‘കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍,
എണ്ണീടുകാര്‍ക്കുമിതു താന്‍ ഗതി
സാധ്യമെന്തു കണ്ണീരിനാല്‍
അവനിവാഴ്‌വ് കിനാവുകഷ്ടം’
കുമാരനാശാന്‍ വീണപൂവില്‍ എഴുതിവച്ച കാലാതിവര്‍ത്തിയായ വരികള്‍. ജൂലൈ 30ചൊവ്വാഴ്ച പ്രഭാതം വിടരുകയായിരുന്നില്ല വയനാട്ടില്‍. പ്രകൃതിയുടെ കൊടുംരൗദ്രനൃത്തം, മരണത്തിന്റെ നിലയ്ക്കാത്ത ആക്രോശം, മണ്ണിനടിയിലും ചെളിക്കൂമ്പാരത്തിലും പാറക്കല്ലുകള്‍ക്കിടയിലും പുഴയുടെ നടുക്കയത്തിലും പെട്ടുപോയ പ്രാണനുകളുടെ ഒടുങ്ങാത്ത നിലവിളികള്‍, പുഴയില്‍ ഒഴുകിനടന്ന ശരീരഭാഗങ്ങള്‍, ചേതനയറ്റ തിരിച്ചറിയാനാവാത്ത ദേഹങ്ങള്‍, ഒലിച്ചുപോയ ഗ്രാമങ്ങള്‍, തകര്‍ന്നുമണ്ണടിഞ്ഞ ഭവനങ്ങള്‍, മാറ്റിവരയ്ക്കപ്പെട്ട ഭൂപടത്തില്‍ കാണാമറയത്തായ വിദ്യാലയങ്ങള്‍, മനുഷ്യര്‍ക്കൊപ്പം വളര്‍ത്തുജന്തുക്കളും മരണത്തിന്റെ കയത്തില്‍പ്പെട്ടു. അതിജീവനത്തിന്റെ വാതിലുകള്‍ തുറന്നുകിട്ടിയവര്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് തീരാദുഃഖത്തിന്റെ കണ്ണീര്‍ക്കടലില്‍ മുങ്ങിത്താണു.
അമാന്തിക്കാതെ അതിജീവനത്തിനായി കേരളം കൈകോര്‍ത്തു. രാഷ്ട്രീയകക്ഷിഭേദങ്ങളും ജാതിമത വേലിക്കെട്ടുകളും ഭാഷാന്തരങ്ങളും തകര്‍ത്തെറിയപ്പെട്ടു. മാനുഷികമൂല്യങ്ങളും മാനവിക ധര്‍മ്മ സംഹിതകളും സഹാനുഭൂതിയുടെയും സാന്ത്വനത്തിന്റെയും സംരക്ഷണത്തിന്റെയും കൊടിപ്പടം ഉന്നതിയിലേക്കുയര്‍ത്തി.
ഞെട്ടറ്റുവീണ പൂവിനെ മുന്‍നിര്‍ത്തി, ആശാന്‍ പാടിയത് കരിഞ്ഞും അലിഞ്ഞും മണ്ണോടുചേരുന്ന മലര്‍ വിസ്മൃതമാകുമിപ്പോള്‍ എന്നാണ്. പക്ഷേ, വയനാട്ടില്‍ മണ്ണിലലിഞ്ഞുചേര്‍ന്ന ‘മലരുകള്‍’ വിസ്മൃതമാവുകയില്ല. കണ്ണീര്‍ക്കടലിനെ അവരുടെ പിന്‍തലമുറക്കാര്‍ അതിജീവനത്തിലൂടെ നീന്തിക്കയറും. അത് അവരോടുള്ള ജീവന്‍ ശേഷിപ്പവരുടെ നീതി പുലര്‍ത്തലാണ്. പക്ഷേ, അപ്പോഴും ‘എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി’ എന്ന ആശാന്റെ ഓര്‍മ്മപ്പെടുത്തല്‍ തമസ്കരിക്കുന്ന യൂദാസുമാര്‍ ദുരന്തം സൃഷ്ടിച്ച ഇരുട്ടിന്റെ നാളുകളില്‍ ഒരിറ്റുകണ്ണുനീര്‍ പോലുമില്ലാതെ ആനന്ദത്തില്‍ അഭിരമിക്കുകയും ക്രൗര്യത്തിന്റെയും നിന്ദയുടെയും അവഹേളനത്തിന്റെയും ദുര്‍ഗന്ധം വമിപ്പിക്കുന്ന ഭാഷ പുറത്തെറിയുകയും ചെയ്യുന്നു.