6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 4, 2025
December 30, 2024
December 29, 2024
December 24, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 16, 2024

പൊയ്‌വേഷക്കാരുടെ കര്‍ഷകസ്നേഹം

Janayugom Webdesk
February 24, 2024 5:00 am

“മറ്റെല്ലാറ്റിനും കാത്തിരിക്കാം, പക്ഷേ കൃഷി അങ്ങനെയല്ല” എന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകള്‍ക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും സ്പര്‍ശമുണ്ട്. രാജ്യത്തെ ഊട്ടുന്നവര്‍ അവകാശങ്ങള്‍ക്ക് വേണ്ടി അനാവശ്യമായി കാത്തിരിക്കാനിടയാകരുത് എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ‘രാജ്യമെമ്പാടുമുള്ള കർഷക സഹോദരങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാ‘ണെന്ന് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കഴിഞ്ഞദിവസം പ്രഖ്യാപനം നടത്തി. മോഡി അങ്ങനെ പറയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന ഹരിയാനയില്‍ പൊലീസിന്റെ വെടിയേറ്റ് ഒരു കര്‍ഷകന്‍ മരിച്ചത്. യുവകർഷകനായ ശുഭ്‌കരണ്‍ സിങ് എന്ന 21കാരനാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ ഭട്ടിൻഡ സ്വദേശി ദർശൻ സിങ് എന്ന കര്‍ഷകനും ജീവന്‍ നഷ്ടമായി. പൊലീസിന്റെ ഗ്രനേഡ് ആക്രമണത്തില്‍ ചികിത്സയിലായിരുന്നു ഇയാള്‍. നരേന്ദ്ര മോഡിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വെെരുധ്യത്തിന്റെ തെളിവുകളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണിത്. അടിസ്ഥാന ആവശ്യങ്ങളുയര്‍ത്തിയും ഇതേ പ്രധാനമന്ത്രി നല്‍കിയ വാക്ക് പാലിക്കണം എന്നും ആവശ്യപ്പെട്ട് സമാധാനപരമായി പ്രക്ഷാേഭത്തിനിറങ്ങിയ കര്‍ഷകരെ ശത്രുസെെന്യത്തെയെന്ന പോലെ സായുധ പൊലീസിനെ ഇറക്കി നേരിടുകയാണ് ബിജെപിയുടെ കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍.

ഡ്രോണുകളിലൂടെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചും റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തും ഗ്രനേഡുകള്‍ പ്രയോഗിച്ചുമാണ് കര്‍ഷകരെ മോഡി സര്‍ക്കാര്‍ എതിരിടുന്നത്. കഴിഞ്ഞയാഴ്ച ലോകപ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥന് ഭാരത രത്ന നല്‍കി ആദരിച്ചത് ഭരണകൂടത്തിന്റെ രാഷ്ട്രീയ നാടകമാണെന്ന് കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നിലവിലെ മനോഭാവം വെളിപ്പെടുത്തുന്നു. സ്വാമിനാഥൻ കമ്മിഷന്‍ നിര്‍ദേശപ്രകാരമുള്ള താങ്ങുവില (എംഎസ്‌പി) വേണമെന്നതാണ് സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. സ്വാമിനാഥനെ അംഗീകരിക്കുന്നത് ആത്മാര്‍ത്ഥതയോടെയായിരുന്നെങ്കില്‍ മോഡിയുടെ നിലപാട് കര്‍ഷകര്‍ക്ക് അനുകൂലമായേനെ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, നിയമപരമായി എംഎസ്‌പി നടപ്പാക്കുന്നതിനെക്കുറിച്ചും സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെക്കുറിച്ചും മോഡി വാചാലനായിരുന്നത് ജനം മറന്നിട്ടില്ല. 2020–21 കാലഘട്ടത്തിൽ ഒരു വർഷം നീണ്ടുനിന്ന പ്രക്ഷോഭത്തിനിടെ തങ്ങൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക, അന്ന് മോഡി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുക, വായ്പ എഴുതിത്തള്ളൽ, പെൻഷൻ, ലോക വ്യാപാര സംഘടനയില്‍ നിന്ന് ഇന്ത്യ പിന്മാറുക എന്നിവയാണ് കർഷകരുടെ മറ്റ് ആവശ്യങ്ങൾ. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണം.


