27 December 2025, Saturday

Related news

December 9, 2025
December 3, 2025
November 23, 2025
November 20, 2025
November 18, 2025
October 29, 2025
August 22, 2025
August 20, 2025
July 31, 2025
February 28, 2025

ഇന്ത്യയുടെ രാഷ്ട്രീയ ചട്ടുകമാകാന്‍ വിധിക്കപ്പെട്ട ഫേസ്ബുക്ക്

രമ്യാ രമണി
July 17, 2023 4:45 am

800 കോടിയിലധികം ജനങ്ങളുള്ള ലോകത്ത് 200 കോടിയോളം മനുഷ്യരുടെയും വിലപ്പെട്ട സമയം കവര്‍ന്നെടുക്കുന്ന സമൂഹമാധ്യമങ്ങളിലെ പ്രധാനിയാണ് മാര്‍ക്ക് സക്കര്‍ ബര്‍ഗിന്റെ ഫേസ്ബുക്ക്. ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത് ഇന്ത്യക്ക് പുറത്താണെങ്കിലും ഈ സമൂഹമാധ്യമത്തെ ദുരുപയോഗം ചെയ്യുന്നതില്‍ ഇന്ത്യതന്നെയാണ് മുന്നില്‍ എന്നതാണ് ഏറ്റവും ഖേദകരം.

ചരിത്രം ഇവിടെ തുടങ്ങുന്നു…

സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഫേസ്ബുക്ക് 2004ലാണ് ആരംഭിച്ചത്. ഹാർവാർഡ് സർവകലാശാല വിദ്യാർത്ഥികളായ മാർക്ക് സക്കർബർഗ് ദസ്ടിൻ മോസ്കൊവിത്സിനും ക്രിസ് ഹ്യുസുമൊപ്പം ചേർന്നാണ്‌ ഈ വെബ്സൈറ്റ് ആരംഭിച്ചത്‌. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ കൂടിയാണ് മാർക്ക് സക്കർബർഗ്. സ്വന്തം ഭാഷയിൽ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ്ബുക്ക് ഇന്ത്യയിൽ രംഗത്തെത്തിയത്. ഇന്ത്യൻ ഭാഷകളായ‍ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലും ഫേസ്‌ബുക്കിൽ ആശയവിനിമയം നടത്താം. ഫേസ്‌ബുക്കിന്റെ വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു.

ഇന്ന് ഫേസ്‌ബുക്കിന്റെ ചുവടുപിടിച്ച് ധാരാളം സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ ഉണ്ട്. ഗൂഗിളിന്റെ ഗൂഗിൾ പ്ലസ് ആണ് ഒരു ഉദാഹരണം. വ്യക്തികളുടെ സാമൂഹികജീവിതത്തെ പല രീതിയിലും ഫേസ്‌ബുക്ക് സ്വാധീനിച്ചിട്ടുണ്ട്. മുറിഞ്ഞുപോയ സൗഹൃദങ്ങളെയും ബന്ധങ്ങളെയും കൂട്ടി യോജിപ്പിക്കുവാൻ ഫേസ്‌ബുക്കിന് സാധിക്കാറുണ്ട്. ജോൺ വാട്സൺ എന്ന വ്യക്തിക്ക് 20 വർഷം മുൻപ് നഷ്ടപ്പെട്ട തന്റെ മകളെ അവളുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ വഴിയായി കണ്ടെത്തുവാൻ സാധിച്ചത് അത്തരത്തിലുള്ള ഒരു സംഭവമാണ്.

