1938 മേയ് മാസം എട്ടാം തീയതിയില്‍ പ്രഭാതം പത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണിത്: “കര്‍ഷകന്റെ ദേഹം നന്നായിക്കൂട, കര്‍ഷകന്റെ വീട് പൂര്‍ത്തിയായിക്കൂട, കര്‍ഷകന്റെ ഹൃദയത്തില്‍ വിജ്ഞാന ദീപം കൊളുത്തിക്കൂട, കര്‍ഷകന്റെ കുട്ടികള്‍ക്ക് കളിച്ചുകൂട, കര്‍ഷകന്റെ ശമ്പളം ഉയര്‍ന്നുകൂട, തൊട്ടുകൂട ചുരുക്കത്തില്‍ കര്‍ഷകന് ജന്മിമാരുടെ കല്പന കൂടാതെ ജീവിക്കുവാന്‍ തന്നെ വയ്യ. ഇതാണ് പരമാര്‍ത്ഥം. ചിലര്‍ക്ക് കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമായിരിക്കും. എന്നാല്‍ സഹോദരന്മാരെ ഉള്‍നാടുകളിലേക്കൊന്ന് കടക്കണം. അപ്പോള്‍ കാണാം യഥാര്‍ത്ഥ സംഭവങ്ങള്‍ ഇതിലും ഭയങ്കരങ്ങളാണെന്ന്.” കര്‍ഷകരുടെ പഴയകാല അവസ്ഥ വിശദീകരിക്കുന്നതാണ് പ്രഭാതത്തില്‍ വന്ന റിപ്പോര്‍ട്ട്. മനുഷ്യനെപ്പോലെ ജീവിക്കുവാന്‍ കര്‍ഷകര്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല. കന്നുകാലികളെക്കാള്‍ അവന്റെ ജീവിതം പരിതാപകരമായിരുന്നു. ജന്മിനാടുവാഴികളുടെ അടിമകളായിട്ടാണ് കര്‍ഷകര്‍ ജീവിച്ചിരുന്നത്. മനുഷ്യനെപ്പോലെ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും അവര്‍ക്ക് നിഷേധിച്ചു. രാജവാഴ്ചയും ബ്രിട്ടീഷ് ഭരണാധികാരികളും കര്‍ഷകരെ ചൂഷണം ചെയ്ത് കൊള്ളയടിക്കുകയായിരുന്നു. അവരെ രാവും പകലും പണിയെടുപ്പിച്ചുകൊണ്ടാണ് രാജവംശവും ബ്രിട്ടീഷ് സാമ്രാജ്യത്വവും തടിച്ചുകൊഴുത്തത്.
ഒരു സാധാരണ കര്‍ഷകന്‍ പ്രഭാതം പത്രത്തില്‍ അയച്ച കത്ത് സഖാവ് എന്‍ ഇ ബാലറാം ‘കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യനാളുകള്‍’ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: “താങ്ങുവാന്‍ അരുതാത്ത വാരം, പാട്ടം, കടം, നികുതി, വിളനഷ്ടം, സാധനങ്ങളുടെ വിലയിടിവ്” തുടങ്ങിയ മഹാമാരികള്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ട കൃഷിക്കാരെ പിടികൂടിയിട്ട് കാലം വളരെ ആയിരിക്കുന്നു. സാധനങ്ങള്‍ക്ക് നല്ല വില ഉണ്ടായിരുന്ന കാലത്തെ ചാര്‍ത്തനുസരിച്ചുള്ള വാരവും പാട്ടവും അതുപോലെ, കുറയാതെ അവയ്ക്ക് വില ഇടിഞ്ഞ കാലത്തും കൊടുത്തുകൊള്ളണമെന്ന് വന്നിരിക്കുന്നു. വാശി, കൂലി, നുരി, പൊലി, മുക്കാല്‍, ശീലക്കാശ്‍, അടിയന്തരപ്പണം, തകരപ്പണം, തിരുമുല്‍ കാഴ്ച എന്നിങ്ങനെ പലതും