23 January 2026, Friday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 13, 2026
January 12, 2026
January 8, 2026
January 7, 2026
January 6, 2026

ദേശീയതയുടെ മറവില്‍ ഫാസിസം വരുന്നു: സുനില്‍ പി ഇളയിടം

Janayugom Webdesk
കായംകുളം
August 28, 2025 9:44 pm

ദേശീയതയുടെ മറവില്‍ ഫാസിസം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘ബഹുസ്വരതയും ഫാസിസവും’ എന്ന വിഷയത്തില്‍ കായംകുളത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം എല്ലാവരുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രക്രിയയില്‍ നിന്ന് എല്ലാവരെയും പുറത്താക്കുന്ന അവസ്ഥയിലേക്ക് മാറി. ബഹുസ്വരതയെന്നത് ജനാധിപത്യത്തിന്റെ പ്രാഥമികമായ ഘടകമാണ്. എന്നാല്‍ ജനാധിപത്യത്തിന് ഔപചാരികമായിപ്പോലും നിലനില്‍ക്കാനാവാത്ത സാഹചര്യം വന്നുതുടങ്ങി. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ നിരസിക്കുകയും പകരം കൃത്രിമ പാരമ്പര്യം സൃഷ്ടിക്കുകയും ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

ഫാസിസം പൊടുന്നനെ പൊട്ടിമുളച്ചതല്ല. പലകാലങ്ങളില്‍ പല രൂപങ്ങളില്‍ ഫാസിസ്റ്റുകൾ ഇടപെട്ടിട്ടുണ്ട്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കുന്ന നിലയിലേയ്ക്ക് ഫാസിസം അതിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുത്തുകഴിഞ്ഞു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസം മൂലധനത്തിന് ആവശ്യമായ തൊഴിലാളികളെ സൃഷ്ടിക്കാന്‍ മാത്രമായി മാറി. സാമൂഹിക ബോധം പഠിപ്പിക്കുന്നില്ല. എന്ത് അസംബന്ധവും അറിവാണെന്ന് പറയുന്നത് കേള്‍ക്കാന്‍ ഒരു ആള്‍ക്കൂട്ടവും ഉണ്ടായിരിക്കുന്നുവെന്നും ഭരണകൂടവും മൂലധനവും തമ്മിലുള്ള പരസ്പരപിന്തുണയും ഫാസിസം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കെപിഎസി സെക്രട്ടറിയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ എ ഷാജഹാന്‍ മോഡറേറ്ററായി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി ജെ ആഞ്ചലോസ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി എ അരുണ്‍കുമാര്‍, ഭരണിക്കാവ് മണ്ഡലം സെക്രട്ടറി എന്‍ ശ്രീകുമാര്‍, ഐപ്‌സോ ഭാരവാഹി ഡോ. പി കെ ജനാര്‍ദന കുറുപ്പ്, യുവകലാസാഹിതി ജില്ലാ സെക്രട്ടറി റെജി പി പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജി സന്തോഷ് സ്വാഗതവും കായംകുളം മണ്ഡലം സെക്രട്ടറി എ എസ് സുനില്‍ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.