യൂറോപ്യൻ ഫുട്ബോളിൽ വിജയാരവങ്ങളും തകർച്ചയുടെ തേങ്ങലും അത്ഭുതങ്ങളുടെ പുത്തൻ നേട്ടങ്ങളും പെയ്തിറങ്ങുന്ന മൈതാനങ്ങൾ കാത്തിരിപ്പിന്റെ ദിനങ്ങൾക്ക് ചൂട് പകരുകയാണ്. കളിയിലെ കേമന്മാരും ലോക പ്രശസ്തരുമായ താരങ്ങളെ പുതിയ പടയാളികൾ വരവരഞ്ഞു നിർത്തുന്ന കാഴ്ചകൾ വിസ്മയകരമാണ്. ചാമ്പ്യൻസ് ലീഗിലും യൂറോപ്പയിലും ക്വാർട്ടർ ഫൈനലിന്റെ ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ പോരാട്ടത്തിന്റെ ആവേശപ്പൂരങ്ങളാണ് ആരാധകരെ രസാനുഭൂതിയിലെത്തിച്ചത്. ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർ തമ്മിലുള്ള മൂപ്പിളമതർക്കം പോലെയാണ് തോന്നുക. ആദ്യലെഗ്ഗ് മത്സരങ്ങളുടെ സൂക്ഷ്മനിരീക്ഷണം നടത്തിയപ്പോൾ രണ്ടാം മത്സരം ആർക്കെല്ലാം അനുകൂലമാകുമെന്ന് പ്രവചിച്ചു കഴിഞ്ഞു. ബാഴ്സ ഡോർട്ട്മുണ്ടിനെ കടന്ന് സെമിലെത്തുമെന്നാണ് നിരീക്ഷണം. കാരണം ആദ്യ മത്സരത്തിലെ മികവും നിറം മങ്ങിയ കളിക്കാരുടെ ഊർജസ്വലതയും അവരുടെ വിജയം ഉറപ്പിക്കാം. എന്നാൽ ആഴ്സണൽ, റയൽ മാഡ്രിഡ് മത്സരം ആദ്യ കളിയിലെ നേട്ടത്തിന്റെ ബലത്തിൽ കണക്കാക്കാമോ, ആഴ്സണൽ കാൽഡസൻ ഗോളിനാണ് ജയിച്ചത്. എന്നാൽ എത്രഗോളും എതിരാളികളുടെ കളത്തിൽ നിക്ഷേപിക്കാൻ കരുത്തുള്ള റയലിനെ ആദ്യ ജയത്തിന്റെ കരുത്തിൽ തടഞ്ഞു നിർത്താൻ ആഴ്സണലിന് കഴിയുമോയെന്ന് കണ്ടു തീരുമാനിക്കേണ്ടിവരും. ഇന്റർ മിലാനും ബയേൺ മ്യൂണിക്കും തമ്മിലുള്ള ആദ്യ മത്സരത്തിൽ മിലാൻ മുന്നിലാണ്. എന്നാൽ ബയേൺ പരിചയ സമ്പന്നതയുടെ കൂട്ടമാണ്. പിഎസ്ജി, ആസ്റ്റൺ വില്ലയുമായുള്ള കളിയിൽ നിരീക്ഷകവാദം ശരിയാകാം. എന്തായാലും യൂറോപ്യൻ ഫുട്‌ബോളിലെ ദേശവഴക്കും പകരം വീട്ടലുമെല്ലാം കളിയുടെ വിവിധ തലങ്ങളിൽ കാണുവാനും വിജയം നേടിയെടുക്കാനും കളിക്കാരും പരിശീലകന്മാരും ക്ലബ്ബുകളും തല പുകഞ്ഞാലോചിക്കുന്ന ഇടവേളയിലാണ് രണ്ടാം ലെഗ്ഗ് നടക്കുന്നത്. ഇതിലെല്ലാം കളിച്ചു തെളിഞ്ഞു വരുന്ന കളിക്കാർക്ക് വേണ്ടിയും താരമാർക്കറ്റിൽ വലിയ ഡിമാന്റ് വരും.
