അവിശ്വാസികൾ തീർത്തും നശിച്ചു പോകാൻ കഠിനമായി പ്രാർത്ഥിക്കുമെന്ന് ചിലർ. ചിലരാണെങ്കിൽ ഈ തറവാട് പ്രത്യേക സമുദായത്തിന്റേതു മാത്രമെന്ന് പറയുന്നു. സമകാലിക ഇന്ത്യയില്‍ മത‑ജാതി ഭ്രാന്ത് തലയിൽ കയറി, സമൂഹത്തിൽ ഉന്നത പദവിയിലിരിക്കുന്ന പലരും പ്രാകൃത ചിന്തകളുടെ അപ്പോസ്തലന്മാരാകുകയാണ്. മനുഷ്യരെ നിറത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരിൽ വിഭജിച്ചുനിർത്താൻ കച്ചകെട്ടിയിറങ്ങിയ ഭരണകൂടങ്ങളെ വരെ പലയിടങ്ങളിലും കാണാം. ദേവാലയങ്ങളിൽ പോലും ജാതിയുടെ പേരിൽ തരംതിരിവ് ഉണ്ടാക്കുന്നു. ദൈവത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരെന്ന് പഠിപ്പിച്ച ദർശനങ്ങളുള്ള ഈ രാജ്യത്താണ് ഇതൊക്കെ നടക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ചുള്ള ഗൗരവതരമായ ചില സന്ദേഹങ്ങൾ ഗാന്ധിജി പലപ്പോഴും പങ്കുവയ്ക്കുന്നുണ്ട്. ദൈവത്തെ നിഷേധിച്ചു കൊണ്ടല്ല, മറിച്ച് വ്യവസ്ഥാപിതമായ കാഴ്ചപ്പാടുകളെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടാണത്. സ്നേഹം, സത്യം, നീതി, അഹിംസ തുടങ്ങിയവയെ പകരം പ്രതിഷ്ഠിക്കുന്ന ഒരു ദൈവശാസ്ത്രം ഗാന്ധിജി തന്റെ ചിന്തയിലും എഴുത്തിലും പ്രവൃത്തിയിലും നിരന്തരം മുന്നോട്ടുവയ്ക്കുന്നുണ്ട്. റൗലറ്റ് സത്യഗ്രഹവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ സത്യഗ്രഹം എന്താണെന്നു വിവരിക്കുന്ന ലഘുലേഖയിൽ ഗാന്ധി പറയുന്നത്, സത്യമെന്നത് സ്നേഹമാണെന്നാണ്. ‘ധർമ്മത്തിന്റെ ഒരു പ്രമാണമനുസരിച്ച് സത്യം സ്വയമേ ഒരു മതമാണ്. രണ്ടാമത്തെ പ്രമാണം സത്യം പോലെ സ്നേഹവും ഒരു മതമാണെന്നതാണ്. സ്നേഹവും സത്യവുമില്ലാതെ മതം നിലനിൽക്കുക അസാധ്യമാണ്’. ഇതൊക്കെ നിരന്തരം പറഞ്ഞതുകൊണ്ടാണ് മതഭ്രാന്ത് തലയിൽ കയറിയവർ അദ്ദേഹത്തെ വെടിയുണ്ടയ്ക്ക് ഇരയാക്കിയത്. ഗാന്ധിയെ വധിച്ചവരുടെ പിൻമുറക്കാരാണ് ഇപ്പോഴും ദൈവത്തെയും മതത്തെയും ദുർവ്യാഖ്യാനിച്ച് ജനമനസിൽ വിഭാഗീയതയുടെ വിഷം നിറയ്ക്കുന്നത്.
