കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തില്‍ നിന്ന് അകന്നകന്നുപോകുന്നു. മത്സ്യത്തൊഴിലാളി സമരം മൂലം പദ്ധതി വൈകുന്നതെന്നാണ് നിര്‍മ്മാതാക്കളായ അഡാനി പോര്‍ട്ട് പറയുന്നതെങ്കിലും പദ്ധതിക്കു വകയിരുത്തിയ തുക അഡാനി ഗ്രൂപ്പിന്റെ മറ്റ് വമ്പന്‍ പദ്ധതികളിലേക്ക് വകമാറ്റിയതുവഴി വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ സ്തംഭനമാണുണ്ടാക്കിയിരിക്കുന്നത്.
മത്സ്യത്തൊഴിലാളി നേതാക്കളും വൈദികരുമടങ്ങുന്ന സമരസമിതി ഇന്നലെ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടത് അഡാനി ഗ്രൂപ്പിന്റെ വിഴിഞ്ഞത്തെ മെല്ലെപ്പോക്കിന് അനുകൂലവുമായി. പ്രതിദിനം 1,600 കോടി രൂപ ആസ്തിവര്‍ധനയുണ്ടാക്കുന്ന അഡാനി ഗ്രൂപ്പ് മോഡി ഭരണത്തിന്‍കീഴിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വര്‍ധിപ്പിച്ച സമ്പാദ്യം 1,440 ഇരട്ടിയാണെന്ന കണക്കും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 10,94,400 കോടി രൂപയുടെ ആസ്തിയുള്ള ഗൗതം അഡാനി, റിലയന്‍സിന്റെ മുകേഷ് അംബാനിയെ പിന്നിലാക്കി ലോകത്തെ സഹസ്ര കോടീശ്വരന്മാരില്‍ രണ്ടാമനാണിപ്പോള്‍. അതിനാല്‍ ഏറ്റെടുത്ത പദ്ധതികള്‍ നടപ്പാക്കാന്‍ ആസ്തി ഒരു തടസമേ ആകുന്നില്ല.
അഡാനി ഗ്രൂപ്പിന്റെ പുതിയ നയമാണ് വിഴിഞ്ഞത്തിനു വിലങ്ങുതടിയാകുന്നതെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈവിധ്യവല്ക്കരണത്തിനായി സിമന്റ് വ്യവസായ രംഗത്തേക്കു മാത്രമായി ഈയടുത്ത് അഡാനി ഗ്രൂപ്പ് കടമെടുത്തത് 26,000 കോടി രൂപയായിരുന്നു. തല്ക്കാലം വന്‍കിട പദ്ധതികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്ന അഡാനി ഗ്രൂപ്പിന്റെ പുതിയ വ്യവസായ നയമാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു പ്രതിസന്ധിയാകുന്നത്.
നിര്‍മ്മാണം തുടങ്ങി ആയിരം ദിവസത്തിനകം ആദ്യ കപ്പല്‍ വിഴിഞ്ഞത്ത് അടുക്കുമെന്നായിരുന്നു അഡാനി ഗ്രൂപ്പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടാക്കിയ കരാറിലെ വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചാല്‍ പ്രതിദിനം 12 ലക്ഷം രൂപ സര്‍ക്കാരില്‍ പിഴയടയ്ക്കണമെന്നും പറഞ്ഞിരുന്നു. പക്ഷേ, എത്രയും വേഗം പണിതീരട്ടെ എന്ന ലക്ഷ്യത്തോടെ ഈ പിഴ വ്യവസ്ഥ ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കാതിരിക്കുകയായിരുന്നു. ഇതും അഡാനി ഗ്രൂപ്പ് പദ്ധതി ഇഴഞ്ഞുനീക്കാനുള്ള മാര്‍ഗമായി മാറ്റുകയായിരുന്നു. പിഴ വ്യവസ്ഥ പുനഃസ്ഥാപിക്കേണ്ടിവരുമെന്ന് ഈയടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്കിയിരുന്നു. ഇതോടെ മത്സ്യത്തൊഴിലാളി സമരം മൂലം പ്രതിദിനം 24 കോടി നഷ്ടമുണ്ടാക്കുന്നുവെന്ന വാദമുയര്‍ത്തി പിഴ വ്യവസ്ഥയെ തടുക്കാന്‍ അഡാനി ഗ്രൂപ്പ് പുതിയൊരു വാദമുന്നയിച്ചത് കഴിഞ്ഞ ദിവസമാണ്.
കരാര്‍ വ്യവസ്ഥയനുസരിച്ച് തുറമുഖം പ്രവര്‍ത്തനസജ്ജമാകേണ്ടത് 2019 മധ്യത്തോടെയായിരുന്നു. പക്ഷേ, ആ കരാര്‍ ലംഘനമുണ്ടായിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്ധതിയുടെ 30 ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. കരിങ്കല്‍ക്ഷാമമാണ് കാരണമെന്നാണ് വാദം. നിര്‍മ്മാണത്തിനാവശ്യമായ കരിങ്കല്‍ സംസ്ഥാനം നല്കണമെന്ന് കരാറില്‍ വ്യവസ്ഥയുമില്ല. ഇക്കണക്കിനുപോയാല്‍ രണ്ടു വര്‍ഷം കഴിഞ്ഞാലും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകില്ലെന്നുറപ്പാണ്.
വിഴിഞ്ഞം പദ്ധതി ലാഭകരമാവില്ലെന്ന് സിഎജി റിപ്പോര്‍ട്ടുണ്ടായിരുന്നു. എല്ലാ പഠനങ്ങളും നടത്തി കേന്ദ്ര ഹരിത ട്രൈബ്യൂണലാണ് പദ്ധതിക്ക് അനുമതി നല്കിയത്. എന്നാല്‍ ഹരിത ട്രൈബ്യൂണലിനെക്കൊണ്ട് പുനര്‍പഠനം നടത്തി പദ്ധതി പിന്നെയും വൈകിപ്പിക്കാനും അഡാനി ഗ്രൂപ്പ് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവരുന്നു.
English Summary: Far away far away
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.