ഇടുക്കി കൊച്ചറ നായർ സിറ്റിയിൽ വൈദ്യുതാഘാതമേറ്റ് അച്ചനും മക്കളും മരിച്ചു. നായർസിറ്റി ചെമ്പകശേരി കനകാധരൻ (57) മക്കളായ വിഷ്ണു (31), വിനോദ് (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ദാരുണ സംഭവം.
വീടിനു സമീപത്തെ പാടത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉച്ചക്കു ശേഷം പെയ്ത കനത്ത മഴയിൽ പാടത്ത് വെള്ളം കയറിയിരുന്നു. പുല്ലു ചെത്താന്‍ പാടത്ത് ഇറങ്ങിയ കനകാധരനെ കാണാതായതോടെയാണ് മക്കളായ വിഷ്ണുവും, വിനോദും പിതാവിനെ തിരഞ്ഞു പോയതും അപകടത്തിൽ പെടുന്നതും. മൂന്നുപേരെയും കാണാതെ വന്നതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കനകാധരനെ പാടത്തിനു നടുവിലും മക്കളെ സമീപത്തായും കണ്ടെത്തിയത്. ഏറെ ശ്രമത്തിനൊടുവിൽ കരയ്ക്കെത്തിച്ച മൂവരെയും കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വീടിനു സമീപത്തായി ഏല തോട്ടത്തിൽ മരം വീണതിനെ തുടർന്ന് പാടത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണ് കിടന്നതാണ് അപകടത്തിനിടയാക്കിയത്. പ്രദേശത്ത് ഉച്ചക്കു ശേഷം രണ്ടു മണിക്കൂറോളം അതിശക്തമായ മഴ പെയ്തിരുന്നു. തുടര്‍ന്ന് തോട് കരകവിഞ്ഞ് പാടത്തും വെള്ളം കയറിയതാണ് നാടിനെ നടുക്കിയ ദുരന്തത്തിലേക്ക് വഴിമാറിയത്. വണ്ടൻമേട് പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
ഓമനയാണ് കനകാധരന്റെ ഭാര്യ. മുത്ത മകൻ വിഷ്ണു, ഭാര്യ: ആതിര, മകൻ: ഗൗതം (രണ്ട് വയസ്), വിനോദ് അവിവാഹിതനാണ്.
English Summary: Father and children died due to electric shock in Idukki
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.