22 January 2026, Thursday

Related news

December 2, 2025
December 2, 2025
November 28, 2025
November 27, 2025
November 26, 2025
July 15, 2024
February 3, 2024
January 31, 2024
January 30, 2024
December 13, 2023

തോഷഖാന അഴിമതി കേസ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവ്, ഒരുലക്ഷം രൂപ പിഴയും

Janayugom Webdesk
ഇസ്‌ലാമാബാദ്
August 5, 2023 6:50 pm

അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം പാകിസ്ഥാനി രൂപ പിഴയും കോടതി വിധിച്ചു. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി അധിക ശിക്ഷ അനുഭവിക്കണം.

തോഷഖാന കേസില്‍ ഇമ്രാന്‍ കുറ്റക്കാരനാണെന്ന് ഇസ്ലാമാബാദ് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ഹെെക്കോടതി വിധിക്കെതിരെ ഖാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇളവ് കിട്ടിയില്ലെങ്കില്‍ അ‍ഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. നവംബറിലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

ലാഹോറിലെ വീട്ടില്‍ നിന്നാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. അവിടെ നിന്ന് ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയതായി പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. റാവല്‍പിണ്ടി സെന്‍ട്രല്‍ ജയിലേക്ക് അയയ്ക്കുമെന്നാണ് വിവരം. വിധി പ്രസ്താവിച്ചതിനു പിന്നാലെ ഇമ്രാന്റെ വസതിക്ക് പുറത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. മേയ് മാസത്തില്‍ ഇതേ കേസില്‍ ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ നേരത്തെ തയ്യാറാക്കി നൽകിയ വീ‍ഡിയോ പാര്‍ട്ടി പ്രവർത്തകർ പുറത്ത് വിട്ടു. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതാണെന്ന് പറഞ്ഞ ഇമ്രാൻ, പ്രവർത്തകർ സംയമനം പാലിക്കണമെന്നും വോട്ടിലൂടെ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വിറ്റെന്നാണ് ഇമ്രാന്‍ ഖാനെതിരെയുള്ള കേസ്. 2018 മുതൽ 22 വരെയുള്ള കാലഘട്ടത്തിൽ വിദേശ സന്ദർശനത്തിനിടെ ലഭിച്ചതും 140 ദശലക്ഷത്തിലധികം (635,000 ഡോളർ) വിലമതിക്കുന്നതുമായ സമ്മാനങ്ങളാണ് വിറ്റത്. രാഷ്ട്രത്തലവന്‍മാരില്‍ നിന്നും വിദേശത്ത് നിന്നും ലഭിച്ച സര്‍ക്കാര്‍ സമ്മാനങ്ങള്‍ നിയമവിരുദ്ധമായി വിറ്റതിന് പുറമെ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചുവെന്നും ആരോപിക്കുന്നു.
ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങളില്‍ ഒരു നിശ്ചിത മൂല്യത്തിൽ താഴെയുള്ളവ സൂക്ഷിക്കാൻ അനുവാദമുണ്ട്. അല്ലാത്തവ തോഷ്ഖാന എന്ന സംവിധാനത്തിലേക്ക് മാറ്റും. എന്നാല്‍, ഇമ്രാന്‍ ഖാന്‍ ഇവ നിയമവിരുദ്ധമായി വില്പന നടത്തി എന്നാണ് കേസ്. പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇമ്രാനെതിരെ ആദ്യം നടപടി എടുത്തത്. കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇമ്രാൻ നേരിട്ട് ഹാജരായ സാഹചര്യത്തിൽ വാറണ്ട് മരവിപ്പിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Ex-Pak­istan PM Imran Khan gets 3‑year jail in Toshakhana case, arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.