23 December 2024, Monday
KSFE Galaxy Chits Banner 2

Related news

April 6, 2024
November 11, 2023
March 11, 2023
November 26, 2022
November 23, 2022
October 11, 2022
August 22, 2022
August 8, 2022
August 1, 2022
July 31, 2022

കർഷകരുടെ താങ്ങുവില പ്രതീക്ഷകളും ലോകവ്യാപാര കരാറിലെ “കാണാച്ചരടുകളും”

സജി ജോണ്‍
January 2, 2022 4:49 am

ഐതിഹാസിക കർഷക പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും അത് രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തിട്ടും സമരമുഖത്തുനിന്നും പിന്മാറുവാൻ നമ്മുടെ കർഷകർ തയാറാകാതിരുന്നത് ഭരണവർഗത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. വിവാദ നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം, ഉല്പാദനച്ചെലവ് കണക്കാക്കിയുള്ള താങ്ങുവില (മിനിമം സപ്പോർട്ട് പ്രസ്) രാജ്യത്തെ മുഴുവൻ കർഷകർക്കും ലഭ്യമാക്കുന്നതിനാവശ്യമായ നിയമം നടപ്പിലാക്കുമെന്ന് ഉറപ്പ് നല്‍കണമെന്നതായിരുന്നു കർഷകരുടെ പ്രധാനപ്പെട്ട ആവശ്യം. ഒടുവിൽ, ഇക്കാര്യം പരിശോധിക്കുന്നതിന് പ്രത്യേക സമിതിയെ നിയമിക്കുമെന്നുള്ള അറിയിപ്പ് രേഖാമൂലം ലഭിച്ചതിനു ശേഷമാണ് കർഷകർ സമരം അവസാനിപ്പിച്ചത്.

farmers

ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിബന്ധനകൾക്കനുസൃതമായി കാർഷിക രംഗത്തെ സ്വകാര്യവല്‍ക്കരണം എളുപ്പത്തിൽ നടപ്പിലാക്കുകയായിരുന്നു പുതിയ കാർഷിക പരിഷ്കരണ നയങ്ങളുടെ ലക്ഷ്യമെന്നത് ഇന്ന് ഏവർക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. 1995 ജനുവരിയിൽ സ്ഥാപിതമായ ലോകവ്യാപാര സംഘടനയുടെ ഭാഗമായി നിലവിൽ വന്നതാണ് ലോകരാജ്യങ്ങൾ തമ്മിലുള്ള കാർഷിക ഉടമ്പടി (എഗ്രിമെന്റ് ഓണ്‍ അഗ്രികള്‍ച്ചര്‍-എഒഎ). ഈ ഉടമ്പടി പ്രകാരം, അംഗരാഷ്ട്രങ്ങൾ തങ്ങളുടെ വിപണി മറ്റു രാഷ്ട്രങ്ങൾക്കായി തുറന്നുവയ്ക്കുകയും വാണിജ്യ നിയന്ത്രണങ്ങൾ എടുത്തുകളയുകയും ചെയ്യണം. ഒപ്പം, ഗാർഹിക ആനുകൂല്യങ്ങളിൽ (ഡൊമസ്റ്റിക് സപ്പോര്‍ട്ട്) മാറ്റംവരുത്തുകയും സബ്സിഡികൾക്ക് പരിധി ഏർപ്പെടുത്തുകയും വേണം. മൂന്നാം ലോകരാഷ്ട്രങ്ങളുടെ ആഭ്യന്തരവിപണികൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു രൂപപെടുത്തുന്നതിനു വികസിത രാഷ്ട്രങ്ങൾക്ക് ഇത് അവസരമൊരുക്കി. ഡബ്ല്യുടിഒയുടെ കാർഷിക ഉടമ്പടിയിൽ സബ്സിഡികളെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ഇവയിൽ ഗ്രീൻബോക്സ് വിഭാഗത്തിൽപ്പെട്ട സബ്സിഡികൾക്ക് യാതൊരു അന്താരാഷ്ട്ര നിബന്ധനകളും ബാധകമല്ല. പരിശീലന ഗവേഷണ മേഖലകളിൽ സർക്കാർ ചെലവഴിക്കുന്ന ഫണ്ടും പാരിസ്ഥിതിക സബ്സിഡികളുമൊക്കെയാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. വിളവിസ്തൃതി പരിമിതപ്പെടുത്തുന്നതിനോ ഉല്പാദനം കുറക്കുന്നതിനോ ലക്ഷ്യമിട്ടു രാഷ്ട്രങ്ങൾ നൽകുന്ന സബ്സിഡികളാണ് ബ്ലൂ ബോക്സ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവയ്ക്കും യാതൊരുവിധ നിബന്ധനകളും ബാധകമല്ല. എന്നാൽ, അന്താരാഷ്ട്ര വാണിജ്യത്തെയും അതിന്റെ കമ്പോളത്തെയും സാരമായി ബാധിക്കുമെന്നു കരുതപ്പെടുന്ന സബ്സിഡികളാണ് ആംബർ ബോക്സ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അംഗരാഷ്ട്രങ്ങൾ ഈ സബ്സിഡികൾ അന്താരാഷ്ട്ര പൊതുസമീപനത്തിന് അനുസൃതമായി ക്രമേണ കുറച്ചു കൊണ്ടുവരണമെന്നതാണ് ധാരണ. മാത്രവുമല്ല, കർഷകർക്ക് നൽകാവുന്ന സബ്സിഡിക്ക് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. പരിധി ലംഘിച്ചാൽ രാഷ്ട്രങ്ങൾ പിഴ നല്‍കേണ്ടിവരും.