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃശൂരില്‍ നിന്ന് വിദ്വേഷ രാഷ്ട്രീയ വിഷഫണം വിടര്‍ത്തി പാര്‍ലമെന്റിലെത്തിയ സുരേഷ് ഗോപി കേരളത്തിന്റെ മഹനീയ സംസ്കാരത്തെ കാരുണ്യം ലവലേശമില്ലാതെ തലയ്ക്കടിച്ചുകൊന്നു. വയനാട്ടിലെ കൊടിയ ദുരന്തം ഒമ്പതുനാള്‍ അറിഞ്ഞതേയില്ല. വയനാടിനെ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘സമയമായിട്ടില്ല’ എന്നായിരുന്നു കേന്ദ്ര ടൂറിസം — പെട്രോളിയം വകുപ്പ് സഹമന്ത്രിയുടെ പ്രസ്താവന. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരുടെ ഭൗതികശരീരങ്ങള്‍ കുഴിമാടങ്ങളില്‍ മറയുമ്പോഴും തിരിച്ചറിയപ്പെടാത്തവര്‍ സര്‍വമത പ്രാര്‍ത്ഥനകളോടെ തോളുരുമ്മി മണ്ണിലലിഞ്ഞു ചേരുമ്പോഴും വിലാപവേഗങ്ങളുടെ തീവ്രത വര്‍ധിക്കുമ്പോഴും വെന്റിലേറ്ററിലും ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലും കിടന്ന് നൂറുകണക്കിന് മനുഷ്യജീവനുകള്‍ മരണത്തോട് മല്ലടിക്കുമ്പോഴും ഉറ്റവരെയും ഉടയവരെയും തിരഞ്ഞ് ഹൃദയംപൊട്ടുന്ന നിലവിളികളുമായി മനുഷ്യര്‍ അലയുമ്പോഴും സുരേഷ് ഗോപിക്ക് ‘സമയമായിട്ടില്ല പോലും.’ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടും സുരേഷ് ഗോപി ‘ദേശീയ ദുരന്തമോ?’ എന്ന ഫലിതമുയര്‍ത്തി. ഇത്രയും കണ്ണില്‍ച്ചോരയില്ലാത്ത ജനപ്രതിനിധിയും ഭരണാധികാരിയും കേരളത്തില്‍ നിന്ന് എങ്ങനെയുണ്ടായി? തൃശൂരുകാര്‍ ഇപ്പോള്‍ തങ്ങളുടെ കയ്യബദ്ധമോര്‍ത്ത് ലജ്ജിക്കുന്നുണ്ടാവണം.
സ്വര്‍ണക്കുരിശും ചെമ്പ് കിരീടവും കേക്ക് മുറിക്കലുകളും പുഷ്പാര്‍ച്ചനകളും പൂപ്പടകളും തുലാഭാരങ്ങളുമൊക്കെയായി വോട്ട് ചോദിച്ച ‘മഹാനുഭാവന്റെ’ ആക്ഷന്‍ ഹീറോയിസം രാക്ഷസീയതയുടേതാണെന്ന് വാക്കും പ്രവൃത്തിയും തെളിയിക്കുന്നു. സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ തൃശൂര്‍ വെള്ളത്തില്‍ മുങ്ങിത്താണപ്പോഴും കേരളത്തെ ‘കോവി‘യടിക്കുവാന്‍ ഇറങ്ങിയിരിക്കുന്ന സുരേഷ് ഗോപിയെ കണ്ടുകിട്ടാനില്ലായിരുന്നു. പരാജയപ്പെട്ട വി എസ് സുനില്‍കുമാറും ഇടതുപക്ഷവും ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. വയനാട്ടില്‍ മന്ത്രിമാരായ കെ രാജനും മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഒ ആര്‍ കേളുവും ഇടതുപക്ഷ ജനപ്രതിനിധികളും മറ്റ് പ്രതിപക്ഷകക്ഷി പ്രതിനിധികളും അവരുടെ ജനപ്രതിനിധികളും വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ബിജെപിയുടെ ഏതെങ്കിലും സംസ്ഥാന ദേശീയ നേതാവിനെ വയനാട്ടിലെവിടെയെങ്കിലും കണ്ടവരുണ്ടോ? അതാണ് അവരുടെ ജനസ്നേഹം, കാരുണ്യം, സഹാനുഭൂതി.