ഇതുകൂടി വായിക്കൂ: മോഡിയുടെ ഗ്യാരന്റി: മറ്റൊരു കര്‍ഷക കുരുതി


മോഡിയുടെ രണ്ടാം വരവിന് വഴിയൊരുക്കുന്നതില്‍ നിർണായക ഘടകമായിരുന്നു എംഎസ്‌പി വാഗ്ദാനം. എന്നിട്ടും കർഷക സമരത്തിന് മുന്നിൽ മോഡിയും ബിജെപിയും ബാധിര്യം അഭിനയിക്കുന്നു. അതേസമയം അവകാശവാദത്തിന് ഒരു കുറവുമില്ലതാനും. രാജ്യത്തെ കര്‍ഷകരുടെ കടബാധ്യത ഒമ്പതുവര്‍ഷത്തിനിടെ താഴ്ന്നനിലയിലെത്തിയെന്ന് മോഡിയും കൂട്ടരും പ്രസംഗിച്ച് നടക്കുന്നു. 2013ൽ 52 ശതമാനമായിരുന്നു കടബാധ്യതയുള്ള കര്‍ഷകരെങ്കില്‍ 2019ൽ 50.2 ശതമാനമായി കുറഞ്ഞുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാലയളവിൽ കടമുള്ള കർഷകരുടെ എണ്ണം 9.02 കോടിയില്‍ നിന്ന് 9.3 കോടിയായി ഉയരുകയാണുണ്ടായത്. വായ്പാകുടിശിക 2013നെ അപേക്ഷിച്ച് ഏകദേശം 1.6 മടങ്ങ് വർധിച്ചു. 2014ൽ മോഡി സർക്കാർ അധികാരത്തിലെത്തിയശേഷം രാജ്യത്തെ കർഷക ആത്മഹത്യകളിൽ വലിയ വർധനവാണുണ്ടായത്. 2014നും 22നും ഇടയിൽ ഒരു ലക്ഷത്തിലേറെ കർഷകരാണ് ജീവനൊടുക്കിയത്. ഒമ്പത് വർഷത്തിനിടെ പ്രതിദിനം ശരാശരി 30 കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നതെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് വ്യക്തമാക്കുന്നു. കാർഷിക മേഖല നീതിക്കായി അനന്തമായി കാത്തിരിക്കുമ്പോൾത്തന്നെ കോർപറേറ്റുകൾ നികുതിയിളവിലെ സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്. 2019 സെപ്റ്റംബർ മുതല്‍ അടിസ്ഥാന കോർപറേറ്റ് നികുതി നിരക്ക് 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുത്തനെ കുറച്ചു. പുതുതായി ആരംഭിച്ച കമ്പനികളുടെ നികുതി നിരക്ക് 25ൽ നിന്ന് 15 ശതമാനമായും കുറച്ചു.

നികുതി നിരക്കുകൾ കുറയ്ക്കുന്നത് ‘നിക്ഷേപങ്ങള്‍ ആകർഷിക്കുന്നതി‘നുള്ള നടപടിയാണ് എന്നാണ് ധനമന്ത്രാലയം അവകാശപ്പെടുന്നത്. പക്ഷേ, ഇക്കാലയളവില്‍ കോർപറേറ്റുകൾക്ക് ലഭിച്ച നികുതി ആനുകൂല്യങ്ങളുടെ പേരില്‍ അധിക നിക്ഷേപങ്ങളൊന്നും നടന്നില്ല. ഇത് ഖജനാവിന് 1,45,000 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. എന്നാല്‍ ‘ഗോദി മീഡിയ’ എന്നറിയപ്പെടുന്ന കോർപറേറ്റ് നിയന്ത്രിത മാധ്യമങ്ങൾ സർക്കാരിന് വേണ്ടിയുള്ള കുപ്രചരണങ്ങളിൽ നിരന്തരം ഏർപ്പെടുന്നതിനാല്‍ ജനം സത്യമറിയാന്‍ വൈകുന്നു. സമരം ചെയ്യുന്ന കർഷകരുടെ ട്രാക്ടറുകൾ ‘നിയമപാലകർക്കെതിരെ അക്രമം നടത്താൻ വിന്യസിച്ചിരിക്കുന്ന താല്‍ക്കാലിക സൈനിക ടാങ്കുകളാണ്’ എന്നതരത്തിലുള്ള തെറ്റായ വിവരമാണ് ഇവ പ്രചരിപ്പിക്കുന്നത്. ഇത്തരം റിപ്പോർട്ടുകൾ കർഷകരെയും ന്യായമായ അവരുടെ സമരത്തെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.