22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 20, 2024
August 18, 2024
February 14, 2024
January 18, 2024
July 26, 2023
May 5, 2023
May 5, 2023
March 9, 2023
February 12, 2023
February 6, 2023

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ പരാതികള്‍ക്ക് ഇനി അതിവേഗം പരിഹാരം

പി എസ്‌ രശ്‌മി
തിരുവനന്തപുരം
August 18, 2024 9:30 pm

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ പരാതികള്‍ അതിവേഗം പരിഹരിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇവരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ ഓഫിസറെ നിയമിക്കും. ഇത് സംബന്ധിച്ച് സാമൂഹ്യനീതിവകുപ്പ് ഉത്തരവിറക്കി. ട്രാന്‍സ്‍ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമൂഹത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. അവര്‍ക്ക് പൂര്‍ണമായും നിയമ പരിരക്ഷ ഉള്‍പ്പെടെ ഉറപ്പാക്കുന്നതിനാണ് പരാതിപരിഹാരത്തിന് ഓഫിസറെ നിയമിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം 2019 ലെ വ്യവസ്ഥകളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികളോ ബുദ്ധിമുട്ടുകളോ ഏതെങ്കിലും ഓഫിസുമായി ബന്ധപ്പെട്ട് ഉണ്ടായാല്‍ ആ ഓഫിസിലെ പരാതി പരിഹാര ഓഫിസര്‍ക്ക് പരാതി നല്‍കാം.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യസ്ഥാപനങ്ങളിലെ വകുപ്പ് മേധാവികളുടെ ഓഫിസിലും അവയുടെ ഉപ ഓഫിസുകളിലും പരാതി പരിഹാര ഓഫിസറെ നിയോഗിക്കണമെന്നാണ് നിര്‍ദേശം. ഓരോ സ്ഥാപനത്തിലെയും സെക്കന്‍ഡ് ലെവല്‍ ഓഫിസറെ പരാതിപരിഹാര ഓഫിസറായി നിയമിക്കും. പരാതി സ്വീകരിച്ച് രസീത് നല്‍കണം. ലഭിച്ച തിയതി മുതല്‍ 15 ദിവസത്തിനകം പരാതിയില്‍ അന്വേഷണം നടത്തി പരാതിപരിഹാര ഓഫിസര്‍, ഓഫിസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് 15 ദിവസത്തിനകം തന്നെ പരാതി തീര്‍പ്പാക്കി നല്‍കണമെന്നാണ് നിര്‍ദേശം.

തീര്‍പ്പാക്കിയ പരാതിയില്‍ അതൃപ്തിയുണ്ടെങ്കില്‍ പരാതി നല്‍കിയ വ്യക്തിക്ക് വകുപ്പ് മേധാവിക്ക് അപ്പീല്‍ നല്‍കാനും അവസരം ലഭിക്കും. അപ്പീല്‍ ലഭിച്ചാല്‍ അത് വകുപ്പ് മേധാവി പരിഹരിക്കുകയും നിയമനടപടികള്‍ ആവശ്യമായി വന്നാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പരാതി പരിഹാര ഓഫിസര്‍ക്ക് ലഭിച്ചിട്ടുള്ള പരാതികള്‍ സംബന്ധിച്ച വിവരങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് ഓരോ വകുപ്പ് മേധാവിയും സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.