
ലഡാക്കിലെ പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരും ഗോഡി മീഡിയയും പരാജയപ്പെട്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സെവാങ് റിഗ്സിന്‍. സമരം നടത്തിയ യുവാക്കളെ നിയന്ത്രിക്കാന്‍ ജീവനെടുക്കുന്ന വെടിയുണ്ടകള്‍ക്ക് പകരം മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിഷേധക്കാര്‍ ബിജെപി ഓഫീസ് കൊള്ളയടിച്ചതും കത്തിച്ചതും അപലപനീയമാണ്. അക്രമങ്ങളെ പൗരന്മാര്‍ക്ക് നേരെ നിറയൊഴിച്ചല്ല നേരിടേണ്ടതെന്നും ചൂണ്ടിക്കാട്ടി. ലഡാക്കിന്റെ വികാരങ്ങളെ മനസിലാക്കാതെ വിഷയം ആളിക്കത്തിക്കാനാണ് കോര്‍പ്പറേറ്റുകളുടെയും രാഷ്ട്രീയക്കാരുടെയും നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും സംഘടനകളും ശ്രമിക്കുന്നതെന്നും ലഡാക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെവാങ് റിഗ്സിന്‍ തുറന്ന കത്തില്‍ ആരോപിച്ചു.
ഇന്ത്യന്‍ സൈന്യവുമായി തോളോട് തോള്‍ ചേര്‍ന്ന് ശത്രുക്കളായ രണ്ട് അയല്‍ക്കാരില്‍ നിന്ന് രാജ്യത്തെ സംരക്ഷിച്ചവരാണ് ലഡാക്ക് നിവാസികള്‍. എന്നാല്‍ അവരോട് കേന്ദ്രസര്‍ക്കാര്‍ ചെയ്തത് നീതിയുക്തമല്ല. സുരക്ഷാ സേന പ്രതിഷേധം നടത്തിയ ഇന്ത്യക്കാരെ തന്നെ കൊലപ്പെടുത്തി. സെപ്തംബര്‍ 24ന് ലേയില്‍ നടന്ന നിര്‍ഭാഗ്യകരമായ ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അടുത്ത ദിവസം മുതല്‍ ഡസന്‍ കണക്കിന് ദേശീയ, അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ ലേയില്‍ എത്തിത്തുടങ്ങി. അവരില്‍ പലരും, പ്രത്യേകിച്ച് മുഖ്യാധാരാ മാധ്യമങ്ങള്‍ സംഭവത്തെ കുറിച്ച് സാങ്കല്പിക കഥകള്‍ മെനയാന്‍ തുടങ്ങി. ചൈന, പാകിസ്ഥാന്‍ ബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തിടുക്കം കുട്ടുന്നതായി തോന്നുന്നു. ദേശീയ പതാക വീശി, നമുക്ക് ആറാം ഷെഡ്യൂള്‍ വേണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയ പ്രതിഷേധക്കാരെ ഈ ചാനലുകളാരും കാണിച്ചില്ല. ലഡാക്ക് ജനതയുടെ വേദനയേക്കാള്‍ തങ്ങളുടെ മേലധികാരികളെ പ്രീതിപ്പെടുത്തുന്നതിലായിരുന്നു പലര്‍ക്കും താല്പര്യം. സംരക്ഷണം നല്‍കേണ്ട സൈന്യം അവരുടെ സഹോദരന്മാരെ കൊന്നു. അവരുടെ നേതാവ് സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമപ്രകാരം ജോഡ്പൂര്‍ ജയിലില്‍ അടച്ചു.
ലഡാക്ക് നിവാസികള്‍ക്കും രാജ്യത്തിനും സോനം വാങ്ചുക് ആരാണെന്ന് അറിയാം. സത്യം വിജയിക്കുമെന്ന് വിശ്വസിക്കുന്നു. തന്റെ പേറ്റന്റുകളും നൂതനാശയങ്ങളും ഉപയോഗിച്ച് രാജ്യത്തേക്ക് എണ്ണമറ്റ പുരസ്കാരങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ്. ഇന്ത്യയില്‍ നിന്ന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സാങ്കേതികവിദ്യയുടെ കൈമാറ്റം അദ്ദേഹം സാധ്യമാക്കി. ലഡാക്കിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിപ്ലവം സൃഷ്ടിച്ചു. പ്രാദേശിക സംസ്കാരത്തില്‍ വേരൂന്നിയ പഴയ മാതൃക മാറ്റിസ്ഥാപിച്ചു. അങ്ങനെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതം മാറ്റിമറിച്ചു. മൂന്ന് പതിറ്റാണ്ടായി നേരിട്ടറിയാവുന്ന വ്യക്തിയാണ്. ഒരിക്കലും രാജ്യത്തിനെതിരെ സംസാരിച്ചിട്ടില്ലെന്ന് ഉറപ്പിച്ചുപറയാനാകും എന്നും സെവാങ് റിഗ്സിന്‍ വ്യക്തമാക്കി.
ഡല്‍ഹിയിലെയും മുംബൈയിലെയും എയര്‍ കണ്ടീഷന്‍ സ്റ്റുഡിയോകളിലിരുന്ന് ലഡാക്കിനെ കുറിച്ച് വിശകലനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ടിവി അവതാരകരോട് അഭ്യര്‍ത്ഥിച്ചു. ലഡാക്ക് ശാന്തമാകട്ടെ, നാട്ടില്‍ സമാധാനം പുലരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.