29 September 2024, Sunday
KSFE Galaxy Chits Banner 2

അതിതീവ്ര സാമ്പത്തിക കടന്നാക്രമണം

കെ എന്‍ ബാലഗോപാല്‍
ധനകാര്യ വകുപ്പ് മന്ത്രി
November 11, 2023 4:15 am

മാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ് ഇടതുമുന്നണി തുടര്‍സർക്കാർ മുന്നോട്ടുപോകുന്നത്. ഓണക്കാലത്തുമാത്രം 18,000 കോടി രൂപയാണ് ഖജനാവിൽനിന്ന് ജനങ്ങളിലേക്ക് എത്തിയത്. തുടർന്നും അവശ്യച്ചെലവുകളെല്ലാം നിറവേറ്റുന്നു. ട്രഷറി പ്രവർത്തനം ഒരു ദിവസവും സ്തംഭിച്ചിട്ടില്ല. ബില്ലുകൾ മുൻഗണനാ ക്രമത്തിൽ മാറിനൽകുന്നു. രണ്ടുമാസത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് 2,223 കോടി രൂപ നൽകി. റബ്ബർ കർഷക സബ്സിഡി, നാളികേര സംഭരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെല്ലാം സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. നെല്ല് സംഭരണത്തിനായി 700 കോടിയിൽപ്പരം രൂപയാണ് സപ്ലൈകോയ്ക്ക് ലഭ്യമാക്കിയത്. കൃത്യമായ സംഭരണത്തിന് ക്രമീകരണങ്ങളുമായി.

കേന്ദ്രാവിഷ്കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവയ്ക്കുന്ന തുകയും സംസ്ഥാനം മുൻകൂറായി നൽകുകയാണ്. ദേശീയ ആരോഗ്യ മിഷന് 50 കോടി, കാരുണ്യ ബെനവലന്റ് സ്കീമിന് 60 കോടി തുടങ്ങി ചെറുതും വലുതുമായ പല പദ്ധതികൾക്കും കഴിഞ്ഞ മാസങ്ങളിൽ ധനാനുമതി നൽകി. കെഎസ്ആർടിസിക്ക് ഈ ആഴ്ചയിൽ അനുവദിച്ചത് 100 കോടിയാണ്. രണ്ടരവർഷത്തിൽ ആകെ സഹായം 4,833 കോടിയായി. ക്ഷേമ പെൻഷനുവേണ്ടി ഈ സർക്കാർ ഇതുവരെ വകയിരുത്തിയത് 23,350 കോടിയാണ്. ഒരു മാസത്തെ ക്ഷേമ പെൻഷനായി 900 കോടിയും നീക്കിവച്ചു. 2016ലെ സർക്കാർ അഞ്ചുവർഷത്തിൽ 35,145 കോടിയാണ് നൽകിയത്.


