4 March 2026, Wednesday

Related news

February 25, 2026
February 24, 2026
February 24, 2026
February 18, 2026
February 13, 2026
February 11, 2026
February 11, 2026
February 10, 2026
February 6, 2026
February 6, 2026

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ തെറ്റായ പ്രചാരണം; ഫേസ്ബുക്ക് പേജിനെതിരെ മന്ത്രിയുടെ ഓഫിസ് പൊലീസ് മേധാവിക്ക് പരാതി നൽകി

Janayugom Webdesk
തിരുവനന്തപുരം
July 18, 2025 7:42 pm

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ തെറ്റായ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പേജിനെതിരായി മന്ത്രിയുടെ ഓഫിസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ‘കലയന്താനി കാഴ്ചകൾ’ എന്ന ഫേസ്ബുക്ക് പേജിനെതിരായാണ് പരാതി നല്‍കിയത്. ഹൃദ്രോഗത്തെത്തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ മന്ത്രി ചികിത്സ തേടിയിരുന്നു. ഇതിലെ ആഞ്ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട്, കേവലം ഒരു ദിവസത്തെ ചികിത്സയ്ക്കായി മന്ത്രി വലിയ തുക അനധികൃതമായി കൈപ്പറ്റി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പേജിൽ വാര്‍ത്ത പ്രസിദ്ധീകരിച്ചു. “അതിസമ്പന്നർ പോലും കിടക്കാൻ ആഗ്രഹിക്കുന്ന മെഡിക്കൽ കോളജിൽ കേവലം ഒരു ദിവസം കിടന്ന വകയിൽ മന്ത്രി എഴുതി വാങ്ങിയത് 1,91,601 രൂപ” എന്നാരംഭിക്കുന്ന പോസ്റ്റിൽ പറയുന്ന വിവരങ്ങൾ തികച്ചും വാസ്തവവിരുദ്ധവും അങ്ങേയറ്റം മോശമായ മനസുകളുടെ ഗൂഢാലോചനയുടെ ഭാഗമായി സൃഷ്ടിച്ചതുമാണെന്ന് ധനമന്ത്രി അറിയിച്ചു. 

2024 മേയ് 12നായിരുന്നു എനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി പരിശോധനകൾ നടത്തിയ ശേഷം ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് അഡ്മിറ്റ് ആയത്. തുടർപരിശോധനകളിലൂടെ ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തുകയും മേയ് 14ന് പുലർച്ചെ ആൻജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുകയും ചെയ്തിരുന്നു. പിന്നീട് മേയ് 17ന് ഡിസ്ചാർജ്ജാകുകയും ചെയ്തു. എന്നാൽ പ്രസ്തുത ചികിത്സയ്ക്കായി മെഡിക്കൽ കൊളജിൽ കെട്ടിവെച്ച തുകയുടെ റീ ഇംബേഴ്സ്മെന്റിനെ സംബന്ധിച്ചാണ് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ ഈ പ്രചാരണം യുഡിഎഫ് – സംഘപരിവാർ അനുകൂല സോഷ്യൽമീഡിയാ ഹാൻഡിലുകൾ വഴിയും യൂട്യൂബ് ചാനലുകൾ വഴിയും നടത്തിക്കൊണ്ടിരിക്കുന്നത്. ആഞ്ജിയോപ്ലാസ്റ്റി നടത്താൻ എപിഎൽ വിഭാഗത്തിൽപ്പെട്ട, മെഡിക്കൽ കവറേജ് ഉള്ള ഒരാൾക്ക് സർക്കാർ ആശുപത്രിയിൽ ചാർജ് ചെയ്യുന്ന സാധാരണ തുക മാത്രമാണിത് (മെഡിക്കൽ കവറേജുള്ള ആളുകൾക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ സൗജന്യമല്ല). മേയ് 12ന് അഡ്മിറ്റ് ആകുകയും 17ന് ഡിസ്ചാർജ് ആകുകയും ചെയ്തതിനെയാണ് വെറും 24 മണിക്കൂർ ചികിത്സ എന്ന് പ്രചരിപ്പിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഹൃദ്രോഗം പോലെ ഗൗരവതരമായ ഒരു സംഗതിയ്ക്ക്, ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇതിന്റെ എത്രയോ ഇരട്ടി തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനുള്ള അനുമതിയുണ്ടായിട്ടും, താരതമ്യേന ചെലവുകുറഞ്ഞ നമ്മുടെ പൊതു ആരോഗ്യസംവിധാനത്തെ ഉപയോഗപ്പെടുത്തിയതാണ് താന്‍ ചെയ്ത കുറ്റമെന്നാണോ പ്രചാരണം നടത്തുന്നവർ പറയുന്നതെന്നും മന്ത്രി ചോദിച്ചു.
ഒരുവർഷമായി പലരീതിയിൽ നടത്തിവരുന്ന ഈ പ്രചാരണത്തെ അവഗണിക്കുകയായിരുന്നു. എന്നാൽ സാധാരണക്കാർ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നുണപ്രചാരകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നതും വിമർശിക്കുന്നതും അത് സൈബറിടങ്ങൾ വഴി പ്രചരിപ്പിക്കുന്നതുമെല്ലാം പുതിയകാല രാഷ്ട്രീയത്തിന്റെ വഴികളാണ്. എന്നാൽ അത്തരം കാര്യങ്ങളിൽ ഒരു സത്യസന്ധതയും മര്യാദയും പുലർത്തുക എന്നത് എല്ലാവരും പാലിക്കേണ്ട കാര്യമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.