യുവേഫ മത്സരങ്ങളും ഇതുപോലെതന്നെയാണ്. ആദ്യ ലെഗ്ഗ് കഴിഞ്ഞപ്പോൾ മൂന്നു മത്സരങ്ങൾ സമനിലയും ഒന്നിൽ മാത്രം ഒരുജോഡി ഗോളിന്റെ ലീഡിൽ നിൽക്കുകയുമാണ്. ബോഡോ ഗ്ലിന്റാണ് ഒരു ജോഡി ഗോളിന്റെ ലീഡ് നേടിയത്. ലാസിയോ ആണ് എതിരാളികൾ. അത്‌ലറ്റിക് ക്ലബ്ബും റെയിഞ്ചേഴ്സും ഗോൾരഹിത സമനിലയായിരുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡും ലിയോണും നാലുഗോളുകൾ തുല്യമായി പങ്കവച്ചാണ് മടങ്ങിയത്. ടോട്ടൻഹാമും ഫ്രാങ്ക്ഫർട്ടും ഒന്നുവീതം നേടി തുല്യത പാലിച്ചു. സെമി ബർത്ത് ആരുടെയെല്ലാം മുന്നിലാണ് എത്തുന്നതെന്ന് പ്രവചിക്കുന്നത് അസാധ്യമാണ്. യൂറോപ്യൻ ഫുട്ബോളിലെ വ്യത്യസ്ത മത്സര പരമ്പരകൾ കളിക്കാരുടെ വിശ്രമത്തെ ബാധിക്കുമെന്നും അത് പ്രകടനത്തിനെ കുഴയ്ക്കുമെന്നും ചർച്ചകൾ നിലവിലുണ്ട്. ഓരോകളി കഴിയുംമ്പോഴും വിശ്രമം അത്യാവശ്യമാണ്. പക്ഷെ അടുത്ത കളിനടക്കുന്നത് മറ്റൊരു ടൂർണമെന്റിലാണല്ലോ. അതിനിടയിലാണ് ലോകകപ്പ് ക്വാളിഫയിങ് മത്സരങ്ങൾ. ഇവയെല്ലാം കളിച്ചു വരുന്ന കളിക്കാർക്ക് പരിക്ക് കൂടി വന്നാൽ ടീമുകളുടെ കണക്കുകൾ പിഴയ്ക്കും, എല്ലാം താളം തെറ്റും. ആദ്യപാദത്തിലെ കളിയുടെ റിസൾട്ട് നോക്കി ഇപ്പോൾ ലീഡുള്ളവർ ജയിക്കുമെന്നും തോറ്റവർ വീണ്ടും തോൽക്കുമെന്നും കരുതരുത്. പലടീമുകളും ആദ്യ തോൽവിയിൽ നിന്ന് വിജയത്തിലേക്ക് വഴിവെട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് നിരവധി തോൽവിയും ജയവും നേരിട്ടവരാണിവർ. റയൽ മാഡ്രിഡിന്റെ കാര്യം തന്നെയെടുക്കാം. ലോകം ശ്രദ്ധിക്കുന്ന താരനിരയുള്ളവരും എതിരാളികളുടെ ഏതടവിനെയും വെല്ലുവാൻ കഴിയുന്ന പരിചയസമ്പന്നരുമാണ്. കളിയിൽ മൂന്നു ഗോളിന് തോറ്റു പുറത്തിറങ്ങുമ്പോൾ താരങ്ങൾക്ക് നേരെ വലിയ പരിഹാസമോ, എതിരാളികളുടെ വിജയാഘോഷമോ കണ്ടില്ല. തോൽവിക്ക് ശേഷം എംബാപ്പെയുടെയും വിനീഷ്യസിന്റെയും പ്രതികരണം ഇങ്ങനെയായിരുന്നു. 90 മിനിറ്റ് കളി ഇനിയും ബാക്കിയില്ലെ. മറുപടി ഗ്രൗണ്ടിൽ തന്നെ കാണിക്കാം. ശക്തമായ നാല് മുൻനിര താരങ്ങളുള്ള റയൽ മാഡ്രിഡ് ഗോൾ മഴയിൽ മുങ്ങിപ്പോയതാണ്. എംബാപ്പെയും വിനീഷ്യസും റോഡ്രിഗോയും ബെല്ലിങ്ഹാമും ഏത് ഡിഫൻസിനെയും പിച്ചിച്ചീന്തുന്ന പടക്കുതിരകളാണ്. ബാഴ്സയാണ് നന്നായി മുന്നേറിയത്. ബാഴ്സയുടെ പഴയ കരുത്ത് ഇപ്പോഴും പിന്തുടരുന്നതായാണ് തോന്നുന്നത്. ഇപ്പോൾ തന്നെ ലെവൻഡോവ്സ്കി, റാഫിഞ്ഞ, യാമിൽ യമാൻ എന്നിവർ ഈ സീസണിൽ നടത്തിയ പ്രകടനം ബാഴ്സയുടെ വിജയവീഥി കണ്ടെത്തുകയാണ്. ഈ ത്രിമൂർത്തികൾ ഈ സീസണിൽ 80 ഗോളാണ് എതിരാളികളുടെ വലയിൽ അടിച്ചു കയറ്റിയത്. കൂടെ 40 അസിസ്റ്റും ഇവരുടെ വകയാണ്. ഇനി വരുന്ന മത്സരങ്ങൾ കടുത്തതാകും. അവയെ നേരിടാനുള്ള ഉൾക്കരുത്തും കളിക്കാരെ ശക്തരാക്കും.