ഇതുകൂടി വായിക്കൂ: ജനകീയ സര്‍ക്കാര്‍ ജനങ്ങളിലേക്ക്


പരമ്പരാഗത മേഖലയിലെ വരുമാനസഹായ പദ്ധതിക്ക് 183 കോടിയും, ഖാദിക്ക് 181 കോടിയും, കയറിന് 343 കോടിയും, കശുവണ്ടിയ്ക്ക് 190 കോടിയും, കരകൗശലത്തിന് 10 കോടിയും നൽകി. സ്കൂൾ പാചകത്തൊഴിലാളികളുടെ നവംബർ വരെയുള്ള വേതനം നൽകി. വല്ലാത്ത ഞെരുക്കമുണ്ടെങ്കിലും സംസ്ഥാനത്ത് ചെലവുകൾ വെട്ടിച്ചുരുക്കുകയല്ല, വർധിപ്പിക്കുകയാണ്. 2020–21ൽ സംസ്ഥാനത്തിന്റെ റവന്യു ചെലവ് 1,19,930 കോടിയായിരുന്നു. 2021–22ൽ 1,41,950 കോടിയും കഴിഞ്ഞവർഷം 1.43,129 കോടിയുമായിരുന്നു. ശമ്പള പരിഷ്കരണം അടക്കം നടപ്പാക്കിയതിലൂടെ സർക്കാർ ചെലവ് ഉയർത്തുമ്പോഴും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അർഹതപ്പെട്ട പണം തരുന്നില്ല. കേന്ദ്രത്തില്‍ നിന്ന് അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടിവരുന്നത്. ജിഎസ്‌ടിയിൽ സംസ്ഥാനങ്ങൾക്ക് വലിയ നികുതി അധികാരങ്ങളില്ല. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി അത് ചുരുങ്ങി. ജിഎസ്‌ടി നിരക്കിൽ തട്ടുകൾ നിശ്ചയിച്ചതും, റവന്യു നൂട്രൽ നിരക്ക് കുറച്ചതും കേരളത്തിന്റെ വരുമാനത്തിന് തിരിച്ചടിയായി. ഈ വർഷം കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുവാദത്തിലും 57,400 കോടി രൂപ കുറയും. വായ്പാനുമതിയിൽ 19,000 കോടി നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്റിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8,400 കോടി കുറഞ്ഞു. ജിഎസ്‌ടി നഷ്ടപരിഹാരം 12,000 കോടിയോളം ഇല്ലാതായി. നികുതി വിഹിതം 3.58 ശതമാനത്തിൽനിന്ന് 1.925 ശതമാനമായി കുറച്ചതിലുടെ 18,000 കോടിയാണ് വരുമാനനഷ്ടം.

കേന്ദ്ര സർക്കാരിന് നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് കേന്ദ്ര ധനകാര്യ കമ്മിഷൻ തീർപ്പിന്റെ അടിസ്ഥാനത്തിൽ നികുതി വിഹിതമായി സംസ്ഥാനങ്ങൾക്ക് നൽകുന്നത്. പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേന്ദ്രത്തിന് ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ടതുള്ളു എന്ന് നിര്‍ദേശിച്ചു. ഇതിന്റെ 1.925 ശതമാനമാണ് കേരളത്തിന് അനുവദിക്കുന്നത്. കേരളത്തിനകത്തുനിന്ന് കേന്ദ്രം പിരിച്ചെടുക്കുന്ന തുകയിൽനിന്ന് ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന് അർഹതപ്പെട്ട തുകയാണിത്. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കുകയോ കുടിശിക വരുത്തുകയോ ചെയ്തിട്ടുണ്ട്. ദേശീയപാത വികസനത്തിന് ഭൂമിയുടെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന് കേരളത്തോടുമാത്രം കേന്ദ്രം നിർബന്ധം പിടിച്ചു. കിഫ്ബി വഴി സമാഹരിച്ച 5,580 കോടി രൂപയാണ് കേന്ദ്രത്തിന് കൈമാറിയത്. ഈ തുകയും സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശത്തിൽനിന്ന് വെട്ടിക്കുറയ്ക്കുകയായിരുന്നു കേന്ദ്രം.


ഇതുകൂടി വായിക്കൂ: പ്രധാനമന്ത്രിയുടെ പ്രസ്താവന പട്ടികജാതിക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍


കിഫ്ബിയും ക്ഷേമ പെൻഷൻ കമ്പനിയും സമാഹരിക്കുന്ന തുകയും, 2017 മുതൽ ട്രഷറി സേവിങ്സ്, പിഎഫ് നിക്ഷേപം എന്നിങ്ങനെ പൊതുകണക്കിൽ വന്നതുകയും പൊതുകടമായി കണക്കാക്കുകയാണ് കേന്ദ്രം. ഇത്തരം വായ്പകൾ സംസ്ഥാനത്തിന്റെ കടത്തിന്റെ ഭാഗമാക്കുമെന്ന് തീരുമാനിച്ചശേഷം, മുൻകാല പ്രാബല്യം നൽകി ഈ വർഷത്തെ കടമെടുപ്പ് അവകാശത്തിൽനിന്ന് കുറയ്ക്കുന്നത് വിചിത്രമായ നടപടിയാണ്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരം വിവേചനങ്ങൾ നേരിടേണ്ടിവരുന്നില്ല. സമാന സ്വഭാവത്തിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എടുത്ത 12 ലക്ഷത്തിലേറെ കോടി രൂപയുടെ കടം കേന്ദ്ര സർക്കാരിന്റെ കടക്കണക്കിൽ ഉൾപ്പെടുത്തുന്നുമില്ല. ഇക്കാര്യങ്ങൾ തുറന്നുപറയുമ്പോൾ കേരളം വലിയ കടക്കെണിയിൽ എന്ന വാദം ഉയർത്താനാണ് ചിലർ ശ്രമിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം കടമെടുത്തത് ജിഡിപിയുടെ 6.8 ശതമാനം. സംസ്ഥാനത്തിന് അനുവദിച്ചത് 2.5 ശതമാനവും. കഴിഞ്ഞവർഷം കേരളത്തിന്റെ റവന്യുകമ്മി 0.9 ശതമാനത്തിലെത്തി. ഒരു ശതമാനത്തിൽ താഴെ റവന്യുക്കമ്മി എത്തിക്കാനായത് ചരിത്രനേട്ടമാണ്. ഇതെല്ലാം ധനക്കമ്മിഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്റെ ധനദൃഢീകരണ പ്രവർത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്. കടമെടുക്കുക എന്നത് തെറ്റായ കാര്യമല്ല. വികസിത രാജ്യങ്ങൾക്കുള്‍പ്പെടെ ആഭ്യന്തര വരുമാനത്തിന്റെ നല്ലൊരു പങ്ക് കടമാണ്. ജിഡിപിയുടെ 58 ശതമാനത്തോളം കടമുള്ള രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ മാർച്ച് വരെ കേന്ദ്രത്തിന്റെ ആകെ കടം 157 ലക്ഷം കോടി രൂപയാണ്. 2020–21ൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദന(ജിഡിപി)ത്തിന്റെ 90 ശതമാനമാണ് സർക്കാരുകളുടെ കടം എന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 65 ശതമാനം കേന്ദ്ര സർക്കാരിന്റേതാണ്.


ഇതുകൂടി വായിക്കൂ: പ്രവാസികളോട് കരുതലുള്ള സർക്കാർ: മന്ത്രി ചിഞ്ചു റാണി


കേന്ദ്രം പുറത്തുവിട്ട അവസാന കണക്കനുസരിച്ച് തമിഴ്‌നാടിന്റെ കടം 7.54 ലക്ഷം കോടിയാണ്. യുപി 7.10 ലക്ഷം കോടി, മഹാരാഷ്ട്ര 6.80 ലക്ഷം കോടി, പശ്ചിമ ബംഗാള്‍ 6.08 ലക്ഷം കോടിയും രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്കെല്ലാം അഞ്ചുലക്ഷം കോടിക്കു മുകളിലുമാണ് കടമുള്ളത്. ഫെഡറൽ ധനവ്യവസ്ഥയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾ കേരളത്തെ വലിയതോതിലാണ് ബുദ്ധിമുട്ടിക്കുന്നത്. പതിനഞ്ചാം ധനക്കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ചെലവിന്റെ 62.4 ശതമാനം സംസ്ഥാനങ്ങളാണ് നിർവഹിക്കുന്നത്. കേന്ദ്രത്തിന്റെ ബാധ്യത 37.6 ശതമാനംമാത്രം. എന്നാൽ, വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രം കയ്യാളുന്നു. സംസ്ഥാനങ്ങൾക്ക് 37.8 ശതമാനം മാത്രം. സംസ്ഥാന റവന്യു വരുമാനത്തിലെ കേന്ദ്ര വിഹിതം 2020–21ൽ 44 ശതമാനമായിരുന്നു. കഴിഞ്ഞവർഷം 29 ശതമാനമായി. ഈ വർഷം സെപ്റ്റംബർ വരെ മൊത്തം ചെലവിന്റെ 18 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. സംസ്ഥാനത്തിന്റെ ആകെ റവന്യു വരുമാനമായ 45,540 കോടിയിൽ 38,509 കോടിയും തനതു സമാഹരണമാണ്. കേന്ദ്ര നികുതി വിഹിതമായി 5,588 കോടിയും, ഗ്രാന്റായി 44.41 കോടി രൂപയുമാണ് ലഭിച്ചത്.

