22 December 2024, Sunday
KSFE Galaxy Chits Banner 2

കർഷകർക്ക് കടുത്ത വെല്ലുവിളി ഉയർത്തി രാസവള ക്ഷാമവും വിലക്കയറ്റവും

സജി ജോണ്‍
December 7, 2021 7:00 am

കർഷകരെയും കൃഷിയെയും മുതലാളിത്തത്തിന്റെ അടിമകളാക്കി മാറ്റുമായിരുന്ന കാർഷിക നിയമങ്ങൾക്കെതിരെ ചോരയും ജീവനും നൽകി വർഷം നീണ്ടുനിന്ന പോരാട്ടം നടത്തി വിജയംവരിച്ച് ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ് നമ്മുടെ കർഷകർ. എന്നാൽ, രാസവള ക്ഷാമവും അവയുടെ വിലവർധനവുംമൂലം കർഷകർ വീണ്ടും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. കരിനിയമങ്ങൾക്കെതിരെ കരുത്തോടെ പോരാടിയ കർഷകർക്ക് കേന്ദ്രസർക്കാരിനെതിരെ താമസിയാതെ വീണ്ടുമൊരു പോർമുഖം തുറക്കേണ്ടിവന്നാൽ അതിലൊട്ടും അതിശയപ്പെടേണ്ടതില്ല. കേരളത്തിലടക്കം രാജ്യത്തു മിക്കയിടത്തും വളത്തിനായി കർഷകർ പരക്കം പായുന്ന കാഴ്ചയാണ് കഴിഞ്ഞ നാളുകളിൽ നാം കണ്ടത്. ഇറക്കുമതിയിലെ കുറവും ഉല്പാദനത്തിലുണ്ടായ ഇടിവും സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചതുമാണ് രാസവള ക്ഷാമത്തിനു മുഖ്യകാരണം. സംസ്ഥാനങ്ങളിൽ നിന്നുള്ള മുറവിളി രൂക്ഷമായപ്പോൾ മാത്രമാണ് കേന്ദ്രസർക്കാർ ഉണർന്നത്. 2021–22 വർഷത്തേക്കുള്ള, യൂറിയ‑ഇതര വളങ്ങളുടെ പോഷകാധിഷ്ഠിത സബ്സിഡി (ന്യൂട്രിയന്റ് ബേസ്ഡ് സബ്സിഡി), കഴിഞ്ഞ ജൂൺ മാസം കേന്ദ്രസർക്കാർ പുതുക്കി നിശ്ചയിച്ചപ്പോൾ, അതിന്റെ പ്രാബല്യം സെപ്റ്റംബർ മാസം വരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. രാസവള/അസംസ്കൃത വസ്തുക്കളുടെ വില കുറയുന്നപക്ഷം 2021 ഒക്ടോബർ മാസം മുതലുള്ള റാബി സീസണിൽ സബ്സിഡി നിരക്ക് വെട്ടിക്കുറക്കുവാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു കേന്ദ്രസർക്കാരിന് ഉണ്ടായിരുന്നത്. എന്നാൽ, അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ രാജ്യത്തെ രാസവളം ഉല്പാദനത്തിൽ ഇടിവും ലഭ്യതക്കുറവുമുണ്ടായി. ഇതിനെത്തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 12 നാണ് പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തികകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ ഉപസമിതി യോഗം ചേർന്ന്, രാസവള സബ്സിഡി 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ തുടരുന്നതിന് അംഗീകാരം നല്കിയത്. തുടർന്ന്, കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുടെ യോഗം വിളിച്ചുചേർത്ത് രാജ്യത്ത് വളത്തിന്റെ സമൃദ്ധമായ ഉല്പാദനമുണ്ടെന്നും രാസവള ക്ഷാമമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഈവർഷം തുടക്കം മുതൽതന്നെ രാജ്യത്ത് രാസവളത്തിന്റെ ക്ഷാമം രൂക്ഷമാണ്. പ്രധാനപ്പെട്ട കാർഷികമേഖലകൾ ഉൾപ്പെടുന്ന രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ, കർഷകർ കൂടുതലായുപയോഗിക്കുന്ന ഡൈ അമോണിയം ഫോസ്ഫേറ്റ് ലഭ്യമായിരുന്നില്ല. രാസവളങ്ങളുടെ വില വർധിപ്പിക്കുവാൻ കേന്ദ്രസർക്കാർ കമ്പനികൾക്ക് മൗനാനുവാദം നല്കിയതു മുതൽ കർഷകർ പ്രതിസന്ധിയിലായിരുന്നു. ഡൈ അമോണിയം ഫോസ്ഫേറ്റ്, പൊട്ടാഷ്, എൻപികെ കോംപ്ലക്സ് തുടങ്ങിയ യൂറിയേതര ഫോസ്ഫേറ്റിക് — പൊട്ടാസിയം വളങ്ങളുടെ വില ഏതാണ്ട് 58 ശതമാനമാണ് വർധിപ്പിച്ചത്. ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വില ടണ്ണിന് 24,000ല്‍ നിന്ന് 38,000 രൂപയാക്കി. എൻപികെ വളത്തിന്റെ വിലയും ടണ്ണിന് 23,500ൽനിന്ന് 35,500 രൂപയായി ഉയർത്തി. മറ്റു വളങ്ങളുടെയും വിലയിൽ കാര്യമായ വർധനവുണ്ടായി. എന്നാൽ രാജ്യതലസ്ഥാനത്ത് ഉയർന്നുവന്ന കർഷക പ്രക്ഷോഭത്തിന്റെകൂടി പശ്ചാത്തലത്തിൽ, വിലവർധനവ് പ്രാബല്യത്തിൽ വരുത്തരുതെന്നു കേന്ദ്രസർക്കാർ രാസവള കമ്പനികളോട് അഭ്യർത്ഥിക്കുകയും, പിന്നീടു ഈ വളങ്ങൾക്കുള്ള സബ്സിഡി 2021 സെപ്റ്റംബർ മാസം വരെയുള്ള പ്രാബല്യത്തിൽ ആനുപാതികമായി ഉയർത്തി വിലവര്‍ധനവിന്റെ ആഘാതം കുറയ്ക്കുകയുമാണുണ്ടായത്. എന്നാൽ റാബി വിളസീസൺ തുടങ്ങുന്ന ഒക്ടോബർ ആയപ്പോഴേക്കും രാസവള ക്ഷാമം രൂക്ഷമായി. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയർന്നതോടെയാണ് രാസവള ഉല്പാദനത്തിൽ ഇടിവും ലഭ്യതക്കുറവുമുണ്ടായത്. 2007-08 നു ശേഷം ആദ്യമായി അസംസ്കൃത വസ്തുക്കളായ അമോണിയ, ഫോസ്ഫോറിക് ആസിഡ്, സൾഫ്യൂരിക് ആസിഡ്, റോക്ക് ഫോസ്ഫേറ്റ്, സൾഫർ എന്നിവയ്ക്കെല്ലാം ഒരു വർഷത്തിനിടെ വില ഇരട്ടിയോളമായി. ഇതോടെ, രാജ്യത്തെ രാസവള നിർമ്മാതാക്കൾ ഉല്പാദനം കുറച്ച് സർക്കാരിനെയും കർഷകരെയും ഒരേപോലെ പ്രതിസന്ധിയിലാക്കി. അസംസ്കൃതവസ്തുവായും ഇന്ധനമായും വളനിർമ്മാണശാലകൾ ഉപയോഗിക്കുന്ന എൽഎൻജിക്ക് ആഗോളതലത്തിൽ വില വർധിച്ചത് യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ രാസവള ഉല്പാദനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള നമ്മുടെ രാസവള ഇറക്കുമതിയെയും അതു സാരമായി ബാധിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവുമൂലം ആഭ്യന്തര ഉല്പാദനവും ഇറക്കുമതിയും നന്നേ കുറഞ്ഞിട്ടും കേന്ദ്രസർക്കാരിന്റെ ഇടപെടൽ താമസിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. രാസവള സബ്സിഡി സംബന്ധിച്ച സർക്കാർ തീരുമാനം യഥാസമയം കൈക്കൊണ്ടിരുന്നുവെങ്കിൽ, കമ്പനികൾ തങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ നേരത്തെതന്നെ ഇറക്കുമതി ചെയ്യുകയും ഒക്ടോബർ — നവംബർ മാസങ്ങളിലേക്കാവശ്യമായ വളത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുമായിരുന്നു. 