19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 14, 2024
December 13, 2024
December 6, 2024
December 3, 2024
December 3, 2024
December 2, 2024
December 1, 2024
November 29, 2024
November 26, 2024

കര്‍ഷക സമരത്തിന്റെ രണ്ടാമൂഴം

സത്യൻ മൊകേരി
November 23, 2022 5:30 am

ഐതിഹാസികമായ കര്‍ഷക സമരത്തിന്റെ രണ്ടാം വാര്‍ഷികമാണ് നവംബര്‍ 26. ഇന്ത്യയിലെ 81 കോടിയിലധികം വരുന്ന ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ ഉയര്‍ത്തെഴുന്നേല്പായിരുന്നു 2020 നവംബര്‍ 26 മുതല്‍ 2021 നവംബര്‍ 19 വരെ ഒരു വര്‍ഷക്കാലത്തോളം നീണ്ട ലോകശ്രദ്ധ പിടിച്ചുപറ്റിയ സമരം. നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയ 1990 മുതല്‍ രാജ്യത്ത് അഞ്ച് ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതോടെ സമ്പന്ന രാജ്യങ്ങളില്‍ നിന്നും കാര്‍ഷിക ഉല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഒഴുകിയെത്തിയതിനെ തുടര്‍ന്ന്, തദ്ദേശീയ കാര്‍ഷിക ഉല്പന്നങ്ങളുടെ വില കുത്തനെ കുറഞ്ഞു. വിദേശ കുത്തകകളോട് മത്സരിക്കാന്‍ കഴിയാതെ കര്‍ഷകര്‍ നട്ടംതിരിഞ്ഞു. കുത്തകകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ സംഭരണശാലകള്‍ പണിത് വിദേശ ഉല്പന്നങ്ങള്‍ സംഭരിച്ചുകൂട്ടി. പൂഴ്ത്തിവയ്പിന് എല്ലാ സൗകര്യങ്ങളും ഭരണകൂടം ചെയ്തുകൊടുത്തു. ഉല്പന്നങ്ങളുടെ വില കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ നാട്ടിലെ കര്‍ഷകര്‍ ദുരിതത്തിലായി. ബാങ്കുകള്‍‍ ജപ്തി നടപടികള്‍ സ്വീകരിച്ചു. കര്‍ഷകന്റെ കൃഷിഭൂമിയും വീടും സ്ഥാവര ജംഗമ വസ്തുക്കളും ജപ്തി ചെയ്തു കൈക്കലാക്കി. രാജ്യത്തെ കൃഷിയിടങ്ങളില്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ് ജലസേചന സൗകര്യമുള്ളത്. പൂര്‍ത്തീകരിച്ച ജലസേചന പദ്ധതികളാകട്ടെ, കൃത്യമായി സംരക്ഷണ പ്രവര്‍ത്തനം നടക്കാത്തതിനാല്‍ കനാലുകളില്‍ നിന്നും കൃഷിയിടത്തിലേക്ക് വെള്ളം എത്താത്ത സാഹചര്യമുണ്ടായി.

കൃഷി ചെയ്യാന്‍ ആവശ്യത്തിന് വെള്ളം കിട്ടാതായി. ഇറക്കുമതിനിയന്ത്രണം പൂര്‍ണമായും ഇല്ലാതായതിനെ തുടര്‍ന്ന് കുരുമുളക്, കാപ്പി, റബ്ബര്‍, തേയില, നാളികേരം, വെളിച്ചെണ്ണ, പഴം, പച്ചക്കറി, മാംസം, പാല്‍, മുട്ട ഇവയെല്ലാം രാജ്യത്തെ വിപണി കയ്യടക്കി. ഇതിന്റെ മറവില്‍ ശക്തമായ ഇറക്കുമതി — കച്ചവട ലോബി ശക്തിപ്പെട്ടു. ഇന്ത്യാ ഗവണ്‍മെന്റും രാജ്യം ഭരിക്കുന്ന ബിജെപിയും പുതിയ വിഭാഗത്തിന് എല്ലാ പിന്തുണയും നല്കി. രാജ്യാന്തര ഭക്ഷ്യസംസ്കരണ – വിതരണ മേഖലയിലെ കൂറ്റന്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണി കയ്യടക്കുന്നതിനായി മത്സരിച്ച് രംഗത്തുവന്നു. രാജ്യത്തെ 80 കോടിയിലധികം വരുന്ന നാമമാത്ര, ഇടത്തര കര്‍ഷക സമൂഹത്തെ വിസ്മരിച്ചുകൊണ്ടാണ് കുത്തക കമ്പനികള്‍ക്ക് സഹായകരമായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ പ്രതിഷേധത്തെയും ശക്തമായ പ്രക്ഷോഭങ്ങളെയും പരിഗണിക്കാന്‍ ഭരണാധികാരികള്‍ തയാറായില്ല. തുടര്‍ന്ന് കര്‍ഷകരുടെ അതിശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം വളര്‍ന്നുവന്നു. കര്‍ഷകപ്രക്ഷോഭം ശക്തമായപ്പോഴാണ് ഡോക്ടര്‍ എം എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ കര്‍ഷക കമ്മിഷനെ ഒന്നാം യുപിഎ സര്‍ക്കാര്‍ നിയോഗിച്ചത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിച്ച് സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനും (യഥാര്‍ത്ഥ വിലയുടെ പകുതികൂടി ചേര്‍ത്ത വിപണിവില) സംഭരിക്കുന്നതിനും ജലസേചന പദ്ധതികള്‍ വിപുലപ്പെടുത്തുന്നതിനും രാജ്യത്തുടനീളം ആധുനിക സംഭരണ ശൃംഖലകള്‍ ആരംഭിക്കുന്നതിനും ആവശ്യമായ ശുപാര്‍ശകള്‍ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാറിന് നല്കി.