ശമ്പളം, സർവീസ് പെൻഷൻ ഉൾപ്പെടെ പ്രതിമാസ സർക്കാർ ബാധ്യത വലുതാണ്. വായ്പാ തിരിച്ചടവ് അടക്കം മറ്റ് ചെലവുകളുണ്ട്. ക്ഷേമപെൻഷൻ ഉൾപ്പെടെ ക്ഷേമ, വികസനച്ചെലവുകൾ ഇതിനുപുറമെയാണ്. കേന്ദ്ര വിഹിതം നിഷേധിക്കുന്നത് മറ്റ് പ്രവർത്തനങ്ങളെ ബാധിക്കും. പക്ഷേ, ചെലവു ചുരുക്കലല്ല സംസ്ഥാന നയം. സൗജന്യങ്ങൾ പാടില്ലെന്ന കേന്ദ്ര നിലപാട് സംസ്ഥാനം അംഗീകരിക്കുന്നില്ല. ക്ഷേമത്തിനൊപ്പം വികസനമെന്നതാണ് നമ്മുടെ നിലപാട്. തനത് വരുമാനം ഉയർത്തിയും അതീവ ശ്രദ്ധയാർന്ന ധന മാനേജുമെന്റുവഴിയും പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ്. നികുതി പിരിവ് ഊർജിതപ്പെടുത്തിയും അധികച്ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക ദൃഢീകരണ പാതയിലാണ് സംസ്ഥാനം. കഴിഞ്ഞവർഷം മുൻവർഷത്തെ അപേക്ഷിച്ച് ജിഎസ്‌ടി വരുമാനം 23,000 കോടി വർധിപ്പിക്കാനായി. 2021–22ൽ തനത് നികുതി വരുമാന വർധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞവർഷം 23.36 ശതമാനമായി വീണ്ടും ഉയർത്തി. ഈ വർഷവും തനത് വരുമാന നിശ്ചയങ്ങൾ ലക്ഷ്യത്തിലെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യം ശ്രദ്ധിക്കുന്ന നിലയിലേക്ക് ജിഎസ്‌ടി വകുപ്പിന്റെ പുനഃസംഘടനയിലൂടെ നികുതി ഭരണത്തിന്റെ കാര്യക്ഷമതയും ഉയർത്താനായി.


ഇതുകൂടി വായിക്കൂ: ജനകീയമായി ആരോഗ്യ കേന്ദ്രങ്ങൾ


കഴിഞ്ഞവർഷങ്ങളിൽ കേരളം തനത് വരുമാന സ്രോതസുകൾ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിർവഹിച്ചത്. ഈ വർഷവും ചെലവിന്റെ 80 ശതമാനവും സംസ്ഥാനം വഹിക്കേണ്ടിവരുന്ന സ്ഥിതിയാണ്. അതേസമയം, ചില സംസ്ഥാനങ്ങൾക്ക് 72 ശതമാനംവരെ കേന്ദ്ര വിഹിതം കിട്ടുന്നുമുണ്ട്. ഈ യാഥാർത്ഥ്യങ്ങളെ കാണാതെ നമുക്ക് മുന്നോട്ടുപോകാനാകില്ല. സംസ്ഥാനത്തിന് അർഹമായും ലഭിക്കേണ്ട നികുതി വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളും വെട്ടിക്കുറയ്ക്കുന്നു. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സർക്കാർ ഗ്യാരണ്ടി നൽകി വായ്പ എടുത്ത് പൂർത്തീകരിക്കാനും അനുവദിക്കുന്നില്ല. 2017 മുതൽ പൊതുകണക്കിന്റെയും ബജറ്റിനുപുറത്തുള്ള കടത്തിന്റെയുമൊക്കെ പേരു പറഞ്ഞ് 1.07 ലക്ഷം കോടി രൂപയുടെ കടമെടുപ്പ് അവകാശമാണ് നിഷേധിച്ചത്. ഇത് സംസ്ഥാനത്തിന്റെ ഉത്തമ താല്പര്യങ്ങൾക്ക് എതിരാണ്. നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളീയർ എന്ന നിലയിൽ നമുക്ക് ഒന്നിച്ചുനിൽക്കാനാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.