5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

January 9, 2024
January 8, 2024
October 13, 2023
November 26, 2022
November 15, 2022
November 15, 2022
November 15, 2022
November 6, 2022

ഗവര്‍ണര്‍ക്കെതിരെ കര്‍ഷകരോഷം; രാജ്ഭവന്‍ മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണിനിരന്നു

Janayugom Webdesk
തിരുവനന്തപുരം
January 9, 2024 10:04 pm

ഭൂപതിവ് നിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാതെ പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണര്‍ക്കെതിരെ കര്‍ഷകരോഷമുയര്‍ത്തി എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ രാജ്ഭവന്‍ മാര്‍ച്ച്. ഇടുക്കി ജില്ലയിലെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ കര്‍ഷകരുള്‍പ്പെടെ പതിനായിരത്തിലധികം പേര്‍ പങ്കാളികളായി. മാര്‍ച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. 

രാഷ്ട്രീയത്തിന്റെ പേരില്‍ ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തേണ്ടിവന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സമരം ചെയ്യാനായി ഇടുക്കിയില്‍ നിന്ന് ജനങ്ങള്‍ പുറപ്പെട്ടപ്പോള്‍തന്നെ ഗവര്‍ണര്‍ക്ക് മനംമാറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇതിന് എതിരല്ലെന്നും വിശദീകരണം തേടിയിട്ടുണ്ടെന്നുമാണ് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്നത്. വിശദീകരണം നല്‍കുന്നതിനൊന്നും യാതൊരു മടിയും എല്‍ഡിഎഫ് സര്‍ക്കാരിനോ മന്ത്രിമാര്‍ക്കോ ഇല്ല. ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കാതെയാണ് ബില്ല് പിടിച്ചുവച്ചിരിക്കുന്നത്. 

ബില്ലില്‍ വേഗം ഒപ്പിടുന്നതാണ് നല്ലത്. ഗവര്‍ണര്‍ ഇത്തരത്തില്‍ മുന്നോട്ടുപോകാനാണ് ഇനിയും ഉദ്ദേശിക്കുന്നതെങ്കില്‍ കാര്‍ഷികകേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ എവിടെയും പോകാന്‍ സാധിക്കാത്ത തരത്തില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചില്ലെങ്കില്‍ ജനങ്ങള്‍ ഒപ്പുവയ്പ്പിക്കുമെന്ന് സമരത്തെ അഭിവാദ്യം ചെയ്ത സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറിയും അഖിലേന്ത്യ കിസാന്‍സഭ ദേശീയ സെക്രട്ടറിയുമായ സത്യന്‍ മൊകേരി പറഞ്ഞു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി, ഒരു വിയോജിപ്പുമില്ലാതെ നിയമസഭ പാസാക്കിയ ബില്ല് പോക്കറ്റില്‍ കൊണ്ടുനടക്കാന്‍ എന്ത് അവകാശമാണ് ഗവര്‍ണര്‍ക്കുള്ളത്? ഗവര്‍ണര്‍ കോമാളിയായി മാറരുതെന്നും പബ്ലിസിറ്റിക്കുവേണ്ടി വേഷം കെട്ടരുതെന്നും സത്യന്‍ മൊകേരി പറഞ്ഞു. 

എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ കെ ശിവരാമന്‍ അധ്യക്ഷനായി. മുന്‍ മന്ത്രിമാരായ എം എം മണി, മാത്യു ടി തോമസ്, സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് (എം), വര്‍ക്കല ബി രവികുമാര്‍ (എന്‍സിപി), വേണുഗോപാലന്‍നായര്‍(കേരള കോണ്‍ഗ്രസ് ബി), എ ജെ ജോസഫ്(ജനാധിപത്യ കേരള കോണ്‍ഗ്രസ്), സി ആര്‍ വത്സന്‍ (കോണ്‍ഗ്രസ് എസ്), ഷാജി കടമല (കേരള കോണ്‍ഗ്രസ്-സ്കറിയ), സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, ജോസ് പാലത്തിനാല്‍, കെ എന്‍ റോയ് എന്നിവര്‍ പ്രസംഗിച്ചു. സി വി വര്‍ഗീസ് സ്വാഗതവും അനില്‍ കൂവപ്ലാക്കല്‍ നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Farm­ers rage against gov­er­nor; Tens of thou­sands lined up at the Raj Bha­van March

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.