23 January 2026, Friday

എക്സ്‌പോസാറ്റ് ഇന്ന് കുതിക്കും: കേരളത്തിന് അഭിമാനമായി വിസാറ്റും ഇന്ന് ഭ്രമണപഥത്തിലേക്ക്

Janayugom Webdesk
ബംഗളുരു
January 1, 2024 8:59 am

പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഇന്ത്യയുടെ ആദ്യത്തെ പൊളാരിമെട്രി ദൗത്യം എക്സ്‌പോസാറ്റ് ഇന്ന് കുതിച്ചുയരും. ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമാണ് എക്സ്‌പോസാറ്റ്. രാവിലെ 9.10നാണ് എക്സ്‌പോസാറ്റിനെയും വഹിച്ചുകൊണ്ട് ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്പേസ്‌ സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും പിഎസ്എല്‍വി-സി58 കുതിച്ചുയരുക. 

തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ, നെബുലകൾ, പൾസാറുകൾ തുടങ്ങിയവയെപ്പറ്റി സൂക്ഷ്‌മമായി പഠിക്കുകയാണ്‌ ലക്ഷ്യം. ഇത്തരത്തില്‍ ലോകത്തിലെ രണ്ടാമത്തെ ദൗത്യം കൂടിയാണിത്. ഇതിന് മുമ്പ് 2021 ല്‍ നാസ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തിനായി പ്രത്യേക പേടകം ബഹിരാകാശത്തെത്തിച്ചിരുന്നു.
21 മിനിറ്റുകള്‍കൊണ്ട് 469 കിലോഗ്രാം ഭാരമുള്ള എക്സ്പോസാറ്റ് ഉപഗ്രഹം 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കും. 25 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണിന് ഇന്നലെ രാവിലെ 8.10 ന് തുടക്കം കുറിച്ചു. അഞ്ചു വർഷമാണ്‌ എക്സ്പോസാറ്റിന്റെ കാലാവധി. ഇതിനൊപ്പം തിരുവനന്തപുരം എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമണിലെ വിദ്യാർത്ഥിനികൾ ഒരുക്കിയ വീസാറ്റ് അടക്കം മറ്റ് 10 ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തിലെത്തിക്കും. പിഎസ്എല്‍വിയുടെ 60-ാം വിക്ഷേപണ ദൗത്യം കൂടിയാണിത്. 

പോളിക്സ് (പോളാരിമീറ്റര്‍ ഇന്‍സ്ട്രുമെന്റ് ഇന്‍ എക്സ്-റേസ്) ആണ് പ്രധാന പേലോഡ്. പ്രപഞ്ചത്തിലെ എക്സ്-റേ സ്രോതസുകളുടെ സ്‌പെക്ട്രല്‍, ധ്രുവീകരണ സവിശേഷതകള്‍ പഠിക്കാന്‍ ഇത് എക്‌സ്‌പോസാറ്റിനെ പ്രാപ്തമാക്കുന്നു. 8–30 കെഇവിയുടെ ഇടത്തരം എക്സ്-റേ ഊര്‍ജ ശ്രേണിയാണ് പഠനവിധേയമാക്കുക. അഞ്ചു വര്‍ഷംകൊണ്ട് വിവിധ വിഭാഗങ്ങളിലെ 40 ജ്യോതിശാസ്ത്ര സ്രോതസുകൾ പോളിക്സ് നിരീക്ഷിക്കും.
എക്സ്എസ്‌പെക്റ്റ് (എക്സ്-റേ സ്‌പെക്ട്രോസ്‌കോപ്പി ആന്റ് ടൈമിങ്) ആണ് രണ്ടാമത്തെ പേലോഡ്. ഇത് 0.8–15 കെഇവി ഊര്‍ജശ്രേണിയിലുള്ള സ്‌പെക്ട്രോസ്‌കോപ്പിക് വിവരങ്ങള്‍ നല്‍കും. എങ്ങനെയാണ് പ്രകാശം ആഗിരണം ചെയ്യപ്പെടുന്നതെന്നും മറ്റുമുള്ള വസ്തുതകളിലേക്ക് ഇത് വെളിച്ചം വീശും.
എക്സ്-റേ പൾസാറുകൾ, ബ്ലാക്ക്ഹോൾ ബൈനറികൾ, ന്യൂട്രോൺ നക്ഷത്രങ്ങള്‍ തുടങ്ങി നിരവധി തരം സ്രോതസുകളെ ഇത് നിരീക്ഷണ വിധേയമാക്കും.

Eng­lish Sum­ma­ry: Exposat to launch today: Ker­ala’s pride, Visat to orbit today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.