ഇതുകൂടി വായിക്കൂ: പണപ്പെരുപ്പത്തിനെതിരായ പോരാട്ടം


കര്‍ഷകരെ കടത്തില്‍ നിന്നും മോചിപ്പിക്കണമെന്നും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് വാഗ്ദാനം നല്കിയാണ് ഒന്നാം നരേന്ദ്രമോഡി സര്‍ക്കാരും രണ്ടാം നരേന്ദ്രമോഡി സര്‍ക്കാരും അധികാരത്തില്‍ വന്നത്. അധികാരത്തില്‍ വന്നപ്പോള്‍ കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ എല്ലാം വിസ്മരിച്ചു. രാജ്യത്തെ സമ്പന്ന വിഭാഗത്തിന് എല്ലാ ആനുകൂല്യങ്ങളും വാരിക്കോരി നല്കി. രാജ്യത്തിന്റെ സമ്പത്ത് ഊറ്റിയെടുക്കുന്നതിന് ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. ഓക്സ്ഫാമിന്റെ 2021 ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 100 അതിസമ്പന്നന്മാരുടെ സമ്പത്ത് 57.3 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അതേയവസരത്തില്‍ ഇന്ത്യയിലെ 84 ശതമാനം ജനങ്ങളുടെ വരുമാനം കുത്തനെ കുറയുകയായിരുന്നു. 102 ശതകോടീശ്വരന്മാര്‍ ഉണ്ടായിരുന്നത് 142 ആയി വര്‍ധിക്കുകയും ചെയ്തു. രാജ്യത്തെ 77 ശതമാനം സമ്പത്തും പത്തു ശതമാനം പേരുടെ കയ്യിലാണ്. 23 ശതമാനം സമ്പത്ത് മാത്രമാണ് 90 ശതമാനം ജനങ്ങള്‍ക്കുള്ളതെന്നാണ് ഓക്സ്ഫാം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കാര്‍ഷിക മേഖലയില്‍ നടപ്പിലാകുന്ന നയങ്ങള്‍, രാജ്യത്തെ കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നതാണ്. അതു തിരിച്ചറിഞ്ഞാണ് ഇന്ത്യയിലെ ഗ്രാമീണ ജനത – കര്‍ഷകരും കര്‍ഷക തൊഴിലാളികളും കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങളും തെരുവിലിറങ്ങിയത്. നവലിബറല്‍ നയങ്ങളുടെ ഭാഗമായി കാര്‍ഷിക മേഖല പൂര്‍ണമായും ദേശീയ – അന്തര്‍ദേശീയ കുത്തക കമ്പനികള്‍ക്ക് കൈമാറുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകപ്രക്ഷോഭം കൂടുതല്‍ ശക്തമായി. രാജ്യത്തുടനീളം കര്‍ഷകര്‍ തെരുവിലിറങ്ങി. കാര്‍ഷിക മേഖല കുത്തകകള്‍ക്ക് പൂര്‍ണമായും കൈമാറുന്നതിനുവേണ്ടി പാര്‍ലമെന്റ് പാസാക്കിയ മൂന്ന് നിയമങ്ങള്‍ കര്‍ഷകരുടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കി.

