22 January 2026, Thursday

ഫാന്‍സി നമ്പര്‍ ലേലം പങ്കെടുത്തയാളുടെ ആസ്തി അന്വേഷിക്കും

Janayugom Webdesk
ചണ്ഡീഗഡ്
December 3, 2025 10:37 pm

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫാന്‍സി നമ്പർ ആയ ‘HR88B8888’ ലേലത്തിൽ പിടിച്ച ശേഷം പണം അടയ്ക്കുന്നതിൽ പരാജയപ്പെട്ട സുധീർ കുമാറിന്റെ ആസ്തികൾ അന്വേഷിക്കാൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. റോമുലസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറായ സുധീർ കുമാറിന്റെ ആസ്തികളും വരുമാനവും വിശദമായി അന്വേഷിക്കാൻ നിര്‍ദേശം നൽകിയിരിക്കുന്നത് ഹരിയാന ഗതാഗത മന്ത്രി അനിൽ വിജ് ആണ്. ’ വിഐപി ഫാന്‍സി നമ്പറുകൾ ഞങ്ങൾ ലേലം ചെയ്യുന്നു. ‘8888’ എന്ന നമ്പറിനായി നിരവധി പേർ ലേലം വിളിച്ചു. എന്നാൽ, ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം നേടിയ ശേഷം സുധീർ കുമാർ പണം നൽകിയില്ല’ വിജ് മാധ്യമങ്ങളോട് പറഞ്ഞു. 

ഫാന്‍സി നമ്പർ പ്ലേറ്റിന് ലേലം വിളിച്ച തുകയായ 1.17 കോടി രൂപയുടെ ആസ്തി സുധീർ കുമാറിനുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ശേഷിയില്ലാത്തവർ ലേലത്തിൽ പങ്കെടുത്ത് നമ്പർ വില വർധിപ്പിക്കുന്നത് തടയുന്നതിനാണ് ഈ നടപടി. ലേലത്തിൽ പങ്കെടുക്കുന്നത് ഒരു ഹോബിയല്ല, അതൊരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. നവംബർ 26നാണ് ‘HR88B8888’ എന്ന ഫാന്‍സി നമ്പർ 1.17 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ രജിസ്ട്രേഷൻ നമ്പറായി തലക്കെട്ടുകളിൽ ഇടം നേടിയത്. 50,000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഈ നമ്പറിനായി 45 അപേക്ഷകളാണ് ലഭിച്ചത്. ലേലത്തുക അടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും സുധീർ കുമാറിന് അത് സാധിച്ചില്ല. ഇതിന്റെ കാരണം വ്യക്തമല്ല. ശനിയാഴ്ച രാത്രി രണ്ട് തവണ തുക അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം പരാജയപ്പെട്ടുവെന്ന് സുധീർ കുമാർ ഞായറാഴ്ച പറഞ്ഞിരുന്നു. ഒരു ഫാന്‍സി നമ്പറിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നതിന് തന്റെ കുടുംബം എതിരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.