23 January 2026, Friday

Related news

January 18, 2026
December 19, 2025
November 25, 2025
October 9, 2025
October 8, 2025
September 23, 2025

പ്രിയ ഗായകന് വിട; സുബീന്‍ ഗാര്‍ഗിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2025 8:53 pm
ബോളിവുഡ് ഗായകനും അസമീസ് കലാകാരനുമായ സുബീൻ ഗാർഗിന് കണ്ണീരിൽ കുതിര്‍ന്ന വിടവാങ്ങൽ. അസമിലെ കാമർകുച്ചിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജു, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അടക്കമുള്ള നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ വീണ്ടും മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.
സുബീൻ ഗാർഗിനെ അവസാനമായി കാണാൻ ജനക്കൂട്ടം ആർത്തിരമ്പി. ഗുവാഹട്ടി കണ്ണീർ കടലായി. കാമർകുച്ചിയിൽ ചുട്ടുപൊള്ളുന്ന വെയിലിൽ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിന്ന് ലക്ഷക്കണക്കിന് ആരാധകർ അന്തിമോപചാരം അർപ്പിച്ചു. ഗാർഗിന്റെ മൃതദേഹത്തിനരികില്‍ ഭാര്യ ഗരിമ ഗാർഗ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ്‌ക്കളുമായി എത്തിയത് ഏവരെയും കണ്ണീരിലാഴ്ത്തി.
സംസ്കാരത്തിന് മുമ്പ് ഗുവാഹട്ടിയിലെ സരുസജായ് സ്റ്റേഡിയത്തിൽ പൊതു ദർശനത്തിന് സൗകര്യം ഒരുക്കിയിരുന്നു.
ചടങ്ങില്‍ ഗാര്‍ഗിന്റെ ഏറെ പ്രശസ്തമായ പാട്ടുകളില്‍ ഒന്നായ മായബിനി ആരാധകര്‍ ആലപിച്ചു. താന്‍ മരിക്കുമ്പോള്‍ ഈ പാട്ട് കേള്‍പ്പിക്കണമെന്ന് ഗാര്‍ഗ് മുമ്പ് പലതവണ ആവശ്യപ്പെട്ടിരുന്നു. സഹോദരി പാമി ബോര്‍ഠാക്കുര്‍ ആണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.
ഈ മാസം 21 ന് ഗുവാഹട്ടിയിൽ മൃതദേഹം എത്തിച്ചത് മുതൽ ലക്ഷക്കണക്കിന് പേരാണ് തെരുവുകളിൽ തുടർന്നത്. വിലാപയാത്ര ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. മൈക്കിൾ ജാക്സൺ, പോപ്പ് ഫ്രാൻസിസ്, എലിസബത്ത് രാജ്ഞി എന്നിവരുടെ വിടവാങ്ങലുകൾക്ക് പിന്നാലെ കൂടുതൽ പേർ എത്തിയ വിലാപയാത്രയാണ് സുബീൻ ഗാർഗിന്റേതെന്ന് അധികൃതർ പറയുന്നു.
സിംഗപൂരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനെത്തിയ സുബീൻ ഗാർഗ്  വെള്ളിയാഴ്ചയാണ് സ്കൂബ ഡൈവിങിനിടെയാണ് മരിച്ചത്.  മുങ്ങിമരണം എന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ പലരും സംശയം പ്രകടിപ്പിച്ചതോടെ ഇന്നലെ രാവിലെ എയിംസിലെ ഡോക്ടർമാരുടെ നേതൃത്വത്തില്‍ രണ്ടാമതും പോസ്റ്റ്മോർട്ടം നടത്തിരുന്നു. 
നിരവധി ​ഗാനങ്ങൾ വിവിധ ഭാഷകളിലായി പാടിയ സുബീൻ ​ഗാർ​ഗ് സം​ഗീത സംവിധായകൻ, ​ഗാനരചയിതാവ്, അഭിനേതാവ്, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.