9 December 2025, Tuesday

Related news

November 17, 2025
November 12, 2025
November 12, 2025
October 23, 2025
October 6, 2025
September 19, 2025
September 11, 2025
September 8, 2025
August 7, 2025
August 6, 2025

ജനംടിവിക്കും ജന്മഭൂമിക്കും എതിരെ ഡൽഹി ഹൈക്കോടതി; വ്യാജവാർത്തകൾ നീക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
July 22, 2024 10:32 pm

മാധ്യമസ്ഥാപനമായ ന്യൂസ് മിനിറ്റിന്റെ സ്ഥാപക ധന്യ രാജേന്ദ്രനെതിരെയുള്ള അപകീർത്തികരമായ പ്രസ്താവനകൾ അടങ്ങിയ യൂട്യൂബ് വീഡിയോകളും ലേഖനങ്ങളും നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ധന്യ നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി. ജസ്റ്റിസ് വികാസ് മഹാജന്റേതാണ് ഇടക്കാല ഉത്തരവ്. 

ജനം ടിവി, ജന്മഭൂമി, കർമ്മ ന്യൂസ്, ന്യൂസ് ഇന്ത്യ മലയാളം എന്നീ മാധ്യമങ്ങളോടാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. ധന്യക്കെതിരെ പ്രസിദ്ധീകരിച്ച വീഡിയോകളും ലേഖനങ്ങളും പത്തുദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് നിർദേശം. മാധ്യമസ്ഥാപനങ്ങള്‍ സമയപരിധിക്കകം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ലെങ്കിൽ യുട്യൂബിനെ സമീപിക്കാൻ ധന്യക്കും ന്യൂസ് മിനിറ്റിനും സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ധന്യക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനോ അതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ വ്യക്തമാക്കാനോ എതിര്‍പക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. വീഡിയോയിലെയും ലേഖനത്തിലെയും ഉള്ളടക്കങ്ങള്‍ വെറും ആരോപണം മാത്രമാണെന്നും കോടതി വിലയിരുത്തി. കേസ് അടുത്ത ഒക്ടോബറിൽ കോടതി വീണ്ടും പരിഗണിക്കും.
കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ ദി ന്യൂസ് മിനിറ്റ് ഉള്‍പ്പെടെ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്ന് ‘കട്ടിങ് സൗത്ത് 2023’ എന്ന പേരില്‍ കൊച്ചിയില്‍ 2023 മാര്‍ച്ച് 25ന് ഒരു കോണ്‍ക്ലേവ് നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ധന്യക്കെതിരെ ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ രംഗത്തുവന്നത്. ഇന്ത്യയില്‍ ആഭ്യന്തര സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ജോര്‍ജ് സോറോസിന്റെ ഏജന്റാണ് ധന്യയെന്നായിരുന്നു ആരോപണം.

ഇക്കാര്യം സംബന്ധിച്ച് നിരവധി ലേഖനങ്ങളും വീഡിയോകളും ഈ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ധന്യയുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചെന്നും ദക്ഷിണേന്ത്യയെ വെട്ടിമുറിക്കാനും വിഭജിക്കാനുമാണ് ‘കട്ടിങ് സൗത്ത് 2023’ ശ്രമിച്ചതെന്നും ഈ മാധ്യമങ്ങൾ ആരോപണമുയര്‍ത്തിയിരുന്നു.
ധന്യ രാജേന്ദ്രന് പുറമെ നൂറിലധികം ഡിജിറ്റൽ മീഡിയ ഓർഗനൈസേഷനുകളുടെയും സ്വതന്ത്ര പത്രപ്രവർത്തകരുടെയും കൂട്ടായ്മയായ ഡിജിപബ്ബിനെതിരെയും നിരവധി ആരോപണങ്ങൾ നാല് മാധ്യമസ്ഥാപനങ്ങളും ഉന്നയിച്ചിരുന്നു. സ്വതന്ത്ര വാർത്താ പ്രസിദ്ധീകരണങ്ങളായ ആൾട്ട് ന്യൂസ്, ദി വയർ, ദി ക്വിന്റ്, സ്ക്രോൾ, ദി ന്യൂസ് മിനിറ്റ്, ന്യൂസ്‌ലോൺഡ്രി തുടങ്ങിയ സ്ഥാപനങ്ങള്‍ അടങ്ങിയ കൂട്ടായ്മയാണ് ഡിജിപബ്. ധന്യ രാജേന്ദ്രൻ ചെയർപേഴ്‌സണായ ഈ കൂട്ടായ്മ വഴിയാണ് അന്താരാഷ്ട്ര ശൃംഖലയുടെ പണമെത്തുന്നതെന്നും ചില ലേഖനങ്ങൾ ആരോപിച്ചിരുന്നു. 

Eng­lish Sum­ma­ry: Fake news should be removed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.