1991–92 ൽ, നവലിബറൽ സാമ്പത്തികനയങ്ങളുടെ ഭാഗമായി അവശ്യ സേവനങ്ങൾക്കു മേൽ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും വിദേശനാണ്യ ചെലവും കുറച്ചു കൊണ്ടുവരുന്നതിന്, രാജ്യത്തു നിലനിന്നിരുന്ന രാസവള വില നിയന്ത്രണ സംവിധാനം ഉപേക്ഷിച്ചതോടെയാണ് കർഷകരുടെ ദുരിതം തുടങ്ങുന്നത്. എന്നാൽ, സാമ്പത്തികബാധ്യതയും വിദേശനാണ്യച്ചെലവും കുറച്ചുകൊണ്ടു വരുന്നതിനുവേണ്ടി നടപ്പിലാക്കിയ പദ്ധതി ഈ രണ്ടു ലക്ഷ്യങ്ങളും കൈവരിക്കാൻ സഹായിച്ചില്ലെന്നു മാത്രമല്ല, രാസവളങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കുന്ന തിനുമിടയാക്കി. പദ്ധതിയിലെ അശാസ്ത്രീയതമൂലം യൂറിയവളങ്ങൾ കർഷകർ കൂടുതലായി ഉപയോഗിച്ചത് മണ്ണിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതിനു കാരണമായി. തുടർന്ന്, 2010 മുതൽ കേന്ദ്രസർക്കാർ പോഷകാധിഷ്ഠിത സബ്സിഡി (ന്യൂട്രിയന്റ് ബേസ്ഡ് സബ്സിഡി) ആവിഷ്ക്കരിച്ചുവെങ്കിലും; അതും യൂറിയ ഒഴിച്ചുള്ള രാസവളങ്ങളുടെ വലിയ തോതിലുള്ള വിലവർധനവിനാണ് വഴിതെളിച്ചത്. പോഷകാധിഷ്ഠിത സബ്സിഡിയുടെ പ്രയോജനം പ്രധാനമായും ഉല്പാദന കമ്പനികൾക്കാണ് ലഭിക്കുന്നത്. ഡൈ അമോണിയം ഫോസ്ഫേറ്റ് ഉൾപ്പെടെയുള്ള വളങ്ങളുടെ വില ഉയർത്താതിരിക്കുവാൻ രാസവള കമ്പനികളോട് യാചിക്കേണ്ട അവസ്ഥയിലേക്ക് കേന്ദ്രസർക്കാർ എത്തുകയും അതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടിവരുകയും ചെയ്തത് ഈ സാഹചര്യത്തിലാണ്.


ഇതുകൂടി വായിക്കാം; ഉത്തരേന്ത്യയിൽ രാസവള ക്ഷാമം രൂക്ഷം; കൃഷിയിറക്കാനാകാതെ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു


ചുരുക്കത്തിൽ, ഇല്ലത്തു നിന്ന് പുറപ്പെടുകയും ചെയ്തു; അമ്മാത്തു ഒട്ടു എത്തിയതുമില്ല എന്ന അവസ്ഥയിലായി കേന്ദ്രസർക്കാർ. ഇതിനെത്തുടർന്നാണ്, രാസവള സബ്സിഡി വിതരണത്തിന് ഇനിമേൽ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) നടപ്പിലാക്കുമെന്ന് 2016 ഒക്ടോബറിൽ സർക്കാർ പ്രഖ്യാപിച്ചത്. രാസവള സബ്സിഡി വലിയ സാമ്പത്തിക ബാധ്യതയ്ക്ക് വഴിവയ്ക്കുന്നുവെന്ന കാഴ്ചപ്പാട് കേന്ദ്ര സർക്കാർ ഒരുകാലത്തും മറച്ചുവച്ചിട്ടില്ല. കൃഷിയിലെ ഉല്പാദനോപാധി സബ്സിഡികൾ വെട്ടിക്കുറയ്ക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര വാണിജ്യ കരാറുകൾ ഉയർത്തുന്ന സമ്മർദ്ദം ഇതിനുപുറമെയാണ്. മൂന്നുവർഷ കാലയള‌വിനുള്ളിൽ കേന്ദ്രസർക്കാരിന്റെ രാസവള സബ്സിഡി ബാധ്യത മൂന്നിരട്ടിയായി വർധിച്ചുവെന്നാണ് നിതി ആയോഗ് അംഗമായ രമേശ് ചന്ദും സീനിയർ അഡ്വെെസർ ആയ യോഗേഷ് സുരിയും അവകാശപ്പെടുന്നത്. രാസവള സബ്സിഡി സമ്പ്രദായത്തിലെ അശാസ്ത്രീയത ഇതിനു പ്രധാന കാരണമായിട്ടുണ്ടെന്നാണ് ഇവരുടെ വാദം. ഒരു ഹെക്ടറിലെ എൻപികെ വളങ്ങളുടെ രാജസ്ഥാനിലെ ഉപയോഗം 70 കിലോഗ്രാം ആയിരിക്കെ അത് തെലുങ്കാനയിൽ 250 കിലോഗ്രാം ആണ്. അതുപോലെ, കർഷകരുപയോഗിക്കുന്ന എൻപികെ വളങ്ങളുടെ ആനുപാതം പഞ്ചാബിൽ 33.7: 8:1 ആണെങ്കിൽ കേരളത്തിൽ 1.3: 0. 