കാലപ്പഴക്കം മൂലം ഓടാതെയിരിക്കുന്ന സ്കൂട്ടറുകളും കാറുകളും ഇരുമ്പുവിലയ്ക്ക് ആക്രികച്ചവടക്കാര്‍ക്ക് നല്‍കുന്നവര്‍ക്ക് വാഹനവകുപ്പിന്റെ പിഴയടയ്ക്കല്‍ നോട്ടീസ് കിട്ടുന്നത് പതിവായി. വാഹന നിയമം അനുശാസിക്കുന്ന പ്രകാരം ആര്‍ ടി ഓഫീസില്‍ അറിയിപ്പു നല്‍കാതെ വാഹനം ആക്രിയാക്കുന്നവരാണ് വെട്ടിലാവുന്നത്. ആക്രിക്കച്ചവടക്കാരുടെ കൈവശമുള്ള ‘ഒരുവിധം കൊള്ളാവുന്ന’ ഇരുചക്രവാഹനങ്ങള്‍ നന്നാക്കിയെടുത്ത് ഉപയോഗിക്കുന്ന ക്രിമിനല്‍ സംഘങ്ങളും നിരവധിയാണ്.
ആളൊഴിഞ്ഞ ഇടവഴികളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളുടെ മാല തട്ടിപ്പറിച്ചെടുത്ത് ബൈക്കുകളില്‍ രക്ഷപ്പെടുന്ന കവര്‍ച്ചക്കാരില്‍ ചിലര്‍ ഉപയോഗിച്ചത് ഇത്തരത്തിലുള്ള വാഹനങ്ങളാണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. വണ്ടി നമ്പര്‍ പിന്തുടര്‍ന്ന് പൊലീസും വാഹന വകുപ്പധികൃതരും ആര്‍ സി ഉടമയെ തെരയുമ്പോഴാണ് കള്ളി വെളിച്ചത്താവുന്നത്. താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ആക്രിക്കാര്‍ക്കു വിറ്റ വണ്ടിയാണെന്ന് വ്യക്തമാക്കിയാലും പൊലീസ് സ്റ്റേഷനിലും കോടതിയിലും മാസങ്ങളോളം കയറിയിറങ്ങേണ്ട ഗതികേടാണ് ആര്‍ സി ഉടമയ്ക്കുണ്ടാവുക. വാഹനവകുപ്പിന്റെ രേഖകളിലുള്ള പല വാഹനങ്ങളും വര്‍ഷങ്ങളായി ടാക്സ് അടയ്ക്കാതെ കാണപ്പെടുമ്പോഴാണ് ആര്‍ സി ഉടമയ്ക്ക് പിഴ നോട്ടീസ് അയയ്ക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ നടപടി ജപ്തിയിലേയ്ക്കും നീങ്ങും. രേഖകളെല്ലാം ഇപ്പോള്‍ കമ്പ്യൂട്ടറിലായതിനാല്‍ അത്തരം വാഹനങ്ങള്‍ നിമിഷ നേരം കൊണ്ട് കണ്ടെത്താനുമാവും. ക്രിമിനല്‍ കേസുകളില്‍പ്പെട്ട വാഹനങ്ങളുടെ വിശദാംശങ്ങള്‍ പൊലീസ് ആവശ്യപ്പെടുമ്പോഴും ആര്‍ സി ഉടമയെ നോട്ടീസ് അയച്ചു വിളിച്ചു വരുത്തും. ആളെ തിരിച്ചറിഞ്ഞാല്‍ പൊലീസ് രായ്ക്കുരാമാനം ആര്‍ സി ഉടമയുടെ വീട്ടിലും ചെല്ലും.
