സംസ്ഥാനത്തിന്റെ ആദ്യ കയറ്റുമതി നയം കയറ്റുമതിമേഖലയ്ക്ക് വന്‍കുതിപ്പേകും. രണ്ട് മാസത്തിനുള്ളില്‍ കയറ്റുമതി നയം പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമായും ആധുനിക വ്യവസായങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മെഡിക്കൽ ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ് മേഖലകളിലെ ആഗോള കമ്പനികളുടെ സംഭരണശാല, അസംബ്ലിങ് സെന്ററുകൾ എന്നിവ എത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കും. വിമാനത്താവളങ്ങളോട് ചേർന്ന് കയറ്റുമതി ഉല്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കും സംഭരണത്തിനുമുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കും.
നിലവില്‍ കേരളത്തിൽ നിന്നുള്ള ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുന്നുണ്ട്. ഇത് തുടരുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമായി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ രൂപീകരിക്കും. വ്യവസായ‑വാണിജ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രം ഓഫിസുകളിലും കയറ്റുമതി പ്രോത്സാഹന കാര്യങ്ങൾക്ക് മാത്രമായി നോഡൽ ഓഫിസർമാരെ നിയമിക്കും.
ആരോഗ്യ രക്ഷാ ഉപകരണ മേഖലയിൽ ബഹുരാഷ്ട്ര കമ്പനികളാണ് വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്നതെന്നതിനാൽ ഈ രംഗത്തെ പ്രധാന സ്ഥാപനങ്ങളെ കേരളത്തിൽ എത്തിച്ചാൽ ഇവിടെ നിന്നുള്ള കയറ്റുമതിയും വർധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് സാധ്യമാക്കുന്നതിന് ഈ മേഖലയിലെ പ്രധാന കമ്പനികളുമായി കൂടിക്കാഴ്ചയ്ക്ക് പരിപാടി തയ്യാറാക്കും. ഒപ്പം തന്നെ ഇലക്ട്രോണിക്സ് മേഖലയിലും പ്രധാന ആഗോള കമ്പനികളെയും ഘടക ഉല്പന്നങ്ങളുടെ വിതരണക്കാരെയും കേരളത്തിലേക്ക് എത്തിക്കാനും പ്രത്യേക പരിപാടി തയ്യാറാക്കും.
സിംഗപ്പൂർ മാതൃകയിൽ പ്രധാന ആഗോള കമ്പനികളുടെ സംഭരണശാലകള്‍ കേരളത്തിൽ ആരംഭിക്കാനായിരിക്കും ശ്രമിക്കുക. സമുദ്രോല്പന്ന കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ആലപ്പുഴയിലെ ഫാക്ടറികളുടെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി ചന്തിരൂരിൽ പുതിയ എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള 16 കോടി രൂപയുടെ പദ്ധതിക്ക് ഇതിനോടകം തന്നെ സിഡ്ബി ധനസഹായം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി അക്വാ കൾച്ചർ രംഗത്തെ സാധ്യതകളും ഉപയോഗിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.