 


ഇതുകൂടി വായിക്കൂ: താങ്ങുവില നിഷേധം ജനവഞ്ചന


 

ഇന്ത്യയിൽ വാണിജ്യ ശ്യംഖല സ്ഥാപിക്കുന്നതിനും കുറഞ്ഞ നിരക്കിൽ ഇന്ത്യയിൽനിന്നും ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുമുള്ള സാധ്യതകൾക്ക് മങ്ങലേല്പിക്കുന്ന പ്രതിലോമ നയമായിട്ടാണ് അവരതിനെ വിവക്ഷിക്കുന്നത്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതി എന്നനിലയിലുള്ള പ്രതിരോധമാണ് ഇക്കാര്യത്തിൽ ഇന്ത്യക്കുള്ളത്. താങ്ങുവില സബ്സിഡിക്കെതിരെ നടപടി ആവശ്യപ്പെട്ടു വികസിതരാജ്യങ്ങൾ മുന്നോട്ടുവന്നത്, ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. തുടർന്ന്, ഒരു പൊതുധാരണ സാധ്യമാകുന്നതു വരെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടിയുള്ള സഹായത്തിന്റെ പരിധി ലംഘിക്കപ്പെട്ടാലും രാജ്യങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഒരു താല്ക്കാലിക സമാധാന വ്യവസ്ഥ (പീസ് ക്ലോസ്) നടപ്പിലാക്കുവാൻ 2013 ൽ ബാലിയിൽ ചേർന്ന മിനിസ്റ്റീരിയൽ കോൺഫറൻസ് തീരുമാനമെടുത്തു. 2018–19 ൽ നെല്ലിന് നൽകിയ സഹായം മൊത്തം ഉല്പന്നവിലയുടെ 10 ശതമാനം അധികരിച്ചുവെന്ന വാദം ഉയർന്നപ്പോൾ, ശിക്ഷണ നടപടി ഒഴിവാക്കുവാൻ ബാലി സമാധാന വ്യവസ്ഥയുടെ ആനുകൂല്യത്തിനായി ഇന്ത്യക്ക് അപേക്ഷിക്കേണ്ടിവന്നു.

ഡബ്ല്യുടിഒ ചട്ടങ്ങളുടെ ഈ “കാണാച്ചരടുകൾ” കണ്ടുകൊണ്ടുതന്നെയാണ്, 23 കാർഷികോല്പന്നങ്ങൾക്കു പ്രഖ്യാപിച്ചിട്ടുള്ള താങ്ങുവില നിയമവിധേയമാക്കണമെന്ന കാര്യത്തിൽ കർഷകർ നിർബന്ധം പിടിച്ചത്. എന്നാൽ, പ്രക്ഷോഭം അവസാനിപ്പിച്ച് കർഷകർ കൃഷിയിടങ്ങളിലേക്കു മടങ്ങിയതിനു തൊട്ടുപിന്നാലെ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ കരിമ്പിന് നൽകുന്ന ഉയർന്ന ന്യായവില (ഫെയർ ആന്റ് റെമ്യൂണറേറ്റിവ് പ്രൈസ്), ചട്ടങ്ങളുടെ ലംഘനമാണെന്ന് ഡബ്ല്യുടിഒ പാനൽ ഇന്ത്യയെ അറിയിച്ചിരിക്കുന്നു. താങ്ങുവില നിയമ വിധേയമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുള്ള 23 വിളകളിൽ, നിലവിൽ കരിമ്പിനു മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്. കേന്ദ്രസർക്കാരോ ഏതെങ്കിലും സംസ്ഥാന സർക്കാരുകളോ രാജ്യത്തു നേരിട്ട് കരിമ്പ് സംഭരിക്കുന്നില്ല. സംഭരണം നടത്തുന്ന പഞ്ചസാരമില്ലുടമകൾക്കാണ് കർഷകർക്ക് ന്യായവില നൽകുവാൻ ബാധ്യതയുള്ളത്. എന്നിട്ടും അതു ന്യായീകരിക്കാനാകില്ലെന്ന ഡബ്ല്യുടിഒ നിലപാടിന് മാനങ്ങൾ ഏറെയുണ്ട്.

