18 May 2024, Saturday

കര്‍ഷകര്‍ തോട്ടപ്പള്ളിയിലെ ഇറിഗേഷന്‍ 
ഓഫീസ് ഉപരോധിച്ചു

Janayugom Webdesk
അമ്പലപ്പുഴ
June 4, 2022 7:47 pm

അമ്പലപ്പുഴ: വിവിധ പാടശേഖരസമിതികളുടെ നേതൃത്വത്തില്‍ തോട്ടപ്പള്ളിയിലെ ഇറിഗേഷന്‍ ഓഫീസ് ഉപരോധിച്ചു. തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളിലൂടെ ഉപ്പുവെള്ളം കയറി കരിനില മേഖലയിലെ പതിനായിരത്തോളം ഏക്കർ നെൽകൃഷി പ്രതിസന്ധിയിലായതോടെയാണ് ഉപരോധം നടത്തിയത്. സ്പിൽവേയിൽ ആകെയുള്ള 40 ഷട്ടറുകളും 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗത്തിന്റെ ചുമതലയിലുള്ള ഷട്ടറുകൾ വേലിയേറ്റ സമയത്ത് അടക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകാത്തതു മൂലം കഴിഞ്ഞ ദിവസം മുതൽ ഈ ഷട്ടറുകളിലൂടെ ഉപ്പുവെള്ളം കയറിത്തുടങ്ങി.

ഈ മാസം പകുതിയോടെ കൃഷി ആരംഭിക്കാനിരിക്കുന്ന കരിനില മേഖലയിലെ പതിനായിരത്തോളം ഏക്കർ കൃഷി ഭൂമിയിലാണ് ഉപ്പുവെള്ളം കയറിയത്. ഇതിനെ തുടര്‍ന്നാണ് കരുവാറ്റ, പുറക്കാട് പഞ്ചായത്തുകളിലെ വിവിധ പാടശേഖര സമിതി ഭാരവാഹികൾ തോട്ടപ്പള്ളിയിലെ ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചത്. ഷട്ടറുകൾ അടക്കാമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു. ഷട്ടറുകൾ തുറക്കാനും അടക്കാനും ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവർ കൃത്യമായി ജോലി ചെയ്യാത്തതാണ് പാടശേഖരങ്ങളിലെ കൃഷി പ്രതിസന്ധിയിലാകാൻ കാരണമെന്നും കർഷകർ ആരോപിച്ചു. ഉപരോധ സമരത്തില്‍ കൃഷിത്തോട്ടം പാടശേഖരം സെക്രട്ടറി എസ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കേരള മാരിടൈം ബോർഡ് അംഗം വി സി മധു ഉദ്ഘാടനം ചെയ്തു. കരുവാറ്റ ചലുങ്കൽ പാട ശേഖരം സമിതി പ്രസിഡന്റ് ജയപ്രസാദ് പി വി, കിസാൻസഭ പുറക്കാട് മേഖല സെക്രട്ടറി ടിന്റു കുഞ്ഞുമോൻ, ജയകുമാര്‍ വി ഇല്ലിച്ചിറ, ഇല്ലിച്ചിറ അജയകുമർ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.