7: 1 മാത്രമാണ്. വിവിധ സംസ്ഥാനങ്ങൾ ഉപയോഗിക്കുന്ന രാസവളങ്ങളുടെ സബ്സിഡി ഇനത്തിൽ 8: 1 വരെ വ്യത്യാസം ഉണ്ടെന്നാണ് നിതി ആയോഗ് സമർത്ഥിക്കുന്നത്. രാസവളങ്ങൾക്കു പകരമായി ജൈവ വളങ്ങൾ ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ഇവർ പറയുന്നു. എന്നാൽ, അടിച്ചേൽപ്പിക്കപ്പെട്ട രാസവള വിലനിയന്ത്രണച്ചട്ടങ്ങൾമൂലം അശാസ്ത്രീയമായ വളപ്രയോഗ രീതികളിലേക്ക് കർഷകർ വഴിമാറിയിട്ടുട്ടെങ്കിൽ അതിനുള്ള പഴി കർഷകരുടെമേൽ ചാരുന്നത് ന്യായീകരിക്കത്തക്കതല്ല. ഇപ്പോൾ ന്യായവിലയ്ക്ക് ലഭിക്കുന്ന യൂറിയയുടെ വില, മറ്റുള്ള വളങ്ങൾക്കൊപ്പം വർധിപ്പിച്ചല്ല അതിനു പരിഹാരം കാണേണ്ടത്. അതുപോലെ, ജൈവ കൃഷിരീതികളും ഗുണമേന്മയുള്ള ജൈവവളങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കപ്പെടേണ്ട താണെങ്കിലും, സബ്സിഡി ഇനത്തിൽ കർഷകർക്കു നൽകികൊണ്ടിരിക്കുന്ന ആനുകൂല്യം ഒഴിവാക്കുന്നതിനുള്ള ഉപാധിയായി അതു മാറരുത്. ഇന്ധന വിലയിലുണ്ടായ വർധനവ്, പല യൂറോപ്യൻ രാജ്യങ്ങളുടെയും അമോണിയ ഉല്പാദനത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. അതുപോലെ, കൽക്കരി വിലവർധനവ്, ചൈനയിലെ വൻകിട കമ്പനികളിൽ രാസവള ഉല്പാദനത്തിൽ നിയന്ത്രണത്തിനു വഴിവച്ചിട്ടുണ്ട്. ചുഴലികൊടുങ്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭംമൂലം ആഭ്യന്തര പ്രകൃതിവാതക ഉല്പാദനം കുറച്ച സാഹചര്യത്തിൽ, അമേരിക്കയിലും വൻകിട രാസവള കമ്പനികൾക്ക് ഉല്പാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന രാസവള ഉല്പാദനരാഷ്ട്രങ്ങൾ പലതും തങ്ങളുടെ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിന്, വളം കയറ്റുമതി ചട്ടങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിക്കഴിഞ്ഞു. ആഭ്യന്തര ലഭ്യത ഉറപ്പുവരുത്തുവാൻ ചൈന 2022 ജൂൺ വരെ എല്ലാ രാസവളങ്ങളുടെയും കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്. ലോകത്തെ മൊത്തം ഡൈ അമോണിയം ഫോസ്ഫേറ്റ് ഉല്പാദനത്തിന്റെ മൂന്നിലൊന്നും; യൂറിയയുടെ പത്തിലൊന്നും ഉല്പാദിപ്പിക്കുന്ന ചൈന, കയറ്റുമതിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നിരവധി രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ്. 