ഭാരതത്തിന്റെ ദർശനങ്ങൾ പറയുന്നത് മനുഷ്യനെ ഒന്നായിക്കാണാനാണ്. ഭഗവദ് ഗീതയിൽ കർമ്മസന്യാസ യോഗത്തിൽ പറയുന്നു:
“വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്‍ശിനഃ ”
വിദ്യയും വിനയവുമുള്ള ബ്രഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെ തിന്നുന്നവനിലും പരമജ്ഞാനികൾ സമത്വം ദർശിക്കുന്നു. മനുഷ്യനെ വിഭജിക്കുന്ന ഹിന്ദുത്വശക്തികൾക്കും മറ്റു മതമൗലിക വാദ ശക്തികൾക്കും മനുഷ്യനെ തന്നെ ഒന്നായി കാണാൻ സാധിക്കുന്നില്ല. ‘ഈശ്വരഃ സര്വഭൂതാനാം ഹൃദ്ദേശേഽര്‍ജുന തിഷ്ഠതി’ (എല്ലാ വസ്തുക്കളിലും ഈശ്വര ചൈതന്യം ദർശിക്കുക) ഇതാണ് ദർശനങ്ങളുടെ സന്ദേശം. പ്രാർത്ഥനയെക്കുറിച്ച് പൗരാണിക ദർശനങ്ങൾ പറയുന്നു-’ ആത്മവിശ്വാസത്തെ വർധിപ്പിക്കാനാണ്, നിങ്ങൾ ആഗ്രഹിക്കുന്ന സംഗതികൾ ലഭിക്കാൻ വേണ്ടി ഉള്ളതല്ല’ എന്ന്. എല്ലാവരെയും മനുഷ്യരായി കാണാനും സകല ചരാചരങ്ങളിലും ഈശ്വര ചൈതന്യം ദർശിക്കുന്നതിന് സഹായിക്കുന്ന പ്രക്രിയയുമാവണം പ്രാർത്ഥന.
സമസൃഷ്ടികളെ സ്നേഹിച്ചും സേവിച്ചും ശുദ്ധീകരിച്ചുമാണ് ഈശ്വര താദാത്മ്യം പ്രാപിക്കേണ്ടതെന്ന മഹാതത്വം ഒരു കാലഘട്ടത്തിന്റെ മുഴുവൻ കരുത്തും സംഭരിച്ചുകൊണ്ട് തലമുറകളെ ഉദ്ബോധിപ്പിച്ച മഹാനായ മനുഷ്യനാണ് പൂന്താനം. ഭൗതിക ജീവിതത്തിൽ എത്ര കൊടിയ ഉച്ചനീചത്വങ്ങളും തത്ഫലമായുള്ള ദൈന്യതകളും ഉണ്ടെങ്കിലും ഈശ്വരന്റെ മുന്നിൽ മനുഷ്യർ തുല്യരാണ് എന്നാണദ്ദേഹത്തിന്റെ ദർശനം. കപട ബ്രാഹ്മണ്യത്തിന്റെ, പൗരോഹിത്യത്തിന്റെ നേർക്ക് അദ്ദേഹം തൊടുത്തുവിടുന്ന ശരങ്ങൾ നോക്കുക:
“കാൺക നമ്മുടെ സംസാരം കൊണ്ടത്രെ
വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ
ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവും തനിക്കൊക്കായെന്നും ചിലർ
അർത്ഥാശയ്ക്കു വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ”
വിവേകാനന്ദൻ പറയും ‘മതമല്ല ഭാരതത്തിന്റെ ആവശ്യം. പട്ടിണി കിടക്കുന്നവർക്ക് മതം കൊടുക്കുന്നത് പരിഹാസമാണ്. പട്ടിണി കിടക്കുന്നവനെ തത്വജ്ഞാനം പഠിപ്പിക്കുന്നത് പരിഹാസമാണ്’. ഭഗവദ് ഗീത പറയും (7–7) ‘പല നിറമുള്ള പളുങ്കു പലകകളിൽ കൂടി ഒരേ വെളിച്ചം വരികയാണ്. ഇണങ്ങാൻ ചില്ലറ വൈവിധ്യങ്ങൾ വേണം താനും. എന്നാൽ എല്ലാറ്റിന്റെയും ഹൃദയത്തിൽ ഒരു സത്യമുണ്ട്’. വ്യാസൻ കൃഷ്ണനെ കൊണ്ട് പറയിപ്പിക്കുന്നു ‘മണിമാലയിലെ നൂലുപോലെ എല്ലാ ചരാചരങ്ങളിലും ഞാനുണ്ട്-മയി സർവമിദം പ്രോതം സൂത്രേ മണിഗണാ’.
