27 January 2026, Tuesday

നായ്ക്കളെവച്ച് പരീക്ഷണം, ദുർഗന്ധം: ഡൽഹിയിലെ രോഹിണി വന്ധ്യംകരണ കേന്ദ്രത്തിന് പുറത്ത് പ്രതിഷേധം

Janayugom Webdesk
ന്യൂഡൽഹി
August 23, 2025 6:34 pm

ഡൽഹി രോഹിണിയിലെ തെരുവു നായ്ക്കൾക്കായുള്ള വന്ധ്യംകരണ കേന്ദ്രത്തിനു പുറത്ത് പ്രതിഷേധം. രോഹിണിയിലെ സെക്ടർ 27ൽ സ്ഥിതി ചെയ്യുന്ന എ.ബി.സി ഷെൽട്ടറിനുള്ളിൽ നായ്ക്കൾക്കെതിരെ ക്രൂരത കാണിച്ചതായി വളണ്ടിയർമാർ ആരോപിച്ചു. ഷെൽട്ടറിനുള്ളിൽ നിന്നുള്ള നായ്ക്കളുടെ വിഡിയോയും അവർ പങ്കിട്ടു. ഷെൽട്ടറിനുള്ളിലെ നായ്ക്കളെ ഉദ്യോഗസ്ഥർ കൊല്ലുന്നുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

പുറത്തുവന്ന വിഡിയോകളിലൊന്നിൽ, ഉദ്യോഗസ്ഥർ നായ്ക്കളിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന് ഒരു നായ പ്രേമി ആരോപിക്കുന്നു. വന്ധ്യംകരണ ഷെൽട്ടറിന്റെ അവസ്ഥ ദയനീയമാണെന്നും കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. നായ ഇറച്ചിയുടെ കച്ചവടം നടത്തുന്നതായും ഇതിൽ അവിടുത്തെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ഒരു ആക്ടിവിസ്റ്റ് അവകാശപ്പെട്ടു. ബഹളത്തെ തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് വിന്യാസം ഏർപ്പെടുത്തി. പൊലീസ് തങ്ങൾക്കെതിരെ ബലപ്രയോഗം നടത്തിയതായി ചില വളണ്ടിയർമാരും അവകാശപ്പെട്ടു.

രോഹിണിയിലെ നായ സംരക്ഷണ കേന്ദ്രം മാത്രമല്ല, മറിച്ച് ഡൽഹിയിലെ എല്ലാ നായ സംരക്ഷണ കേന്ദ്രങ്ങളുടെയും അവസ്ഥ ദയനീയമാണെന്നും മൃഗസംരക്ഷണ പ്രവർത്തകനായ സാംക്ഷേ ബാബർ ആരോപിച്ചു. രോഹിണി ഷെൽട്ടർ ഹോമിലെ 103 നായ്ക്കളെ മോചിപ്പിച്ചതായും ഇയാൾ അവകാശപ്പെട്ടു.

ആഗസ്റ്റ് 11ന് ഡൽഹി-എൻ.സി.ആറിലെ എല്ലാ തെരുവ് നായ്ക്കളെയും ഷെൽട്ടറുകളിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉത്തരവു വന്ന ദിവസം രോഹിണിയിലെ നായ സംരക്ഷണ കേന്ദ്രത്തിനു പുറത്ത് ആക്ടിവിസ്റ്റുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.