2021 ഡിസംബർ ഒന്ന് മുതൽ ആറ് മാസത്തേക്ക് നൈട്രജൻ — ഫോസ്ഫറസ് വളങ്ങളുടെ കയറ്റുമതി നിർത്തിവയ്ക്കുന്നതിനുള്ള റഷ്യയുടെ തീരുമാനവും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കും. പൊട്ടാഷ് വളങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ബെലറൂസിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള വിലക്കും ആഗോള വളം വിതരണ ശൃംഖലയുടെ ക്രമം തെറ്റിക്കും. ഇതെല്ലാം ഇന്ത്യയുടെ അവസ്ഥ കൂടുതൽ ദുർബലമാക്കും. പ്രതിവർഷം ഏതാണ്ട് 34–35 മില്യൺ ടൺ യൂറിയ ആവശ്യമുള്ളപ്പോൾ നമ്മുടെ ആഭ്യന്തര ഉല്പാദനം 25 മില്യൺ ടൺ ആണ്. ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ ഡിമാൻഡ് 12 മില്യൺ ടണ്ണിൽ നിൽക്കുമ്പോൾ, നമ്മൾ ഉല്പാദിപ്പിക്കുന്നത് വെറും അഞ്ച് മില്യൺ ടൺ മാത്രം. ഒരുവർഷം നമുക്കുവേണ്ട മൂന്ന് മില്യൺ ടൺ പൊട്ടാഷ് വളം നാമിപ്പോഴും പൂർണമായി ഇറക്കുമതി ചെയ്യുകയാണ്. എൻപികെ കോംപ്ലക്സ് വളങ്ങളുടെ കാര്യത്തിൽ മാത്രമാണ് വലിയ തോതിലുള്ള ഇറക്കുമതി നമുക്ക് ഒഴിവാക്കാനാകുന്നത്. രാസവളങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും വില അന്താരാഷ്ട്രതലത്തിൽ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, തദ്ദേശീയമായി കൂടുതൽ രാസവള പ്ലാന്റുകൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് നിതി ആയോഗ് തന്നെ തുറന്നുസമ്മതിക്കുന്നു. ഇക്കാര്യത്തിൽ വലിയ വീഴ്ചയാണ് നമ്മുടെ രാജ്യത്തുണ്ടായതെന്നു പറയാതെ വയ്യ. പ്രധാനമായും കാർഷിക സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ചു മുന്നേറുന്ന ഒരു രാജ്യത്തു്, അവശ്യവസ്തു വിഭാഗത്തിൽപ്പെട്ട രാസവളങ്ങളുടെ ലഭ്യത യഥാസമയം കർഷകർക്ക് ഉറപ്പാക്കുകയെന്നത് സർക്കാരിന്റെ ആദ്യ പരിഗണനയിൽ വരേണ്ട കാര്യമാണ്. രാസവള സബ്സിഡിയും കർഷകർക്കുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും, സാമ്പത്തിക ബാധ്യതയുടെ വലിപ്പം നോക്കിമാത്രം തീരുമാനമെടുക്കുവാൻ കഴിയുന്ന ഒന്നല്ല. കോവിഡും പ്രകൃതിക്ഷോഭങ്ങളും മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെ സാധാരണക്കാരായ കർഷകരെ വിഷമവൃത്തത്തിലാക്കുന്ന സാഹചര്യത്തിൽ കർഷകർക്കു താങ്ങായി നിൽക്കുകയെന്നതാണ് ഏതൊരു ജനാധിപത്യ സർക്കാരിന്റെയും പ്രാഥമിക കടമ. അതു മറന്നുപോയതാണ് നമ്മുടെ രാജ്യത്ത് വലിയ കർഷകപ്രക്ഷോഭത്തിന് വഴിവച്ചത്. നാടിനെ അന്നമൂട്ടുന്ന കർഷകർക്ക് അവർ അർഹിക്കുന്ന പരിഗണന നൽകിയാൽ തീരാവുന്നതാണ് ഇപ്പോഴത്തെ രാസവളക്ഷാമവും വിലവർധനയുമെല്ലാം. കേന്ദ്രസർക്കാർ അതിനു തയാറാകാതെ വന്നാൽ, ചരിത്രം ആവർത്തിക്കാതെ തരമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.