ഒടിടി പ്ലാറ്റ്ഫോമിനെ സ്വാഗതം ചെയ്ത് സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക (ഫിലിം എംപ്ലായീസ് ഫെഡറേഷൻ ഓഫ് കേരള). ഒടിടിയിൽ കൂടുതൽ സിനിമകൾക്ക് പ്രദർശന സാധ്യതയുണ്ട്. ഇത് സ്വാഭാവികമായും നിലവിലുള്ളതിനേക്കാൾ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
പുതുമുഖങ്ങൾക്ക് സിനിമാ നിർമിക്കുവാനും അത് ജനങ്ങളിലേയ്ക്ക് എത്തിക്കുവാനുള്ള മാധ്യമം എന്ന നിലയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരവധി സാധ്യതകളാണുള്ളതെന്നും ഫെഫ്ക ജനറൽ കൗൺസിൽ യോഗം വിലയിരുത്തി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ ചൂഷണങ്ങൾക്കുള്ള സാധ്യതകളും ഉണ്ടാകുന്നു. ഇത് മുന്നിൽ കണ്ട് ചെറുക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ നിർമാതാക്കളുടെ സംഘടനയോട് ആവശ്യപ്പെട്ടതായി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘടന ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഒടിടി ലക്ഷ്യംവച്ചുകൊണ്ട് നിർമിക്കുന്ന സംഘടനകൾക്ക് പ്രത്യേക രജിസ്ട്രേഷൻ വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ അടുത്ത ആറ് മാസത്തേക്ക് വേതന വർദ്ധനവ് ആവശ്യപ്പെടില്ലെന്നും ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെ എതിർത്ത നടൻ ജോജു ജോർജിന്റെ നിലപാട് അദ്ദേഹത്തിന്റെ മാത്രം തീരുമാനം ആണ്. അതിൽ സംഘടന ഒരു തരത്തിലും ഭാഗമായിട്ടില്ല.
ജോജുവിനൊപ്പം ഒരു ചർച്ചയ്ക്കും നിന്നിട്ടില്ല. അത് ജോജുവിന്റെ വ്യക്തിപരമായ തീരുമാനം ആണ്. ഒത്തുതീർപ്പ് ചർച്ചയ്ക്ക് താൻ ഒരു തരത്തിലും ഭാഗമായിട്ടില്ല എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ജോജു ജോർജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പിന്നാലെ ചില സിനിമ സെറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. വിഷയത്തിൽ താൻ പ്രതിപക്ഷ നേതാവിന് കത്തും അയച്ചു. ഷൂട്ടിംഗ് സെറ്റിലേക്കുള്ള കോൺഗ്രസ് പ്രതിഷേധങ്ങൾ അവസാനിപ്പിച്ച കോൺഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary : fefka welcomes ott platforms
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.