23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 10, 2025
March 29, 2025
March 21, 2025
March 20, 2025
March 15, 2025
March 3, 2025
March 3, 2025
March 2, 2025
February 13, 2025
February 10, 2025

ഒടിടി റിലീസ് തർക്കം അനന്തമായി നീളുന്നു

ബേബി ആലുവ
കൊച്ചി
December 30, 2022 10:25 pm

മലയാള ചലച്ചിത്രങ്ങളുടെ ഒടിടി റിലീസിനെച്ചൊല്ലിയുള്ള തർക്കം അവസാനമില്ലാതെ നീളുന്നു. ഇതുമായി ബന്ധപ്പെട്ട് നാളുകളായി ഉന്നയിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകാനുള്ള തിയേറ്റർ ഉടമകളുടെ നീക്കം, നിർമ്മാതാക്കളുമായുള്ള തുറന്ന ഏറ്റുമുട്ടലിന് വഴിവച്ചേക്കും. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസത്തിനു മുമ്പ് ഒടിടിയിൽ പ്രദർശിപ്പിക്കുന്ന നിർമ്മാതാക്കളുമായും അത്തരം ചിത്രങ്ങളിൽ അഭിനയിക്കുന്ന പ്രധാന താരങ്ങളുമായും സഹകരിക്കില്ലെന്ന നിലപാട് കർശനമാക്കാനാണ് തിയേറ്റർ ഉടമകളുടെ സംഘടനകളുടെ സംയുക്ത തീരുമാനം. 42 ദിവസത്തെ കാലാവധി എന്നത് ഏപ്രിൽ ഒന്ന് മുതൽ 56 ദിവസം എന്നാക്കി മാറ്റാനും തീരുമാനമുണ്ട്. 

നിർമ്മാതാക്കളുടെ സംഘടനകളും താരസംഘടനയും ഈ തീരുമാനങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നതിൽ വ്യക്തതയില്ല. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമ 42 ദിവസത്തെ പ്രദർശനത്തിനു ശേഷമേ ഒടിടി പ്രദർശനത്തിന് നൽകൂ എന്ന് ഫിലിം ചേംബറിൽ കരാർ ഒപ്പുവച്ച ശേഷവും ആ വ്യവസ്ഥ നിർമ്മാതാക്കൾ ലംഘിക്കുന്നുവെന്നാണ് തിയേറ്ററുകാരുടെ പരാതി. തിയേറ്ററുകളിൽ വരുന്ന സിനിമകൾ ഒന്നോ രണ്ടോ ആഴ്ചപോലും തികയുന്നതിനു മുമ്പേ ഒടിടിയിൽ എത്തുന്നുവെന്നും അവർ കുറ്റപ്പെടുത്തുന്നു. 

സൂപ്പർഹിറ്റ് സിനിമകളൊരുക്കിയ സംവിധായകരുടെ ചിത്രങ്ങൾക്കുപോലും തിയേറ്ററുകളിൽ ആദ്യ ദിവസം തന്നെ പ്രേക്ഷകരെത്താത്ത സ്ഥിതിയുണ്ടെന്നാണ് തിയേറ്ററുകാരുടെ പരാതി. കുറച്ചു ദിവസം കഴിയുമ്പോൾ ഒടിടിയിൽ വരുമല്ലോ, അപ്പോൾ കാണാം എന്നാണ് പ്രേക്ഷകരുടെ ചിന്താഗതി. സർക്കാരിന് നികുതി നഷ്ടത്തിനു പുറമെ, തിയേറ്ററുകളുടെ പരിസരത്തെ ഹോട്ടലുകൾക്കും ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കും ഈ അവസ്ഥ വലിയ പ്രയാസമാണുണ്ടാക്കുന്നതെന്ന് അവർ പറയുന്നു. 

തിയേറ്റർ ഉടമകൾ ഉയർത്തുന്ന വാദത്തോട് അനുഭാവ പൂർണമായ നിലപാടാണ് ഫിലിം ചേംബറിനുമുള്ളത്. ഇതിനിടെ, മലയാളത്തിൽ ഈ വർഷമിറങ്ങിയ സിനിമകളിൽ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നായ ഗോൾഡും പ്രമുഖ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെ ഒടിടിയിൽ എത്തി. ഈ മാസം ആദ്യമാണ് ചിത്രം റിലീസ് ചെയ്തത്.
വിവിധ പ്രശ്നങ്ങളുടെ പേരിൽ ചലച്ചിത്ര രംഗത്തെ സംഘടനകളെല്ലാം അകന്നാണ് നിൽപ്പ്. താരങ്ങളും സാങ്കേതിക പ്രവർത്തകരും വാങ്ങുന്ന പ്രതിഫലത്തിൽ 25 ശതമാനമെങ്കിലും കുറവ് വരുത്തണമെന്ന ആവശ്യം സിനിമാ നിർമ്മാതാക്കളിൽ നിന്ന് ഉയർന്നിരുന്നു. 

Eng­lish Summary;The OTT release con­tro­ver­sy con­tin­ues endlessly
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.