ മറ്റേതെങ്കിലും വ്യക്തിയെയോ വിലക്കുകയാണ് ചെയ്യുന്നത്. പവർ ഗ്രൂപ്പ്, കാരണം സിനിമാ മേഖലയില്‍ നിന്ന് തുടച്ചുനീക്കപ്പെടുന്നവരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമയെ ഭരിക്കുന്നത് ഒരു പ്രമുഖ നടന്‍ നയിക്കുന്ന മാഫിയ സംഘമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖ സംവിധായകരെയും നടന്മാരെയും വരെ ഇവര്‍ സിനിമയില്‍ നിന്ന് ഔട്ടാക്കാനും വിലക്കാനും ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

സംവിധായകനെതിരെ പരാതി പറയാൻ പോലും സിനിമയിൽ സ്ത്രീകൾക്ക് സാധ്യമല്ല. അങ്ങനെ പറഞ്ഞാൽ മിണ്ടാതെയിരിക്കാനും ‘അഡ്ജസ്റ്റ്’ ചെയ്യാനുമാണ് പറയുക. എന്നാൽ പുരുഷ സൂപ്പർസ്റ്റാറുകൾക്കോ, സംവിധായകർക്കോ പ്രൊഡ്യൂസർക്കോ എന്ത് വേണമെങ്കിലും ചെയ്യാമെന്നും ആരും അവരെ ഒന്നും പറയില്ലെന്നും റിപ്പോർട്ടിൽ മൊഴിയുണ്ട്. അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തുപറഞ്ഞാൽ സിനിമയിൽ ഇനിയൊരു അവസരം ലഭിക്കില്ലെന്ന് സ്ത്രീകൾ ഭയക്കുന്നുവെന്ന് മുതിർന്ന ഒരു നടിയുടെ മൊഴിയുമുണ്ട്. കൊച്ചിയില്‍ നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല.

പലരും മരണ ഭീതി മൂലം പരാതിപ്പെടുന്നില്ല. സിനിമയില്‍ അനധികൃത നിരോധനമുണ്ടെന്നും ചില സാക്ഷികൾ ചൂണ്ടിക്കാണിച്ചു. സിനിമയിലെ ശക്തനായ ഒരാളെ വ്രണപ്പെടുത്താൻ ഗുരുതരമായ ഒന്നും ആവശ്യമില്ലെന്നാണ് സാക്ഷി മൊഴി. ഉദാഹരണത്തിന്, ഒരു ലൈറ്റ് ബോയ് മുതിര്‍ന്ന വ്യക്തിയെ കണ്ടിട്ട് എഴുന്നേറ്റില്ല എങ്കില്‍ സിനിമയില്‍ നിന്ന് അവനെ പുറത്താക്കാൻ അത് മതിയാകും കാരണമെന്ന് ചില സാക്ഷികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈഗോയാണ് എല്ലാത്തിനും പ്രശ്നമെന്നും സാക്ഷി മൊഴി ചൂണ്ടിക്കാട്ടി ഹേമ കമ്മിറ്റിയില്‍ പറയുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകം സിനിമാ മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം സിനിമയില്‍ വ്യാപകമാണ്. മിക്കവരും മദ്യപിച്ചിട്ടാണ് സെറ്റിലെത്തുന്നതെന്ന് ഉന്നതനായ ഒരു സാക്ഷി പറഞ്ഞതായി റിപ്പോർട്ട് പറയുന്നു. മയക്കുമരുന്ന് ഉപയോഗവും മലയാള സിനിമയിൽ വ്യാപകമാണ്. ലഹരിക്കൊപ്പം സര്‍ഗാത്മകത ഉയരുമെന്നാണ് സാക്ഷിയുടെ വാദം. 

ഒരു നടിയെ ഷൂട്ടിങ്ങിന് വിളിച്ചപ്പോള്‍ ‘മൂഡ് ഓഫ്’ ആണെന്ന് പറഞ്ഞ് ഷൂട്ടിന് പോയിരുന്നില്ല. പലതവണ വിളിച്ചിട്ടും ചിത്രീകരണത്തിന് പോയില്ല. ഇതുമൂലം നിര്‍മ്മാതാവിന് പ്രതിദിനം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കാമുകനെ ഉപയോഗിച്ച് ഒരു പാട് നിർബന്ധിച്ചതിന് ശേഷമാണ് ഷൂട്ടിങ്ങിന് പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമ മേഖല പലപ്പോഴും രാത്രികളില്‍ പുരുഷന്മാര്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്ന പ്രത്യേകതരത്തിലുള്ള ബോയ്‌സ് ക്ലബ്ബ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയിലെ അഭിനയത്തിലായാലും സാങ്കേതിക ജോലിയിലായാലും പ്രധാന സ്ഥാനങ്ങളില്‍ അല്ലാത്തവര്‍ക്ക് മദ്യപാനികള്‍ കൂടുതല്‍ ഉള്ള സുരക്ഷിതമല്ലാത്ത ലോഡ്ജുകളില്‍ താമസസൗകര്യം നല്‍കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമകളുടെ സ്‌ക്രിപ്റ്റിനെക്കുറിച്ചോ ഭാവി പ്രോജക്ടുകളെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്ന പുരുഷന്മാര്‍ രാത്രിയില്‍ ദീര്‍ഘനേരം ഇരുന്ന് ചര്‍ച്ച ചെയ്യുന്നു. മിക്ക കേസുകളിലും ചര്‍ച്ച നടക്കുന്നത് മദ്യത്തെക്കുറിച്ചാണ്. അവര്‍ മദ്യപിച്ചാല്‍ സംഭാഷണം കൈവിട്ട് പോകുമെന്നും മദ്യപിച്ചതിനു ശേഷമുള്ള സംഭാഷണം എപ്പോഴും സിനിമയില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സംഭാഷണങ്ങള്‍ പിന്നീട് ലൈംഗികതയുമായി ബന്ധപ്പെട്ട അസഭ്യമായ തമാശകളിലേക്കും നീങ്ങുന്നു. ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് പലപ്പോഴും സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് യാത്ര ഏര്‍പ്പെടുത്താറുള്ളതെന്നും പ്രധാന അഭിനേത്രികൾക്കും അല്ലാത്തവര്‍ക്കും ഈ അനുഭവം ഉണ്ടാകാറുണ്ട്. രാത്രികളില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഹോട്ടലുകളിലേക്കും തിരികെയും ഇത്തരത്തില്‍ കൊണ്ടുപോകാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.