അനാവശ്യ ഇടപെടലുകള്‍ ഫേസ്ബുക്കുകള്‍ വഴിയും

അടുത്ത കാലത്ത് വിവിധ രാജ്യങ്ങളിൽ ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ യുവജനതയുടെ വൻപങ്കാളിത്തത്തോടെ നടന്ന വിപ്ലവങ്ങളുടെ മുഖ്യ ചാലകങ്ങളായി വർത്തിച്ചത് ഫേസ്‌ബുക്ക് അടക്കമുള്ള ഇന്റർനെറ്റ് മാധ്യമങ്ങളായിരുന്നു. ഇവയിൽ ഈജിപ്തിലെ ഏപ്രിൽ ആറ് യുവജനപ്രസ്ഥാനം തികഞ്ഞ ഒരു ഫേസ്‌ബുക്ക് ഉപയോക്തൃകൂട്ടായ്മ തന്നെയായിരുന്നു. എന്നാൽ പൊതുസമൂഹത്തിന് ഗുണപരമല്ലാത്ത രീതിയിലുള്ള സംഘടിക്കലുകൾക്കും ഫേസ്‌ബുക്ക് വഴിയൊരുക്കിയിട്ടുണ്ട്. 2011 ഓഗസ്റ്റിൽ ലണ്ടനിലും സമീപ നഗരങ്ങളിലും നടന്ന കലാപങ്ങളിൽ അക്രമികൾ തങ്ങൾക്ക് സംഘം ചേരുവാനും പദ്ധതികൾ ആസൂത്രണം ചെയ്യുവാനുമുള്ള ഉപാധിയായി ഫേസ്‌ബുക്കിനെ ഉപയോഗപ്പെടുത്തി എന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക് എന്ന സമൂഹമാധ്യമത്തെ ഉപയോഗിച്ചത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണെന്നുള്ളതാണ് അത്യന്തം അപമാനകരം. രാഷ്ടീയ മുതലെടുപ്പിനുവേണ്ടിയും സ്വന്തം വീരവാദങ്ങള്‍ മുഴപ്പിച്ചുകാണിക്കാനും വേണ്ടി മാത്രം ഉപയോഗിച്ചു പോന്നിരുന്നവര്‍ പില്‍ക്കാലത്ത് സത്യങ്ങള്‍ വിളിച്ചുപറഞ്ഞവരെ ഇതിലൂടെ നിയന്ത്രിക്കാനും തുടങ്ങി. ഭീഷണിപ്പെടുത്തിയും അവര്‍ക്കിഷ്ടമല്ലാത്തവയെ നിയന്ത്രിച്ചും ഫേസ്ബുക്ക് എന്ന സ്വതന്ത്ര്യമാധ്യമത്തിനെയും വരുതിയില്‍ വരുത്താനുള്ള ശ്രമങ്ങള്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. സത്യം പറയുന്നവരുടെ വാ മൂടിക്കെട്ടാനായി, ഇതിനൊരു നിരീക്ഷണക്കമ്മറ്റിയെയും എതിരഭിപ്രായം പറയുന്നവരെ നിരീക്ഷിച്ച് വിലക്കാനായുള്ള സംവിധാനങ്ങളും കൊണ്ടുവന്ന സര്‍ക്കാരാണ് ഇന്ന് നമ്മെ ഭരിക്കുന്നതെന്ന് നമുക്കറിയാത്ത കാര്യമല്ല.

വ്യാജന്മാരുടെ കളികള്‍ ഇങ്ങനെ…

ഫേസ്ബുക്കില്‍ തലകുമ്പിട്ട് ഏറെക്കാലമായി നടക്കുന്ന ഒരുപയോക്താവെന്ന നിലയില്‍ത്തന്നെ പറയട്ടെ, ഫേസ്ബുക്ക് പേരുപോലെ തന്നെ പലരുടെയും പലതാണ്. ചിലര്‍ക്ക് നേരംപോക്കിനാണെങ്കില്‍ ചിലര്‍ക്ക് ചിലത് കണ്ടെത്താന്‍, പഠിക്കാന്‍, പ്രചരിപ്പിക്കാന്‍ അങ്ങനെ പലതും. ഒരാളുടെ സ്വഭാവഗുണം ഫേസ്ബുക്കിലും ഏറെക്കുറേ പ്രതിഫലിക്കുമെന്നുവേണം കരുതാന്‍. വ്യാജപ്പേരിട്ട് തന്റേതായൊരു അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്ന പലരും ഇതുപയോഗപ്പെടുത്തുന്നത് പലകാര്യങ്ങള്‍ക്ക് വേണ്ടിയാണ്. എല്ലാക്കാര്യങ്ങളെയും പോലെതന്നെ ഇതിലും മാന്യവും അമാന്യവും നല്ലതുംചീത്തയുമുണ്ട്. വ്യാജന്മാരെല്ലാം ചീത്തയെന്നും യഥാര്‍ത്ഥ മുഖങ്ങളെല്ലാം നല്ലതെന്നും പറഞ്ഞുകൂടാ. അതേസയമം തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടുതന്നെ വ്യാജന്മാരാല്‍ പറ്റിക്കപ്പെടുമ്പോഴുണ്ടാകുന്ന ആഘാതം വളരെ വലുതാണ്. മുഖമറിയുന്നവര്‍ മുഖത്തടിച്ച് പറഞ്ഞാല്‍ പ്രതികരണത്തിന് നമുക്ക് വകയുണ്ട്. അതേസമയം അറിയാത്തവര്‍ പഞ്ചസാര തൂകി ഉറമ്പിനെ വിളിച്ചുവരുത്തുന്നതുപോലെ പല മോഹന വാഗ്ദാനങ്ങളും ഇട്ട് ചൂണ്ടയില്‍ ഒരുപാടുപേരെ കെണിയില്‍ അകപ്പെടുത്തിയിട്ടുമുണ്ട്.