ഇതൊന്നും ഹിന്ദുത്വ പ്രചാരകർക്ക് മനസിലാവില്ല. അസാധാരണ വിശുദ്ധിയും അസാധാരണ ശക്തിയും മനുഷ്യവർഗത്തെ ഉയർത്തുകയും ശുദ്ധീകരിക്കുകയും ചെയ്യും. അതാണ് ഗാന്ധിയും മാർക്സും പറഞ്ഞത്. ഹിന്ദുവിന്, അതിൽ വിശ്വാസികൾക്ക് മാത്രമേ മോക്ഷമുള്ളു എന്ന തരത്തിൽ ഒരു വാക്കെങ്കിലും ദർശനങ്ങളിൽ എവിടെയെങ്കിലും കാണില്ല. ഈ കാണുന്നതല്ല മതമെന്നും സത്യം, സ്നേഹം തുടങ്ങിയ ഉത്കൃഷ്ടതകളാണ് യഥാർത്ഥ മതമെന്നും അവ പറഞ്ഞുവച്ചു. അടുപ്പിച്ചു കൊണ്ടുവരാനാണ് ഭാരതം പഠിപ്പിച്ചത്. കാറൽ മാർക്സ് പറഞ്ഞതും അതുതന്നെ. മനുഷ്യനെ ചേർത്തു പിടിക്കാൻ മാർക്സ് പറഞ്ഞു. പ്രപഞ്ചത്തിന്റെ മാനദണ്ഡം മനുഷ്യനാണെന്നും പറഞ്ഞു. അവനവനിലുള്ള സർഗാത്മകതയെ, ഇച്ഛാശക്തിയെ ഉയർത്താൻ അദ്ദേഹം പറഞ്ഞു. ഗാന്ധിജി പറഞ്ഞതും ഇതുതന്നെ. അതാണ് അവർക്ക് മുമ്പേ വ്യാസനും പറഞ്ഞത്. ഇന്ന് വിശ്വാസികൾ എന്ന് പറയപ്പെടുന്നവർ, കടുത്ത അനാചാരങ്ങളുടെയും അന്ധവിശ്വാസത്തിന്റെയും കേന്ദ്രമാക്കി മതത്തെയും ദേവാലയങ്ങളെയും മാറ്റി. മതത്തെ ഉയർന്ന മൂല്യങ്ങളിൽ നിന്ന് അവർ തള്ളി താഴെയിട്ടു. അധികാരം നിലനിർത്താനും സമ്പത്ത് കുന്നുകൂട്ടാനും വേണ്ടിയായിരുന്നു അത്. അവർ മനുഷ്യമഹത്വത്തെ അകറ്റി നശിപ്പിച്ചു. മതമെന്നത് അയൽപക്കത്തിന്റെ സന്തോഷമാണ് എന്നത് വർഗീയ വാദികൾ വിസ്മരിച്ചു. ഇന്നത്തെ അവസ്ഥ യഥാർത്ഥ മതത്തിന്റെ മരണത്തെ സൂചിപ്പിക്കുന്നു. ലോകം എന്ന സത്ത എന്റെ ജീവിതത്തെ ചുംബിക്കുന്നത് എന്റെ അയൽപക്കത്തിലൂടെയാണ് എന്ന് മഹാത്മാവ് പഠിപ്പിച്ചത് നാം വിസ്മരിച്ചു.
സംഘ്പരിവാറിന് ഭാരതീയ വീക്ഷണമില്ല. ഉപനിഷദ് എന്നാൽ അടുത്തിരുന്ന് പഠിക്കുക എന്നാണ്. ഉപനിഷത്തും വിവേകാനന്ദനും ഗാന്ധിജിയും വിപരീത അഭിപ്രായക്കാരെ നശിപ്പിക്കാൻ പറഞ്ഞിട്ടില്ല. സംഘ്പരിവാറിന്റെ ചിന്ത സമന്വയത്തിന്റേതല്ല. വൈവിധ്യങ്ങളുടെ സമ്മേളനമാണ് ഭാരതീയ ദർശനങ്ങൾ. അത് അവർ മനസിലാക്കില്ല. മതത്തിന്റെ പേരിൽ മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതും പറയുന്നതുമാണ് അവരുടെ മതം. അതാണ് നാമിന്ന് കാണുന്നത്. ഇതിനെ തോല്‍പ്പിച്ചാലെ മാനവികതയ്ക്ക് മുന്നോട്ടു പോകാൻ സാധ്യമാവുകയുള്ളു.