ദരിദ്രരായ കര്‍ഷകരും ഇടത്തരം, ധനിക, അതിധനിക കര്‍ഷകരും അവര്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ മാറ്റിവച്ച് ഒരു വര്‍ഗമെന്ന നിലയില്‍ ഒരുമിച്ച് രംഗത്തുവന്നു. അന്തര്‍ദേശീയ – ദേശീയ കോര്‍പ്പറേറ്റുകളാണ് കര്‍ഷകരുടെ ശത്രു എന്ന തിരിച്ചറിവുണ്ടായി. കര്‍ഷകരില്‍ ഉയര്‍ന്നുവന്ന വര്‍ഗബോധമാണ് കര്‍ഷകരെ ഒരുമിപ്പിച്ചത്. രാജ്യത്തെ, ചെറുതും വലുതുമായ കര്‍ഷക സംഘടനകള്‍ ഒരുമിച്ച് പ്രക്ഷോഭം നടത്തി. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന വിശാലമായ കര്‍ഷക ഐക്യവേദി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി. (പിന്നീട് സംയുക്ത കര്‍ഷക മോര്‍ച്ച). അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ 2020 നവംബര്‍ 26ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തു. അന്ന് ഡല്‍ഹിയില്‍ എത്തിയ കര്‍ഷകര്‍ തിരിച്ചുപോയില്ല. അവര്‍ ഡല്‍ഹിയില്‍ തങ്ങുകയും അനിശ്ചിതപ്രക്ഷോഭം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് രാജ്യത്തുടനീളം കര്‍ഷകര്‍ തെരുവിലിറങ്ങി. നാനാതുറകളിലുമുള്ള ജനങ്ങള്‍ സമരത്തിന് പിന്തുണ നല്കി. കര്‍ഷകസ്വരം ലോക ശ്രദ്ധയാകര്‍ഷിച്ചു. കര്‍ഷക സമരത്തിന് ജനപിന്തുണ വര്‍ധിക്കുംതോറും കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയും സംഘ്പരിവാര്‍ സംഘടനകളും രാജ്യത്തുടനീളം നടത്തിയത്. പ്രക്ഷോഭം രാജ്യദ്രോഹമാണ്, ഇന്ത്യയുടെ ശത്രുക്കളായ രാജ്യങ്ങള്‍ സമരത്തിന് പിന്തുണ നല്കുന്നു, മാവോയിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരുമാണ് സമരത്തിന് പിന്നില്‍ എന്നൊക്കെ ആയിരുന്നു സര്‍ക്കാരിന്റെ പ്രചാരണം. ഈ പ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു. കര്‍ഷക ഐക്യത്തെ ശിഥിലീകരിക്കാനുള്ള ഭരണകൂടത്തിന്റെ എല്ലാ കുത്സിത ശ്രമങ്ങളെയും കര്‍ഷക സംഘടനകളും പിന്തുണയ്ക്കുന്നവരും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തി. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ഷക സമരത്തില്‍ 700 ലധികം കര്‍ഷകരുടെ ജീവനറ്റു. പൊലീസ് ലാത്തിച്ചാര്‍ജിലും വെടിവയ്പിലും ഗുണ്ടകളുടെ ആക്രമണങ്ങളിലും പ്രതികൂല കാലാവസ്ഥയിലുമാണ് കര്‍ഷകര്‍ മരിച്ചുവീണത്. കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ കഴിയില്ല എന്ന് ബോധ്യമായി. മറ്റു വഴികള്‍ ഒന്നും ഇല്ലാതെവന്നപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം പിന്‍വലിക്കുന്നുവെന്ന് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായി. അത് കര്‍ഷകരുടെ ചരിത്ര വിജയം തന്നെയായിരുന്നു.


ഇതുകൂടി വായിക്കൂ: അരിവിലക്കയറ്റം തടയുവാന്‍ കേന്ദ്ര നടപടി വേണം  


കര്‍ഷക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപനം നടത്തിയതിനുശേഷം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 2021 ഡിസംബര്‍ 11ന് കര്‍ഷകര്‍ സമരം നിര്‍ത്തിവച്ച് ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. നിയമം പിന്‍വലിച്ചതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കുന്നില്ല. കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തി, സംഭരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ആദായകരമായ വില ഉറപ്പുനല്കുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുക, ജലസേചന സൗകര്യം ലഭ്യമാക്കുക, വായ്പാ സൗകര്യം മെച്ചപ്പെടുത്തുക, കടത്തില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കുക, കര്‍ഷക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സംയുക്ത കര്‍ഷക മോര്‍ച്ച ശക്തമായ പ്രക്ഷോഭം വീണ്ടും ആരംഭിക്കുകയാണ്. സംയുക്ത മോര്‍ച്ചയുടെ ആഹ്വാനം അനുസരിച്ച് കര്‍ഷക പ്രക്ഷോഭം തുടങ്ങിയതിന്റെ രണ്ടാം വാര്‍ഷികമായ നവംബര്‍ 26ന് രാജ്യത്തുടനീളം രാജ്ഭവനുകള്‍ക്ക് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും കാര്‍ഷിക മേഖലകളിലും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ ശക്തമായി സമരം സംഘടിപ്പിക്കുവാന്‍ സംയുക്ത കര്‍ഷക സമിതി ആഹ്വാനം നല്കിയിട്ടുണ്ട്. കാര്‍ഷിക അവകാശം സംരക്ഷിക്കുന്നതിനായി കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷകര്‍ വീണ്ടും തയാറെടുക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.