ഒന്ന് പാളിപ്പോയാല്‍!

ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടുമാത്രം ഫേസ്ബുക്കിലൂടെ ജീവിതം തകര്‍ന്നുപോയ ഒരുപാടുപേര്‍ നമുക്ക് ചുറ്റുമുണ്ട്. ശരിയായ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ നമുക്കുണ്ടാകുന്ന പാളിച്ചകളാണ് ജീവിതം തകര്‍ന്നുപോകുന്ന തരത്തിലേക്ക് ഫേസ്ബുക്ക് ഉപയോക്താക്കളെ എത്തിക്കുന്നത്. അതില്‍ ബുദ്ധിശൂന്യതയെന്നോ അഹങ്കാരമെന്നോ പറഞ്ഞ് ഒഴിവാകേണ്ട കാര്യമില്ല. വിദ്യാസമ്പന്നരായവര്‍ തന്നെയാണ് ഇത്തരം ചതിക്കുഴിയില്‍ ഏറെ അകപ്പെട്ടിരിക്കുന്നത് എന്നത് തന്നെ ഇതിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു. ഫേസ്ബുക്കിലെ ചില സൗഹൃദങ്ങള്‍ ആരോഗ്യകരമല്ലെന്ന് മനസിലാക്കാന്‍ ചിലപ്പോള്‍ ഏറെനാളെടുക്കും. അത് ഉപയോക്താവിന്റെ ബുദ്ധിശൂന്യതകൊണ്ടല്ല. മറുവശത്ത് ചതിക്കുഴിയും കാത്തിരിക്കുന്നയാള്‍ നിര്‍മ്മിച്ച ഗൂഢപദ്ധതിയുടെ ആദ്യഭാഗം മാത്രമാണ്. കെണിയില്‍പ്പെടുന്നതുവരെ ഏറ്റവും നല്ല സ്വഭാവം മാത്രം വെളിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇടാനും സംസാരിക്കാന്‍പോലും ഇവര്‍ക്ക് വശമുണ്ട്. നമ്മളെ ചതിയില്‍പ്പെടുത്തേണ്ടത് അവരുടെ ആവശ്യം. പെടാതിരിക്കാനുള്ള നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന ബോധം ഉള്ളിലുണ്ടാകണം. അപകടസൂചന ലഭിച്ചാല്‍ ഏറ്റവും അടുത്ത ആരോടെങ്കിലും അത് പങ്കുവയ്ക്കാന്‍ ശ്രമിക്കണം. പലരീതിയില്‍ അത് പ്രയോജനപ്പെടും. ഫേസ്ബുക്കിലൂടെ ചതിയില്‍പ്പെട്ടില്ല എന്നതിനാല്‍ അത്തരം പാളിച്ചകള്‍ സംഭവിച്ചവരെ കുറ്റപ്പെടത്തരുത്. പകരം ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. കാരണം ഇന്ന് ഞാന്‍ നാളെ നീ!…

കണക്കുപറഞ്ഞാല്‍ “ഓള്‍ ആര്‍ മാത്തമാറ്റിക്സ്”

ലോകത്തെ മൊത്തം കണക്കുകള്‍ പറഞ്ഞ് വിരസമാക്കുന്നില്ല. പകരം സംസ്ഥാനത്ത് ഫേസ്ബുക്ക് വഴിയുണ്ടായ അക്രമങ്ങളുടെ കണക്കുകള്‍ പരിശോധിക്കാം. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 2016 മുതൽ 2023 മാർച്ച് വരെയുള്ള സൈബർ കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കഴിഞ്ഞ വർഷമാണ്. 2016ൽ 283 സൈബർ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2017 ആയപ്പോഴേക്കും അത് 320 ആയി. 2018 ൽ 340 കേസുകളും 2019ൽ 307 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2020 ൽ 426 കേസുകളും 2021ൽ 626 കേസുകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2022ൽ 815 കേസുകളും 2023 മാർച്ച് മാസം വരെ 372 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഇത് പരാതികളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകളാണ്. മാനഹാനിയുണ്ടാകുമെന്ന് കരുതി പരാതി നല്കാതെ പോകുന്ന സംഭവങ്ങളും കേരളത്തിലുണ്ട്.