നമ്മുടെ പ്രശ്നങ്ങൾ ആത്മീയമാക്കി തീർക്കുക എന്നതിനർത്ഥം മറ്റുള്ളവരെ ഏല്പിക്കുക എന്നാണ് പൗരോഹിത്യം വിവക്ഷിക്കുന്നത്. ഇങ്ങനെ പലരെയും ഏല്പിച്ചിട്ട് എനിക്കു സ്വതന്ത്രനാകാം എന്നു പറയുന്നതാണ് ഇന്നത്തെ മനുഷ്യന്റെ അവസ്ഥ. ഇത്തരത്തിലുള്ള ഒരവസ്ഥയുണ്ടാക്കി അനുയായികളെ സൃഷ്ടിക്കാമെന്നും, നയിക്കാമെന്നും അവർ കരുതുന്നു. ഇങ്ങനെയുള്ള ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കാൻ കെട്ടുകാഴ്ചകൾ വേണം എന്നും ഫാസിസം മനസിലാക്കുന്നു. അതുകൊണ്ടാണ് അവർ ഘോഷയാത്രകൾ നടത്തുന്നത്, ഇടയ്ക്ക് പ്രകോപനപരമായ വാക്യങ്ങള്‍ ഉരുവിടുന്നത്. ഭക്തിയില്ലാതെ ഭക്തരെ നയിക്കാം എന്നും, ഖുർ ആൻ അറിയാതെ, ബൈബിൾ വായിക്കാതെ, വേദങ്ങളും ഉപനിഷത്തും പുരാണങ്ങളും വായിക്കാതെ ഹിന്ദുവിനെയും മുസ്ലിമിനെയും, ക്രിസ്ത്യാനിയെയും നയിക്കാം എന്നതും ഫാസിസ്റ്റ് സിദ്ധാന്തത്തിന്റെ പ്രയോഗരീതിയാണ്. ഇന്ത്യൻ മനസിനെ വായിക്കുവാൻ, ഇന്ത്യൻ സമുദായത്തെ വായിക്കുവാൻ ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഫാസിസ്റ്റുകൾ മനസിലാക്കി വച്ചിരിക്കുന്നു.
യഥാർത്ഥ വിശ്വാസി മനുഷ്യനെ സ്നേഹിക്കും. വിശ്വാസിയുടെ മുന്നിൽ മതവും ജാതിയും അവിശ്വാസിയുമില്ല. അവർ എല്ലാവരെയും ഒരു പോലെ കാണും. യഥാർത്ഥ അവിശ്വാസിയും മനുഷ്യനെ സ്നേഹിക്കും. മനുഷ്യ സേവനത്തിന് ജീവിതം അർപ്പിക്കും. അവനവനെ കണ്ടെത്തി മറ്റുള്ളവരെ സഹായിക്കും. അവനവനെ കണ്ടെത്തലാണ് ജീവിതം എന്ന് വ്യാസൻ പണ്ടേ പറഞ്ഞു. യഥാർത്ഥ അവിശ്വാസിക്ക്, യഥാർത്ഥ വിശ്വാസിക്ക് മനുഷ്യനാണ് പ്രധാനം. അസാമാന്യമായ സർഗപ്രതിഭ മനുഷ്യരിൽ ഉണ്ട് എന്നവർക്കറിയാം. അത് വളർത്താൻ അവർ പ്രവര്‍ത്തിക്കും. എന്നാല്‍ കപടവിശ്വാസികൾ ദൈവത്തെ വിറ്റു കാശാക്കും. മതത്തെ ദുർവ്യാഖ്യാനിക്കും. ജനാധിപത്യ ധാർമ്മികതയ്ക്കും ധാർമിക പ്രചോദനത്തിനും ഊർജം നൽകുന്നു ഗാന്ധിസവും മാർക്സിസവും ഭാരതത്തിന്റെ ദർശനങ്ങളും.