കര്‍ഷകരെ ഞെരിക്കുന്നു. ജന്മിക്ക് ശീലക്കേടായാലും സന്തോഷമായാലും തിടുക്കം നേരിട്ടാലും അടിയന്തരം, ജനനം, മരണം, ശ്രാദ്ധം, വിരുന്ന്, പിറന്നാള്‍, ഒരിക്കല്‍ വ്രതം, വിശേഷദിവസം ഇങ്ങനെ എന്തുവന്നാലും കൃഷിക്കാരനുതന്നെ നഷ്ടം. അഹോരാത്രം കുടുംബസമേതം പണിയെടുത്ത് പട്ടിണികിടന്നുകൊണ്ട് ഇതെല്ലാം നിവൃത്തിച്ചുകൊടുത്താലും അവര്‍ക്ക് രക്ഷയില്ല. കൂലിയില്ലാത്ത പല പണികളും എടുത്തുകൊടുക്കണം. ജന്മിയുടെ കന്നുകാലികളെ വെറുതെ തീറ്റിപ്പോറ്റണം. തണുത്തു വിറച്ചുകൊണ്ട് പടിക്കല്‍ കാവല്‍ കിടക്കണം. താണുതൊഴുത് മാറി നില്‍ക്കണം. പ്രാകൃത ഭാഷയില്‍ സംസാരിക്കണം. എന്തസംബന്ധം പറഞ്ഞാലും തല കുലുക്കി ശരിവച്ചുകൊള്ളണം. നല്ല വസ്ത്രം ചുറ്റാതെ, ചുറ്റുന്നത് മുട്ടുമറയാതെ വികൃത വേഷം ചമയണം. അതെ, കര്‍ഷകര്‍ ജന്മിത്വത്തിന്റെ അടിമകളാണ്. അവരുടെ കാലുകള്‍ ചങ്ങലക്കുള്ളിലാണ് ഉള്ളതെന്ന് പ്രത്യക്ഷത്തില്‍ കാണാൻ കഴിയില്ല. എന്നാല്‍ കര്‍ഷകര്‍ ഇരുമ്പു ചങ്ങലയെക്കാള്‍ ഭയങ്കരമായ നിയമ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ജന്മിത്വവും അതിന്റെ നെടുംതൂണായ സാമ്രാജ്യത്വവും അവരെ പിഴിഞ്ഞെടുക്കുകയായിരുന്നു.
“ജന്മിയുടെ കളപ്പുരയാണ് ചിറ്റാരി എന്ന് പറയുന്നത്. ചിറ്റാരി വകയുള്ള നിലത്തിലെ കൃഷി മുഴുവന്‍ ഉഴവ്, ഞാറിടല്, നാട്ടിപ്പണി, കൊയ്ത്ത് തുടങ്ങിയവ‑കുടിയാന്മാര്‍ സൗജന്യമായി ചെയ്തു കൊടുക്കണം. ജന്മിമാര്‍ അവര്‍ക്ക് കൂലി കൊടുത്തിരുന്നില്ല. ജന്മിയുടെ നിലത്തിലെ കൃഷിപ്പണി കഴിഞ്ഞാല്‍ അവര്‍ക്ക് സ്വന്തം നിലത്തില്‍ പോയി കൃഷി നടത്താം. അങ്ങനെ ചെയ്യുന്ന കൃഷിക്കാര്‍ ജന്മിക്ക് പാട്ടം നല്‍കുകയും വേണം. ഈ സമ്പ്രദായത്തിന് വിട്ടി (പൃഷ്ടി) എന്നാണ് പണ്ടുകാലത്ത് പറഞ്ഞിരുന്നത്. 19-ാം നൂറ്റാണ്ടില്‍പോലും ഉത്തര കേരളത്തിലെ ജന്മിമാരെപ്പോലെ അടിമകളെയും അടിയാന്മാരെയും ആ ഭരണകൂടം നേരിട്ട് വിനിയോഗിച്ചിരുന്നു. അടിമസമ്പ്രദായം നിര്‍ത്തലാക്കുന്ന സന്ദര്‍ഭത്തില്‍ ആകെ ഉണ്ടായിരുന്ന അടിമകളില്‍ കാല്‍ഭാഗം സ്റ്റേറ്റിന്റേതായിരുന്നു. അക്കാലത്തെ അടിമപ്പണി ചോലക്കരവും ആളൊറ്റി ഓലക്കരണവും, ആള്‍വില ഓണക്കരവും ഇന്നുള്ളവര്‍ വായിച്ചാല്‍ ഞെട്ടിപ്പോകും.” (എന്‍ ഇ ബാലറാം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യനാളുകള്‍) അടിമയെ എല്ലാവരും കൊല്ലാനും അവനെ എന്തും ചെയ്യുവാനുള്ള അവകാശം അടിമയുടെ ഉടമയ്ക്ക് ഉണ്ടായിരുന്നു. അടിമകളെ രാപകല്‍ കാര്‍ഷിക വൃത്തിക്കായി ഉപയോഗിച്ചു. തിരുവിതാംകൂര്‍ രാജാവ് തന്റെ ഭരണത്തില്‍ നടപ്പിലാക്കിയ ഊഴിവേല സമ്പ്രദായം, അടിമസമ്പ്രദായം തന്നെയായിരുന്നു. പ്രതിഫലമില്ലാതെ, ഭക്ഷണമില്ലാതെ ജോലി ചെയ്യല്‍ ഊഴിവേലയുടെ ഭാഗമായി നടപ്പിലാക്കി. നിരവധി പേര്‍ ചത്തൊടുങ്ങി. അതില്‍ ആനന്ദിക്കുന്നവരായിരുന്നു നാട്ടുരാജാക്കന്മാരും അവരുടെ സില്‍ബന്ധികളും. ഇതെല്ലാം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി നിലകൊണ്ടിരുന്നു.
കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കുന്നതിനായുള്ള പോരാട്ടമാണ് വിവിധ മേഖലകളില്‍ വളര്‍ന്നുവന്നത്. 1917ലെ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും ലോകത്താകെ ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. കോളനികളിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും തെരുവിലിറങ്ങി ശബ്ദം ഉയര്‍ത്തുന്നത് സാധാരണ ജനങ്ങള്‍ അറിയാന്‍ തുടങ്ങി. മര്‍ദ്ദനം സഹിച്ചുകൊണ്ട് എന്തിന് ജീവിക്കണം? അതിനെ ചോദ്യം ചെയ്ത് മരിച്ചാല്‍ എന്താ, എന്ന ചിന്താഗതി സാധാരണ ജനങ്ങളില്‍പ്പോലും ശക്തിപ്പെടാന്‍ തുടങ്ങി. 1920ല്‍ രൂപീകൃതമായ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മഹത്തായ സംഘടനയായ എഐടിയുസിയും 1925 ഡിസംബര്‍ 25ന് കാണ്‍പൂരില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപീകരിച്ചതോടെ തൊഴിലാളി-കര്‍ഷക ജനവിഭാഗം അവരെ ചൂഷണം ചെയ്യുന്ന ജന്മി-നാടുവാഴികള്‍ക്കും രാജവാഴ്ചക്കും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരായ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. നിരന്തരമായി സമരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു. 1936ല്‍ കൃഷിക്കാരുടെ സംഘടനയായ എഐകെഎസ് രൂപീകരിച്ചതോടെ കര്‍ഷകരുടെ അതിശക്തമായ പ്രക്ഷോഭം രാജ്യത്തുടനീളം വളര്‍ന്നുവരുന്നതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ മേഖലകളില്‍ കര്‍ഷക സമരം ശക്തിപ്പെട്ടു. മലബാര്‍, തിരുവിതാംകൂര്‍, തിരു-കൊച്ചി മേഖലകളില്‍ എല്ലാം കര്‍ഷക പ്രക്ഷോഭം ശക്തപ്പെട്ടു. തൊഴിലാളികളും പ്രക്ഷോഭരംഗത്തു വന്നു.
