
മോഡി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ തുടരുന്നതിനിടെ രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകുന്നു. 2023ല്‍ മാത്രം 10,786 കര്‍ഷകരാണ് വിവിധ കാരണങ്ങളാല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്നത് മഹാരാഷ്ട്രയിലാണ്, 38.5%. കര്‍ണാടക (22.5)യാണ് രണ്ടാം സ്ഥാനത്ത്. 2023ല്‍ ആത്മഹത്യ ചെയ്ത 66.2% പേരും വാര്‍ഷിക വരുമാനം ഒരുലക്ഷത്തിന് താഴെയുള്ളവരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആകെ ആത്മഹത്യ ചെയ്ത 10,876 പേരില്‍ 4,690 പേര്‍ കര്‍ഷകരാണ്. കര്‍ഷക തൊഴിലാളികളോ, കാര്‍ഷിക വൃത്തിയിലോ ഏര്‍പ്പെട്ടിരിക്കുന്നവരോ ആണ് 6,096 പേരും. ആത്മഹത്യ ചെയ്ത 4,690 കര്‍ഷകരില്‍ 4,553 പേര്‍ പുരുഷന്‍മാരും 137 പേര്‍ സ്ത്രീകളുമായിരുന്നു. കര്‍ഷക തൊഴിലാളികളുടെ പട്ടികയില്‍ 5,433 പേര്‍ പുരുഷന്‍മാരും 663 പേര്‍ സ്ത്രീകളുമായിരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്. ഹിമാചല്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, ചണ്ഡീഗഢ്, ഡല്‍ഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യ ചെയ്തവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും റിപ്പോർട്ടില്‍ വിശദീകരിക്കുന്നുണ്ട്. 2023ൽ ആകെ ആത്മഹത്യ ചെയ്തവരിൽ 66.2% പേരുടെയും വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയായിരുന്നു. 28.3% പേരും ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷത്തിൽ താഴെ വരെ വാർഷിക വരുമാനമുള്ളവരായിരുന്നു. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിസിനസ് മേഖലകളിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആത്മഹത്യ ചെയ്തവരിൽ ഏറ്റവും കൂടുതൽ പേർ മെട്രിക്കുലേഷൻ‑സെക്കൻഡറി തലം വരെ വിദ്യാഭ്യാസം നേടിയവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.