മതവിശ്വാസികളെക്കാൾ എളുപ്പത്തിൽ ഇതിന്റെ നേതൃത്വമേല്‍ക്കാനും മാതൃകയാകാനും, മതരഹിതർക്കും ഗാന്ധിയുടെയും മാർക്സിന്റെയും അനുയായികൾക്കും സാധിക്കും. മനുഷ്യരെ തമ്മിൽ അകറ്റാൻ ഭരണകൂടം തന്നെ മതത്തെ ഉപയോഗിക്കുമ്പോൾ പൗരസമൂഹം അതിനെ ഇത്തരത്തിൽ പ്രതിരോധിക്കണം.
ഈശ്വര സങ്കല്പത്തിന്റെ സഹായം കൂടാതെയാണ് ബുദ്ധൻ മാനവികത കണ്ടെത്തിയത്. ദാരിദ്ര്യവും രോഗവും ഇല്ലാത്ത അവസ്ഥയാണ് മനുഷ്യാവകാശങ്ങളുടെ കാതലെന്ന് മനസിലാക്കി അദ്ദേഹം. മനുഷ്യരെല്ലാം തുല്യരെന്ന തത്വം അവതരിപ്പിച്ചു മതങ്ങൾ. അതിൽ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അംശങ്ങൾ അടങ്ങിയിരിക്കുന്നു. “ഈശ്വര കാരുണ്യവും വെളിപാടും ഒരു വംശത്തിന്റെയും രാഷ്ട്രത്തിന്റെയും കുത്തകയല്ല. ഈശ്വരാന്വേഷകരാകാം ആർക്കും. ഈശ്വരൻ ഇരുളല്ല, പ്രകാശമാണ്, സ്നേഹമാണ്. വെറുപ്പല്ല, സത്യമാണ്. കീറിയ വസ്ത്രം ധരിച്ച സുദാമാവിനെയാണ് ശ്രീകൃഷ്ണൻ ബഹുമാനിച്ചത്. സ്നേഹമാണ് മതത്തിന്റെ തായ് വേര് ” ഇത് രാഷ്ട്രപിതാവ് യങ് ഇന്ത്യയിൽ എഴുതിയത് 1924ൽ.
കപടവിശ്വാസികളുടെ മനുഷ്യനെ വിഭജിക്കുന്ന പ്രക്രിയകൾക്കെതിരെ, തറവാടിത്ത മേനിപറച്ചിലിനെതിരെ പോരാടണം. ജീവിച്ചിരിക്കുമ്പോൾ ചൈതന്യത്തോടെ ജീവിക്കാനാണ് മഹാഭാരതം പറയുന്നത്. വേദം മുതൽ എല്ലാ ഗ്രന്ഥങ്ങളിലും മർമ്മപദമായി മനുഷ്യർ എന്ന വാക്കാണ് ഉപയോഗിക്കപ്പെട്ടു കാണുന്നത്. ഒന്നുകിൽ ‘മനുഷ്യർ’ അല്ലെങ്കിൽ ‘എല്ലാവരും’. ഗായത്രീ മന്ത്രത്തിൽ ‘ഞങ്ങൾ’ എന്ന വാക്കാണ് കർത്തൃപദം-‘ഞങ്ങളുടെ ബുദ്ധിയെ നീ പ്രചോദിപ്പിക്കൂ, അല്ലയോ സൂര്യാ’. ഇതൊന്നും കപടഭക്തർക്ക്, മതമൗലികവാദികൾക്ക് മനസിലാവില്ല, മനസിലാക്കുകയുമില്ല. എല്ലാവരെയും ചേർത്തു പിടിക്കുന്നവരാണ്, ഞങ്ങൾ എന്നുറക്കെ പറയുന്നവരാണ് യഥാർത്ഥ വിശ്വാസിയും യഥാർത്ഥ അവിശ്വാസിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.