ജന്മി നാടുവാഴിത്ത ചൂഷണത്തിനെതിരായി കൃഷിക്കാര്‍ രംഗത്തുവന്നു. സോഷ്യലിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരും കൃഷിക്കാരെ സംഘടിപ്പിക്കുന്നതിന് മുന്നോട്ടുവന്നു. 1935ല്‍ കണ്ണൂര്‍ ജില്ലയിലെ നണിയൂരില്‍ കര്‍ഷക സംഘം രൂപീകരിച്ചു. സഖാവ് വിഷ്ണുഭാരതീയനും കെ എ കേരളീയനുമായിരുന്നു കര്‍ഷകസംഘത്തിന്റെ നേതാക്കള്‍. നണിയൂര്‍ കര്‍ഷകസംഘം കര്‍ഷകരെ സംഘടിപ്പിച്ച് ശക്തമായി മുന്നോട്ടുപോയി ജന്മിമാരുടെ ആക്രമണങ്ങള്‍ക്കെതിരായി പ്രതിരോധം സംഘടിപ്പിച്ചു. ആയിരക്കണക്കിന് കര്‍ഷകര്‍ നെഞ്ചുവിരിച്ച് ജന്മിമാരെ വെല്ലുവിളിച്ച് തെരുവിലിറങ്ങി. അവരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തി. ജന്മിമാര്‍ക്ക് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ബ്രിട്ടീഷ് പട്ടാളവും ജന്മിമാരുടെ ഗുണ്ടകളും കര്‍ഷകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തി. വീടുകള്‍ തീവച്ചു. സ്ത്രീകളെ അപമാനിച്ചു. കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷകരെ ആട്ടിയോടിച്ചു. അതിനെയെല്ലാം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍, കൃഷിക്കാര്‍ ചെറുത്തു മുന്നോട്ടുപോയി. 1936 നവംബറില്‍ പറശിനിക്കടവില്‍ ചേര്‍ന്ന ചിറക്കല്‍ താലൂക്ക് കര്‍ഷക സംഘത്തിന്റെ ആദ്യ സമ്മേളനം കര്‍ഷകരുടെ പ്രതിരോധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. കേരളീയന്‍, വിഷ്ണുഭാരതീയന്‍, എ വി കുഞ്ഞമ്പു, ടി സി നാരായണന്‍ നമ്പ്യാര്‍, അപ്പു മാസ്റ്റര്‍ എന്നിവര്‍ കര്‍ഷകരെ സംഘടിപ്പിക്കുന്നതിനായി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു.
1934ല്‍ മലബാറിലെ കര്‍ഷക രംഗത്തെ പ്രവര്‍ത്തകരുടെ യോഗം പട്ടാമ്പിയില്‍വച്ച് ആദ്യമായി ചേര്‍ന്ന് പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. വെറും പാട്ടക്കാരുടെ ദുരിതങ്ങള്‍ക്കെതിരായി പഴയ കുറുമ്പനാടന്‍ താലൂക്കിലെ കൃഷിക്കാര്‍ ശക്തമായ പ്രക്ഷോഭവവുമായി രംഗത്തുവന്നിരുന്നു. 1924ല്‍ വടകരയ്ക്കടുത്ത് പുതുപ്പണത്ത് വെറും പാട്ടക്കാരായ കര്‍ഷകരുടെ സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. മദിരാശിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ പുതുപ്പണത്ത് നടന്ന കര്‍ഷക കണ്‍വെന്‍ഷന്‍ രൂപം നല്‍കി. തുടര്‍ന്ന് നടന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കായ കര്‍ഷകര്‍ പങ്കാളികളായി.