സുരേഷ് ഗോപി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ വയനാട്ടിലെത്തി. ധാര്‍ഷ്ട്യത്തിന്റെ ശരീരഭാഷയില്‍ വാക്കുകളില്‍ അഹന്തയുടെ പ്രവാഹത്തോടെ. സമാശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും ഒരക്ഷരംപോലും ഉരിയാടിയില്ല. പ്രധാനമന്ത്രി വന്നപ്പോള്‍ കൊമ്പന്‍ മീശയുമായി ഒപ്പം കൂടി. വയനാടിനുവേണ്ടി അപ്പോഴും ഉരിയാട്ടമില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുമ്പോള്‍ ‘കെെരളി’ അല്ലേ, ‘മീഡിയ വണ്‍’ അല്ലേ എന്ന മറുചോദ്യങ്ങളുമായി പുച്ഛത്തിന്റെ ഭാവരസം പ്രദര്‍ശിപ്പിച്ചു. കവി പണ്ടേക്കു പണ്ടേ എഴുതി:
‘രണ്ടല്ല, നാലല്ല, നാനൂറ് കെെയുക-
ളുണ്ടെനിക്കുഗ്ര നഖങ്ങളുമായ്!
പല്ലുകളല്ലുഗ്ര ദംഷ്ട്രകള്‍, കണ്ണുനീ-
രല്ലെന്‍ മിഴികളില്‍ തീപ്പൊരികള്‍
ചെണ്ടല്ല, വജ്രശിലയാണകം, മെയ്യില്‍
കാണ്ടാമൃഗത്തിന്‍ കടുത്ത ചര്‍മ്മം’- ഉഗ്രനഖങ്ങള്‍, പല്ലുകള്‍ക്കു പകരം ദംഷ്ട്രകള്‍, കണ്ണുനീരിനു പകരം തീപ്പൊരികള്‍, നെഞ്ചകത്ത് ചെണ്ടല്ല വജ്രശില, ശരീരത്തില്‍ കാണ്ടാമൃഗത്തിന്റെ കടുത്ത ചര്‍മ്മം ഇതാണ് സുരേഷ് ഗോപിമാര്‍ക്കും കെ സുധാകരന്‍മാര്‍ക്കും ഈ ദുരന്തകാലത്ത് ചേരുന്ന വിശേഷണം. കാണ്ടാമൃഗങ്ങള്‍ സദയം ക്ഷമിക്കട്ടെ.
വയനാട് പൊട്ടിത്തകരുമ്പോള്‍, കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പാര്‍ലമെന്റ് സമ്മേളിക്കുകയായിരുന്നു. പി സന്തോഷ് കുമാര്‍ ആദ്യദിനം തന്നെ വയനാടിന്റെ ഹൃദയം പിളര്‍ക്കുന്ന കാഴ്ചകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇടതുപക്ഷ എംപിമാരായ ജോണ്‍ ബ്രിട്ടാസും പി പി സുനീറും വി ശിവദാസനുമെല്ലാം വയനാടിന്റെ വിലാപം കേള്‍പ്പിച്ചൂ. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പതിവ് തെറ്റിച്ച് യുഡിഎഫ് എംപിമാരും ശബ്ദമുയര്‍ത്തി. എവിടെയായിരുന്നു സുരേഷ് ഗോപി!. ദന്തഗോപുരങ്ങളില്‍ വസിക്കുകയും കാരവനുകളില്‍ വിഹരിക്കുകയും ചെയ്യുന്ന സുരേഷ് ഗോപിമാര്‍ക്ക് എന്ത് വയനാട്, ഏത് കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, സാധാരണക്കാര്‍, ആദിവാസികള്‍, പിഞ്ചുകുഞ്ഞുങ്ങള്‍.
പാര്‍ലമെന്റില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പച്ചക്കള്ളം പറഞ്ഞു. വസ്തുതകള്‍ പെരുംനുണയുടെ ആഴം വിളിച്ചറിയിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേഷ് യാദവ് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് മരിച്ചുമണ്ണടിഞ്ഞവരെ കയ്യേറ്റക്കാരെന്ന് വിശേഷിപ്പിച്ച് അപമാനിച്ചു. ശാസ്ത്രജ്ഞരെയും മാധ്യമപ്രവര്‍ത്തകരെയുംകൊണ്ട് കേരളത്തിനെതിരായി എഴുതുവാന്‍ കൂലിയെഴുത്തുകാരാക്കാന്‍ യത്നിച്ചു. എവിടെയായിരുന്നു സുരേഷ് ഗോപി. 18 വകുപ്പുകളും 10 സംസ്ഥാനങ്ങളും തനിക്ക് തരണമെന്ന് വിഡ്ഢിത്തം വിളമ്പിയ ടൂറിസം സഹമന്ത്രിയുടെ കേരളത്തിന് ബജറ്റില്‍ കാലണയുടെ വിഹിതവുമില്ല, കേരളം എന്ന നാടിന്റെ പേരുമില്ല. എന്നിട്ടും കൊമ്പന്‍ മീശയും എല്ലില്ലാത്ത നാവുമായി കോമാളി വേഷമാടുകയാണ് സുരേഷ് ഗോപി.