 


ഇതുകൂടി വായിക്കൂ: താങ്ങുവില നിശ്ചയിക്കാന്‍ നിയമ നിര്‍മ്മാണം വേണം


 

നിലവിൽ ഇന്ത്യയിലെ ആറ് ശതമാനം കർഷകർക്കുമാത്രമാണ് താങ്ങുവില പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ള 23 വിളകൾക്കും നിയമ പരിരക്ഷ നൽകിയാൽ സഹായത്തിന്റെ തോത് കുതിച്ചുയരും. മാത്രവുമല്ല, നിലവിൽ ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമല്ലാത്ത ഉല്പന്നങ്ങൾക്ക് 2013 ലെ സമാധാന വ്യവസ്ഥയുടെ പരിരക്ഷയും ലഭിക്കില്ല. അതിനാൽ, ഭക്ഷ്യസുരക്ഷാ പദ്ധതിക്കായി നല്കുന്ന സംഭരണവില ആംബർ ബോക്സ് ചട്ടങ്ങളിൽ നിന്നും പൂർണമായി ഒഴിവാക്കണമെന്നു തന്നെയാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പക്ഷെ അതിന് നിലവിലെ കാർഷിക ഉടമ്പടിചട്ടങ്ങൾ (എഒഎ) പുനർ നിർവചിക്കേണ്ടിവരും. അതേസമയം, ഇതിനകം പരിഹരിക്കുവാൻ കഴിയുമായിരുന്ന പല പ്രശ്നങ്ങളിലും കാര്യമായ ഇടപെടൽ നടത്തുവാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. അതിലൊന്ന്, അഗ്രിഗേറ്റ് മെഷർമെന്റ് സപ്പോർട്ട് കണക്കുകൂട്ടുന്നതിലെ പിഴവാണ്. 1986–88 ലെ റഫറൻസ് വിലയാണ് അടിസ്ഥാന വിലയായി ഇപ്പോഴും പരിഗണിക്കപ്പെടുന്നത്. അതുപോലെ, മൊത്തം ഉല്പാദനത്തിന് പകരം, ഭക്ഷ്യസുരക്ഷയ്ക്കായി താങ്ങുവില നല്‍കി സംഭരിക്കുന്ന ഉല്പന്നത്തിന്റെ അളവ് മാത്രം പരിഗണിച്ചിരുന്നുവെങ്കിലും അതു വലിയ നേട്ടമാകുമായിരുന്നു. ഉദാഹരണത്തിന്, 2013–14ൽ 77 ശതമാനമെന്നു അമേരിക്ക ആരോപിച്ച് നെല്ലിന്റെ അഗ്രിഗേറ്റ് മെഷർമെന്റ് സപ്പോർട്ട്, ഈ വിധത്തിൽ കണക്കുകൂട്ടിയിരുന്നെങ്കിൽ വെറും 5.45 ശതമാനമായി കുറയുമായിരുന്നു.

 


ഇതുകൂടി വായിക്കൂ: ഇനി ഓര്‍ഡിനന്‍സ് രാജ്


 

2015ലെ നെയ്റോബി മിനിസ്റ്റീരിയൽ കോണ്‍ഫറൻസിൽ, വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യ സംഭരണ‑വിതരണ സംവിധാനം തടസങ്ങളില്ലാതെ തുടരുന്നതിനായി ഒരു പൊതു മാർഗനിർദ്ദേശം രൂപപെടുത്തുന്നതിനു തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാൽ ഇതു തുടർന്നു ചർച്ചചെയ്യുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും തടസപ്പെടുത്തുന്ന സമീപനമാണ് വികസിത രാഷ്ട്രങ്ങൾ സ്വീകരിച്ചത്. പ്രധാനമായും അമേരിക്കയും കാനഡയുമാണ് ഇന്ത്യയുടെ നിലപാടിനെ ശക്തമായി എതിർത്തുവരുന്നത്. നിരവധി ഉല്പന്നങ്ങളിൽ ഇത് 50 ശതമാനത്തിൽ അധികമാണെന്നും 100 ശതമാനം വരെ സബ്സിഡി നല്‍കുന്ന ഉല്പന്നങ്ങൾ നിരവധിയാണെന്നും സംയുക്തദൗത്യം ചൂണ്ടിക്കാട്ടി. വികസിതരാജ്യങ്ങൾ ഏതാണ്ട് 160 ബില്യൺ ഡോളറാണ് സബ്സിഡി ഇനത്തിൽ ചെലവഴിക്കുന്നത്. ഇത്, ലോകരാഷ്ട്രങ്ങൾ മൊത്തം ചെലവഴിക്കുന്ന സബ്സിഡിയുടെ 90 ശതമാനത്തിൽ അധികമാണെന്ന് ഇന്ത്യയും ചൈനയും വ്യക്തമാക്കി. ഇന്ത്യയിൽ ഒരു കർഷകന് നാമമാത്രമായ 260 ഡോളർ ശരാശരി സഹായം ലഭിക്കുമ്പോൾ വികസിത രാജ്യങ്ങളിൽ അത് 100 ഇരട്ടിയിലും അധികമാണ്. വികസ്വര രാജ്യങ്ങളുടെ സബ്സിഡി നയത്തിനെതിരെ ശബ്ദിക്കുന്ന വികസിത രാജ്യങ്ങളെ പ്രതിരോധത്തിലാക്കുകയായിരുന്നു, ഇന്ത്യയും ചൈനയും പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാൽ ഇതെത്രമാത്രം മുന്നോട്ടു കൊണ്ടുപോകുവാൻ ഇന്ത്യ തയാറാകുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.