ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടന്നുകൊണ്ടിരിക്കുന്ന ഇൻട്രോമെറ്റ്-21 അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ കേരള തീരത്തെ അസാധാരണ താപനത്തെക്കുറിച്ച് സുപ്രധാന നിരീക്ഷണം. അമേരിക്കയിലെ ഫ്ളോറിഡ മിയാമി സർവകലാശാല റോസൻഷ്യൽ സ്കൂളിലെ പ്രൊഫ. ബ്രയാൻമേപ്സ്-കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ഡയറക്ട്രർ, ഡോ. എസ് അഭിലാഷ് എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന പഠനത്തിൽ 1980- ന് ശേഷം അറബിക്കടൽ ഉൾപ്പെടുന്ന പടിഞ്ഞാറൻ ഇന്ത്യൻ സമുദ്രത്തിന്റെ താപനില പരമാവധി 29 ഡിഗ്രി സെൽഷ്യസ് എന്നത് 30 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുന്നതായി വിലയിരുത്തി.
തെക്ക് കിഴക്കൻ അറബിക്കടലിന്റെ താപനില മറ്റ് സമുദ്രങ്ങളിലേതിനേക്കാൾ ഒന്നര മടങ്ങ് വേഗത്തിലാണ് വർധിക്കുന്നത്. ഈ താപനിരക്ക് ഏറ്റവുമധികം ചുഴലിക്കൊടുങ്കാറ്റ് (ടൈഫൂണുകൾ) ഉണ്ടാകുന്ന പടിഞ്ഞാറൻ പസഫിക് സമുദ്രത്തിന്റെ നിരക്കിനോട് തുല്യമായ അവസ്ഥയിലാണ്. അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് കാരണമാകുന്ന ഗാഢ സംവഹന പ്രക്രിയ തന്മൂലം കേരള തീരത്ത് വർധിക്കുന്നു. കേരളത്തിൽ 2018 മുതൽ ഉണ്ടാകുന്ന പ്രളയത്തിനും ഉരുൾപ്പൊട്ടലിനും കാരണമാകുന്ന ലഘുമേഘ വിസ്ഫോടനം പോലുള്ള അസാധാരണ പ്രതിഭാസങ്ങൾ ഈ അധികതാപനം മൂലമായാണ് പ്രധാനമായും ഉണ്ടാകുന്നത്. അസ്ഥിരമാകുന്ന അന്തരീക്ഷത്തിൽ സംയോജിത മേഘശൃംഖലകൾ രൂപം കൊള്ളുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ തീവ്രമോ, അതിതീവ്രമോ ആയ മഴ പെയ്യിക്കുകയും ചെയ്യുന്നു.
കുസാറ്റിലെ ഡോ. വി വിജയകുമാർ, ബേബി ചക്രപാണി, പ്രൊഫ. കെ മോഹൻകുമാർ, ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. ഒ പി ശ്രീജിത്ത് തുടങ്ങിയവരും ഈ പഠനത്തിൽ പങ്കാളികളായി.
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം (Cloud burst) എന്നുപറയുന്നത്. നിമിഷങ്ങൾ കൊണ്ട് മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുന്നു. പൊതുവേ, മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്നുവിളിക്കാം.
മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ് മേഘസ്ഫോടനമുണ്ടാക്കുന്നത്. എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്ഫോടനമുണ്ടാക്കുന്നില്ല. മേഘസ്ഫോടനത്തിന് കാരണമാകുന്ന മേഘങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. ഈർപ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽ നിന്നാരംഭിച്ച് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം. തുലാമഴയുടെ സമയത്തും, കാലവർഷത്തിൽ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളെ ചിലപ്പോഴൊക്കെ കേരളത്തിൽ കാണാം.
ഇത്തരത്തിൽ ഉണ്ടാകുന്ന കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനമുണ്ടാക്കുന്നത്. ഇത്തരം മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും, മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുക. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവരൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില ‑40 മുതൽ ‑60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. ഇതുകാരണം ഈർപ്പം മഞ്ഞുകണങ്ങളായി മാറുന്നു.
ഈ കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടീ, മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങൾ, കൂടുതൽ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോൾ അന്തരീക്ഷതാപനില ഉയർന്നതായതിൽ മഞ്ഞുകണങ്ങൾ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയിൽ പതിക്കുന്നു.
english summary;Extreme temperatures off the coast of Kerala
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.