2018ലെയും 2019ലെയും പ്രളയകാലങ്ങളിലും കോവിഡ് മഹാമാരിയുടെയും കാലത്ത് ബിജെപിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചില്ലിക്കാശ് നല്‍കരുതെന്ന് ആഹ്വാനം ചെയ്ത യുഡിഎഫുകാര്‍ക്ക് ഇപ്പോള്‍ ചില്ലറ മനംമാറ്റം വന്നിട്ടുണ്ട്. അപ്പോഴും വജ്രഹൃദയനായ കെപിസിസി അധ്യക്ഷന്‍ കാരിരുമ്പുപോലെ ഉറച്ചുതന്നെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചില്ലിക്കാശ് നല്‍കരുത്. ഇതുതന്നെയാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും പറയുന്നത്. രമേശ് ചെന്നിത്തല ഒരു മാസത്തെ വേതനം സംഭാവന ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ സുധാകരന്‍വക ശകാരവര്‍ഷം. തൊട്ടുപിന്നാലെ സുധാകരന്റെ ‘ഉറ്റമിത്ര’മായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എല്ലാ യുഡിഎഫ് ജനപ്രതിനിധികളും ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ സുധാകരന്‍ പുതിയ തെറിയഭിഷേകനാടകത്തിനായി കാത്തിരുന്നു. പ്രളയകാലങ്ങളിലും കോവിഡ് കാലത്തും കേന്ദ്രസഹായം നല്‍കാതിരുന്നപ്പോഴും കേരളത്തിന് നല്‍കിയ അരിയുടെ പണം പിടിച്ചുപറിച്ചപ്പോഴും പിന്തുണച്ചവരുടെ പ്രതിനിധിയാണ് സുധാകരന്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് ഒരു വ്യക്തിയുടെ കുടുംബഫണ്ടല്ല. കണക്കും കാര്യവും സുതാര്യതയുമുള്ള ഒന്നാണതെന്ന് നീതിപീഠങ്ങള്‍ പോലും സ്ഥിരീകരിച്ചിട്ടും സുധാകരാദികളും മലയാളിഹൗസിലും ബിഗ് ഹൗസിലും പേക്കൂത്താടുന്ന ബ്ലോഗര്‍മാരും ഓരിയിടുകയാണ്. സുനാമിഫണ്ടിലെ കൊള്ളയടിക്കലും, കേരളത്തില്‍ മാത്രമല്ല ഗുജറാത്തിലെ കച്ചില്‍ പോലും വീടുവയ്ക്കുവാന്‍ പണംപിരിച്ച് വീട്ടിലെ ഖജനാവിലെത്തിച്ചതും ഓര്‍മ്മയില്‍ തികട്ടിവരുന്നതുകൊണ്ടാവും അവരുടെ ഓരിയിടല്‍ യജ്ഞം. മരണഗര്‍ത്തങ്ങളില്‍ മനുഷ്യര്‍ അടിയുമ്പോഴും ആര്‍ത്തനാദങ്ങള്‍ മുഴങ്ങുമ്പോഴും ഹൃദയശൂന്യതയോടെ, ഉഗ്രനഖങ്ങളും ദംഷ്ട്രകളുമായി, വജ്രശിലാഹൃദയങ്ങളുമായി കാണ്ടാമൃഗചര്‍മ്മവുമായി വേട്ടയ്ക്കിറങ്ങിയിരിക്കുന്ന ചെന്നായ്ക്കളെ, യൂദാസുകളെ ജനം തിരിച്ചറിയുന്നുണ്ട്.
‘ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്ന് നിര്‍ണയം’ എന്ന് എഴുത്തച്ഛന്‍ പാടിയത് എത്ര അന്വര്‍ത്ഥമെന്ന് വയനാട് ദുരന്തത്തിലെ ചെന്നായ്ക്കള്‍ കാലത്തിലൂടെ ആവര്‍ത്തിച്ച് തെളിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.