സമീപകാലത്ത് ഈ പ്രവണത ഏറിയ സാഹചര്യത്തില്‍ ആര്‍ സി ഉടമകള്‍ക്ക് ബോധവത്ക്കരണവുമായി വാഹനവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. കാലപ്പഴക്കം മൂലം ഉപയോഗിക്കാനാവാത്ത വാഹനമുള്ളവര്‍ ആക്രികച്ചവടക്കാര്‍ക്ക് അവ കൈമാറും മുമ്പ് ആര്‍ സി ബുക്ക് ബന്ധപ്പെട്ട ആര്‍ ടി ഓഫീസില്‍ സറണ്ടര്‍ ചെയ്യണമെന്ന് എറണാകുളം ജോയിന്റ് ആര്‍ ടി ഒ കെ ആര്‍ സുരേഷ് പറഞ്ഞു. തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ആര്‍ സി ഉടമയുടെ വീട്ടിലെത്തി വാഹനം പരിശോധിച്ച് ഉടമയുടെ മൊഴി ശരിയാണോ എന്ന് വിലയിരുത്തും. ഫീല്‍ഡ് ഓഫീസര്‍ ( എ എം വി) നല്‍കുന്ന റിപ്പോര്‍ട്ടു പ്രകാരമായിരിക്കും ആര്‍ ടി ഒ തുടര്‍ നടപടി സ്വീകരിക്കുക. ഈ നടപടി ക്രമം പാലിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ഇരുമ്പുവിലയ്ക്ക് വാഹനം കൈമാറിയാല്‍ തുടര്‍ന്നുണ്ടാവാനിടയുള്ള എല്ലാ സിവില്‍, ക്രിമിനല്‍ വ്യവഹാരങ്ങള്‍ക്കും ആര്‍ സി ഉടമ ഉത്തരവാദിയാകുമെന്ന് വാഹനവകുപ്പധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിയമത്തെക്കുറിച്ചറിയാവുന്ന നല്ലൊരു പങ്ക് ആര്‍ സി ഉടമകളും ഇത്തരത്തില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്യാറുണ്ടെങ്കിലും ഒട്ടേറെ പേര്‍ മറിച്ച് പ്രവര്‍ത്തിക്കുന്നതായാണ് അനുഭവമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തങ്ങളുടെ പഴയ വാഹനത്തെക്കുറിച്ചോ ആര്‍ ബി ബുക്കിനെക്കുറിച്ചോ വിവരമില്ലാത്തവര്‍ക്ക് അക്കാര്യം 100 രൂപയുടെ മുദ്രപ്പത്രത്തില്‍ സത്യവാങ് മൂലമായി അറിയിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
വര്‍ഷങ്ങളായി ടാക്സ് അടയ്ക്കാത്ത ആര്‍ സി ഉടമകളും വാഹനവകുപ്പിനെ അറിയിക്കാതെ വണ്ടികള്‍ ആക്രിക്കാര്‍ക്ക് വിറ്റവരും നിരവധിയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പിഴ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. മോഷ്ടാക്കള്‍ കടത്തിക്കൊണ്ടു പോയ വാഹനങ്ങളെക്കുറിച്ച് പിന്നീട് വിവരമൊന്നും കിട്ടാത്തവര്‍ക്കും പഴയ വാഹനങ്ങളുടെ ആര്‍ സി ബുക്ക് നഷ്ടമായവര്‍ക്കും പുതിയ ഉത്തരവ് പ്രകാരം ചെറിയൊരു തുകയടച്ച് പിഴയില്‍ നിന്നും തുടര്‍നടപടികളില്‍ നിന്നും ഒഴിവാകാന്‍ കഴിയും. 2022 മാര്‍ച്ച് 31 വരെ നാല് വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശികയുള്ളവര്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആനുകൂല്യം ലഭിക്കുക. നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനഉടമകള്‍ കുടിശികയുടെ 40 ശതമാനവും ട്രാന്‍സ്പോര്‍ട്ട് വാഹന ഉടമകള്‍ 30 ശതമാനവും മാത്രം അടച്ചാല്‍ ജപ്തി, പിഴ നടപടികളില്‍ നിന്ന് ഒഴിവാകും. ഈ മാസം 31 വരെയാണ് ഇളവ്. വാഹനം രജിസ്റ്റര്‍ ചെയ്ത ശേഷം ഒരിക്കല്‍ പോലും നികുതി അടയ്ക്കാത്തവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് എന്‍ഫോഴ്സ് മെന്റ് ആര്‍ ടി ഒ ജി അനന്തകൃഷ്ണന്‍ വ്യക്തമാക്കി. എറണാകുളം ജില്ലയിലെ രണ്ട് ആര്‍ ടി ഓഫീസുകളിലും ഏഴ് സബ് ആര്‍ ടി ഓഫീസുകളിലും തുക അടയ്ക്കാന്‍ കഴിയും.
English Summary: Failure to inform the Motor Vehicle Department will result in fine and impoundment
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.