19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 17, 2024
March 24, 2024
February 8, 2024
October 19, 2023
July 18, 2023
January 29, 2023
November 26, 2022
June 27, 2022
January 18, 2022
December 10, 2021

ഗുരുവായൂർ ക്ഷേത്രത്തിനെതിരെ വ്യാജ പ്രചാരണം: നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം

Janayugom Webdesk
തൃശൂർ
March 24, 2024 10:11 pm

ഗുരുവായൂർ ക്ഷേത്രത്തിനെതിരെ സാമൂഹ മാധ്യമങ്ങളില്‍ ആസൂത്രിതമായ വ്യാജ പ്രചാരണങ്ങള്‍ നിറയ്ക്കുന്നതായി ആക്ഷേപം. ഗുരുവായൂർ ദേവസ്വത്തിന്റെ 450 കോടി രൂപയുടെ ബാങ്ക് നിക്ഷേപം കാണാനില്ലെന്നാണ് പുതിയ പ്രചാരണം. സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ അണികൾ വൻ തോതിൽ ഇത് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ 450 കോടിയുടെ ബാങ്ക് നിക്ഷേപം കാണുന്നില്ലെന്ന തരത്തിൽ ഓൺലൈൻ മാധ്യമത്തിലെ പ്രചാരണം അസംബന്ധവും സത്യവിരുദ്ധവുമാണെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പറഞ്ഞു. ദേവസ്വത്തിന്റെ ഒരു നയാ പൈസയുടെ ബാങ്ക് നിക്ഷേപവും നഷ്ടപ്പെട്ടിട്ടില്ല. ദേവസ്വംആക്ട് പ്രകാരം നിയമാനുസൃതമായ ബാങ്കുകളിൽ മാത്രമാണ് ദേവസ്വം സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളത്. നിക്ഷേപ സുരക്ഷിതത്വം ഉറപ്പു നൽകുന്ന ബാങ്കുകളിലാണ് എല്ലാ നിക്ഷേപങ്ങളും. ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ ചെയര്‍മാന്‍ അറിയിച്ചു.

ഒരു ഓൺലൈൻ മാധ്യമമാണ് ഈ നട്ടാൽ കുരുക്കാത്ത നുണ റിപ്പോർട്ട് ചെയ്തത്. ഈ നുണകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുകയാണ്. ഇത്തരം നുണകൾ പ്രചരിപ്പിച്ച് ഭക്തരിൽ വിദ്വേഷം പരത്താനുള്ള ശ്രമം അത്യന്തം നീചവും അപലപനീയവുമാണ്. ശ്രീഗുരുവായൂരപ്പന്റെ ഭക്തർ ഈ വിദ്വേഷ പ്രചാരണം തിരിച്ചറിയും. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഭക്തജന സമൂഹം നിതാന്തജാഗ്രത പാലിക്കണമെന്നും ദേവസ്വത്തെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു.

ആദായനികുതി വകുപ്പ് ഈ മാസം ആദ്യം ഗുരുവായൂര്‍ ദേവസ്വത്തില്‍ പരിശോധനകള്‍ നടത്തുകയും പല ആക്ഷേപങ്ങളും ഉന്നയിക്കുകയും ചെയ്തിരുന്നു. അക്കൗണ്ടിങ് ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും ദേവസ്വത്തില്‍ ഓഡിറ്റ് നടക്കുന്നില്ലെന്നും കൃത്യമായ വരവുചെലവു കണക്കുകൾ സൂക്ഷിക്കുന്നില്ലെന്നും ആയിരുന്നു വെളിപ്പെടുത്തൽ. മാത്രമല്ല തങ്ങൾ അയച്ച നിയമപരമായ നോട്ടീസുകൾക്ക് മറുപടി നൽകാത്തതിനെ തുടർന്നായിരുന്നു പരിശോധനയെന്നും ആദായനികുതി വകുപ്പ് പറഞ്ഞിരുന്നു. 

എന്നാല്‍ കേന്ദ്ര സർക്കാർ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയ സ്ഥാപനമാണ് ഗുരുവായൂർ ദേവസ്വം എന്നും ഇതുവരെ ആദായ നികുതി നൽകിയിട്ടില്ലെന്നും ദേവസ്വം അന്നു തന്നെ അറിയിച്ചിരുന്നു. ദേവസ്വം ആദായനികുതി റിട്ടേണും നൽകാറില്ല. പക്ഷെ ഗുരുവായൂർ ദേവസ്വത്തിൽ ഓഡിറ്റ് നടക്കാറില്ലെന്ന വാർത്ത ശരിയല്ലെന്നും സംസ്ഥാന സർക്കാരിന്റെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ദേവസ്വം ഓഫീസിൽ പ്രവർത്തിച്ച് കൺകറന്റ് ഓഡിറ്റ് നടത്തുന്നുണ്ടെന്നും ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: Fake cam­paign against Guru­vayur tem­ple: Devas­wom to take legal action

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.