
ഗാസയിൽ ഔദ്യോഗികമായി ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ (യുഎന്‍). പശ്ചിമേഷ്യന്‍ മേഖലയില്‍ ഇതാദ്യമായാണ് ക്ഷാമം പ്രഖ്യാപിക്കുന്നത്. 5,14,000 പേര്‍ വിനാശകരമായ പട്ടിണി അനുഭവിക്കുന്നുണ്ടെന്ന് യുഎന്‍ വ്യക്തമാക്കി. ഇസ്രയേലിന്റെ നിയന്ത്രണങ്ങള്‍ കാരണം പലസ്തീൻ പ്രദേശത്തേക്ക് ഭക്ഷണ സാധനങ്ങളെത്തുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ സഹായ ഏജന്‍സി മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു. ഗാസയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ ഏജൻസികൾ മാസങ്ങളായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടെയാണ് ക്ഷാമം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 14 വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഐപിസി ക്ഷാമം സ്ഥിരീകരിക്കുന്നത്. 2011ൽ സൊമാലിയയിലും 2017ലും 2020ലും ദക്ഷിണ സുഡാനിലും, 2024ൽ സുഡാനിലുമായി ക്ഷാമം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, യുഎന്നിന്റെ പ്രഖ്യാപനത്തെ ഇസ്രയേല്‍ തള്ളി. ഗാസയില്‍ ക്ഷാമമില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. റോം ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ ഇനിഷ്യേറ്റീവ് (ഐപിസി) പാനലിന്റെ റിപ്പോർട്ടിനെയും ഇസ്രയേല്‍ വിമര്‍ശിച്ചു. സ്ഥാപിത താല്പര്യങ്ങളുള്ള സംഘടനകൾ വഴി ഹമാസ് വ്യാജ പ്രചരണം നടത്തുകയാണെന്നാണ് ആരോപണം. കുറഞ്ഞത് 20% വീടുകളിലെങ്കിലും കടുത്ത ഭക്ഷ്യക്ഷാമം, അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ കുറഞ്ഞത് 30% പോഷകാഹാരക്കുറവ്, ഓരോ 10,000 പേരിൽ രണ്ടുപേര്‍ എല്ലാ ദിവസവും പട്ടിണി മൂലമോ പോഷകാഹാരക്കുറവ് മൂലമോ രോഗം മൂലമോ മരിക്കുന്നു തുടങ്ങി ക്ഷാമത്തിന്റെ നിർവചനത്തിൽ മൂന്ന് ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗാസ മുനമ്പിന്റെ ഏകദേശം 20% പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഗാസ നഗരത്തില്‍ മതിയായ തെളിവുകളോടെ ക്ഷാമം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഐപിസി പാനലിന്റെ റിപ്പോര്‍ട്ട്. സെപ്റ്റംബർ അവസാനത്തോടെ ദെയ്ർ എൽ-ബലാഹ്, ഖാൻ യൂനിസ് എന്നീ പ്രവിശ്യകളിലേക്ക് ക്ഷാമം വ്യാപിക്കുമെന്നും ഇത് പലസ്തീൻ പ്രദേശത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തെയും ബാധിക്കുമെന്നും പ്രവചിക്കപ്പെടുന്നു. 22 മാസത്തെ തുടർച്ചയായ സംഘർഷത്തിനുശേഷം, ഗാസ മുനമ്പിലെ അര ദശലക്ഷത്തിലധികം ആളുകൾ പട്ടിണി, ദാരിദ്ര്യം, മരണം എന്നിവയാൽ വിനാശകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂലൈ ഒന്നിനും ഓഗസ്റ്റ് 15നും ഇടയിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ അവസാനത്തോടെ 6,41,000 പേരെ ക്ഷാമം ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇസ്രയേല്‍ ആക്രമണത്തിലെ വര്‍ധനവും ഫലമായുള്ള കുടിയിറക്കവും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിലുണ്ടായ കടുത്ത നിയന്ത്രണവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതായി ഐപിസി ചൂണ്ടിക്കാട്ടി. മാർച്ച് ആദ്യം ഇസ്രയേൽ ഗാസയിലേക്കുള്ള സഹായ വിതരണം പൂര്‍ണമായും നിരോധിച്ചു. മേയ് അവസാനം നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചെങ്കിലും പര്യാപ്തമായ അളവില്‍ സാധനങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നില്ല. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസ മുനമ്പിലെ 98% കൃഷിഭൂമിയും നശിച്ചു. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തതും മത്സ്യബന്ധനം നിരോധിച്ചതും പ്രാദേശിക ഭക്ഷ്യ സംവിധാനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ക്രൂരതകളുടെ ഫലമാണിതെന്നും യുദ്ധക്കുറ്റത്തിന് തുല്യമായേക്കാവുന്ന നടപടികളാണിതെന്നും യുഎൻ മനുഷ്യാവകാശ ഏജൻസി വക്താവ് ജെറമി ലോറൻസ് പറഞ്ഞു.
ഇതിനുപുറമേ, ആരോഗ്യസംവിധാനം ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. ശുദ്ധജലത്തിന്റെയും ശുചിത്വപൂര്‍ണമായ ജീവിതസാഹചര്യങ്ങളുടെയും അഭാവം മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാക്കി. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇസ്രയേല്‍ ആക്രമണത്തിൽ കുറഞ്ഞത് 62,192 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്, അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.