ഇന്ത്യൻ ഫുട്‌ബോളിൽ പുതിയ ചലനങ്ങൾക്ക് അടിത്തറയൊരുങ്ങുകയാണ്. ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകൾ മാറ്റുരക്കുന്ന കലിംഗ സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് ഈ മാസം 20 മുതൽ ഭുവനേശ്വറിൽ കലിംഗ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മേയ് മൂന്നിന് മത്സരങ്ങൾ സമാപിക്കും. 13 ഐഎസ്എൽ ക്ലബ്ബുകളും മൂന്ന് ഐ ലീഗ് ക്ലബ്ബുകളുമാണ് ഏറ്റുമുട്ടുന്നത്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും നേരിടും. നോക്കൗട്ടടിസ്ഥാനത്തിലാണ് മത്സരങ്ങൾ. തോറ്റവർ പുറത്താകുമ്പോൾ നടക്കുന്നത് ജീവൻ മരണ പോരാട്ടമാകും. ഐഎസ്എല്ലിൽ പരസ്പരം കളിച്ച പരിചയം മത്സരങ്ങളുടെ ആവേശം ഉയർത്തും. കേരളത്തിൽ നിന്നും ബ്ലാസ്റ്റേഴ്സും ഗോകുലവും രംഗത്തുണ്ട്. പുതിയ കോച്ചിന്റെ പരിശീലന മേന്മയും കളിയിൽ പ്രതിഫലിക്കാം. ഈസ്റ്റ് ബംഗാൾ പഴയ പടക്കുതിരകളാണ്, മുൻ ചാമ്പ്യന്മാരുമാണ്. പുതിയ ടീമും നിസാരക്കാരല്ല. ഗോകുലവും പോരാട്ടത്തിൽ മോശക്കാരല്ല. കേരളത്തിന്റെ ഫുട്‌ബോൾ വീര്യം പ്രകടിപ്പിക്കുവാൻ കലിംഗയിൽ ബ്ലാസ്റ്റേഴ്സും ഗോകുലവും ശ്രമിക്കുമെന്ന് പ്രത്യാശിക്കാം.
ഇന്ത്യൻ ഫുട്‌ബോളിലെ പഴയപാരമ്പര്യം നിലനിർത്തിക്കൊണ്ട് ഐഎസ്എൽ കിരീടം നേടിയെടുത്ത മോഹൻ ബഗാൻ സ്വന്തം യശസ് ഒരുപാട് ഉയർത്തിയിരിക്കുന്നു. പഴയകാലത്തെ ഇന്ത്യൻ ഫുട്‌ബോൾ പാരമ്പര്യത്തിന് അടുത്തെത്തുന്ന പ്രകടനമാണ് ബഗാൻ നടത്തിയത്. ഇന്ത്യൻ ഫുട്‌ബോളിൽ ആദ്യകാല ക്ലബ്ബും ബ്രിട്ടീഷുകാരെ തോല്പിച്ച് ഐഎഫ്എ ഷീൽഡ് ഉയർത്തിപ്പിടിച്ചവരുമായ ബഗാന്റെ ആധിപത്യത്തിന് ഇടക്കാലത്തുണ്ടായ മങ്ങൽ ഫുട്‌ബോൾ രംഗത്ത് സജീവ ചർച്ചയായിരുന്നു. ഇപ്പോൾ പുതിയ പേരിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ചേർന്നത് നന്നായി ഗുണം ചെയ്തെന്ന് ഐഎസ്എൽ രണ്ടാം കിരീടം വിളിച്ചറിയിക്കുന്നു. രണ്ടു വർഷം മുമ്പ് കിരീടം നേടിയതും ബംഗളൂരുവിനെ കീഴടക്കിയാണ്. പക്ഷെ ഇത്തവണ ഇരട്ട കിരീടമാണ് ബഗാന്റെ നേട്ടം. ഗോയങ്ക ഗ്രൂപ്പിന്റെ സ്പോൺസർഷിപ്പിൽ കളിക്കുന്ന ബഗാനിൽ മലയാളികളുടെ പ്രാതിനിധ്യം എല്ലാകാലത്തും കൂട്ടിനുണ്ടായിരുന്നു. ചാത്തുണ്ണിയേട്ടൻ ബഗാന്റെ വിശ്വസ്ത ഡിഫൻഡറും ഐ എം വിജയൻ അവരുടെ മുൻനിര പടയാളിയുമായിരുന്നു. പേരുകൾ എഴുതിയാൽ തീരില്ല. കൊൽക്കത്ത ഇന്ത്യൻ ഫുട്‌ബോളിലെ മക്കയും, കേരളം കളിത്തൊട്ടിലുമാണ്. ഇത്തവണ ഇരട്ട കിരീടം സ്വന്തമാക്കുമ്പോൾ ആഷിക് കരുണിയനും സഹൽ അബ്ദുൽ സമദും താരനിരയിൽ പ്രധാനികളാണ്. ഐഎസ്എല്ലിന് തിരശീലവീണപ്പോൾ ബംഗാളിനോടൊപ്പം തന്നെ ബംഗളൂരുവും, നോർത്ത് ഈസ്റ്റും പ്രാഗൽഭ്യം പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്. ലോകഫുട്ബോൾ ഭൂപടത്തിൽ ഇന്ത്യൻ റാങ്ക് താഴ്ന്നുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഇന്ത്യയുടെ ചലനങ്ങൾ എങ്ങനെയുണ്ടെന്ന് പരിശോധിക്കാൻ വേണ്ടപ്പെട്ടവർ തയ്യാറാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.