ഫേക്ക് ഐഡികള്‍: സൈബര്‍ പൊലീസ് പറയുന്നതിങ്ങനെ…

ഏറ്റവും കൂടുതല്‍ ഫേക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെടുന്നത് കേരളത്തിലാണ്. തട്ടിപ്പുകള്‍ നടത്തുന്നതിനും ഹരാസ്മെന്റ് ചെയ്യുന്നതിനുമാണ് ഇത്തരം ഫേക്ക് ഐഡികള്‍ സൃഷ്ടിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഫേക്ക് ഐഡിയുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ് കൃത്യമായി ഇടപെടാറുണ്ട്. അത്തരം അക്കൗണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്യുകയാണ് ആദ്യം ചെയ്യുക. ചില ഫേക്ക് ഐഡികള്‍ ചിലരെ മോശം ആളുകളായി ചിത്രീകരിക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെടുന്നതാണ്. ഫോട്ടോ വച്ച് ഒരാളെ മോശമായി ചിത്രീകരിക്കുന്നതിനുവേണ്ടി മാത്രമുണ്ടാക്കുന്ന വ്യാജ അക്കൗണ്ടുകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഫേസ്ബുക്കിന്റെ നിയനം അനുസരിച്ച് ഇത് കുറ്റകരമല്ല. അതേസമയം കൃത്യമായ പരാതി നല്‍കുന്നപക്ഷം പൊലീസ് കേസില്‍ നടപടിയെടുക്കും. അല്ലാത്തപക്ഷം അതിനെതിരെ കേസെടുക്കാന്‍ സാധിക്കില്ല.

ചൈല്‍ഡ് പോണോഗ്രഫി പോലുള്ളവ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 24 മണിക്കൂറിനുള്ളില്‍ പൊലീസ് നടപടിയെടുക്കും. പിന്നാലെ ആ അക്കൗണ്ട് തന്നെ റിമൂവ് ആകുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ലോ ആന്റ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സിക്ക് ആ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു.

വ്യാജ അക്കൗണ്ട് കമന്റുകള്‍ വീക്ഷിക്കാന്‍ മലയാളം അറിയാവുന്ന ജീവനക്കാരും 

മലയാളം അറിയാവുന്ന ജീവനക്കാരെ ഫേസ്ബുക്ക് വിലയിരുത്തലുകള്‍ക്കും കണ്ടെത്തലുകള്‍ക്കുമായി നിയോഗിച്ചിട്ടുണ്ട്. മോശം കമന്റുകളോ വാക്കുകളോ പ്രത്യക്ഷപ്പെടുന്നപക്ഷം ഇവരായിരിക്കും ഏത് വേണം വേണ്ട എന്ന് തീരുമാനിക്കുക. അത്തരം കാര്യങ്ങള്‍ക്കായി ഫേസ്ബുക്ക് തന്നെ ചില നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ആ നിയമങ്ങള്‍ക്ക് വിധേയമായാകും ഇവര്‍ ഏതെല്ലാം കാര്യങ്ങള്‍ നീക്കം ചെയ്യണമെന്നും ഒഴിവാക്കണമെന്നും തീരുമാനിക്കുക. ഈ ജീവനക്കാരെ ഒരിക്കലും ഫേസ്ബുക്ക് വെളിപ്പെടുത്താറില്ല. അവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും.

പണം തട്ടിപ്പിനും ഫേക്ക് ഐഡികള്‍

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായി സൃഷ്ടിക്കപ്പെടുന്ന ഫേക്ക് ഐഡികളില്‍ ഭൂരിഭാഗവും സൃഷ്ടിക്കപ്പെടുന്നത് രാജസ്ഥാനില്‍ നിന്നാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ തട്ടിപ്പ് ലക്ഷ്യംവച്ചുള്ള നിരവധി വ്യാജ ഫേസ്ബുക്ക് ഐഡികള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഒരാള്‍ പറ്റിക്കപ്പെട്ടാല്‍ അയാളുടെ അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന ചിത്രങ്ങളും വിവരങ്ങളുംവച്ച് അതേയാളുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കുന്നു. അതേ അക്കൗണ്ട് ഉപയോഗിച്ച് പ്രസ്തുത വ്യക്തിയുടെ സുഹൃത്തുക്കളായുള്ളവര്‍ക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് മെസേജ് അയക്കുന്നു. പരിചയമുള്ള വ്യക്തിയാണെന്ന് തെറ്റിദ്ധരിച്ച് ചിലര്‍ പണം നല്‍കി, വഞ്ചിതരാകാറുമുണ്ട്.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സൈബർ ക്രൈം ഹെൽപ്പ് ലൈൻ 

ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പെടുന്നവര്‍ക്കും അതേക്കുറിച്ച് സൂചനകള്‍ ലഭിക്കുന്നവര്‍ക്കും 1930 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ച് പൊലീസിന്റെ സഹായം തേടാവുന്നതാണ്. വർധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്ലൈൻ നമ്പർ ഉപയോഗിക്കാം. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും ( https://cybercrime.gov.in ) റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Eng­lish Sam­mury: Face­book is des­tined to become Indi­a’s polit­i­cal spearhead

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.