കര്‍ഷക പ്രക്ഷോഭം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ശക്തിപ്രാപിക്കുന്ന സന്ദര്‍ഭത്തിലാണ് 1939ല്‍ പാറപ്രത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപീകൃതമാകുന്നത്. കൃഷ്ണപിള്ളയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എന്‍ ഇ ബാലറാമിന്റെ നേതൃത്വത്തിലുള്ള യുവാക്കളായ കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരുമാണ് തലശേരിക്കടുത്ത് പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ സമ്മേളനം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപീകൃതമായതോടെ പാര്‍ട്ടി കൂടുതല്‍ ശക്തിയായി കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നിരവധി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തി. ജന്മി-നാടുവാഴിത്ത ചൂഷണത്തിനെതിരായി കൃഷിക്കാരെ അണിനിരത്തി. കേരളത്തിലെ വിവിധ വില്ലേജുകളില്‍ അതിശക്തമായ സംഘടനയായി കര്‍ഷകസംഘം അതോടെ വളര്‍ന്നുവന്നു. എഐകെഎസ് 1936ല്‍ രൂപീകൃതമായതോടെ അതിന്റെ ഭാഗമായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
എഐകെഎസിന്റെ ഭാഗമായാണ് കര്‍ഷകസംഘം പ്രവര്‍ത്തിച്ചിരുന്നത്. 1957ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചത് കര്‍ഷകരാണ്. ജന്മിത്തം അവസാനിപ്പിക്കുമെന്നതായിരുന്നു തെരഞ്ഞെടുപ്പിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത് ചരിത്രസംഭവമായി മാറി. അധികാരത്തില്‍ വന്ന ഉടന്‍ തന്നെ ജന്മി ചൂഷണവും ഒഴിപ്പിക്കലും തടയുന്നതിനുളള നടപടികള്‍ സ്വീകരിച്ചു. ഭൂപരിഷ്കരണ നിയമത്തിന് തുടക്കം കുറിച്ചു. 1970 ജനുവരി ഒന്നാം തീയതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ ഭൂപരിഷ്കരണ നിയമത്തിലെ എല്ലാ വകുപ്പുകളും ഒറ്റ ദിവസം നടപ്പിലാക്കി ചരിത്രം സൃഷ്ടിച്ചു.
കുടികിടപ്പുകാര്‍ക്ക് ഭൂമിയും വീടും നല്‍കി, പാട്ടം, വാരം എന്നിവയില്‍ നിന്ന് കര്‍ഷകരെ മോചിപ്പിച്ചു. മിച്ചഭൂമി പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്തു. കായല്‍ രാജാക്കന്മാരെയും വനരാജാക്കന്മാരെയും നിലയ്ക്ക് നിര്‍ത്തി. കേരളത്തിന്റെ സമഗ്രമായ വികസനത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കി. ലോകം ചര്‍ച്ച ചെയ്യുന്ന കേരള മോഡല്‍ വികസനത്തിന് രൂപം നല്‍കിയതും അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റാണ്. പിന്നീട് അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിലുള്ള ഗവണ്മെന്റുകളെല്ലാം കേരള മോഡല്‍ വികസനം പുതിയ കാലഘട്ടത്തിനനുസൃതമായി മുന്നോട്ടു കൊണ്ടുപോകുന്നു. ആധുനിക കാലഘട്ടത്തിനനുസൃതമായി കേരള സമൂഹത്തെ വളര്‍ത്തുക എന്നതാണ് കാലഘട്ടത്തിലെ പ്രധാനപ്പെട്ട കടമ. ഈ കടമ നിര്‍വഹിക്കാന്‍ കേരളത്തിലെ വിവിധ ജനവിഭാഗങ്ങളോടൊപ്പം കര്‍ഷകരും അണിനിരക്കുമെന്ന് ഉറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.