എല്ലാ ഉത്സവവേളയിലും പ്രവാസി മലയാളി നേരിടുന്ന പ്രതിസന്ധികളിലൊന്നാണ് യാത്രാപ്രശ്നം. നാട്ടിലെത്തുന്നതിനുള്ള ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയുടെ മറവിൽ വിമാനക്കമ്പനികളും ഇതര യാത്രാസംവിധാനങ്ങളും നടത്തുന്ന കൊള്ള നേരിടേണ്ടിവരുന്നു എന്നതാണ് പ്രധാന വെല്ലുവിളി. ഈ കൊള്ളകാരണം നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടിവരുന്ന മലയാളികളുടെയും കുടുംബങ്ങളുടെയും എണ്ണവും വലുതാണ്. ഗൾഫ് രാജ്യങ്ങളിൽ മധ്യവേനൽ അവസാനിക്കുകയും കേരളത്തിൽ ഓണമെത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യാത്രാനിരക്കിൽ ഇത്തവണ വൻതോതിലുള്ള വർധന വരുത്തിയിട്ടുള്ളത്. ഇത് ഇപ്പോഴത്തെ മാത്രം പ്രശ്നമല്ല. ക്രിസ്മസും പുതുവർഷാരംഭവും ഒരുമിച്ചുവരുന്ന ഡിസംബർ, ജനുവരി മാസങ്ങളിലും വിഷു, ദീപാവലി തുടങ്ങിയ വേളകളിലുമെല്ലാം ഇതേ രീതി വിമാനക്കമ്പനികൾ സ്വീകരിക്കുന്നു. ഈ വേളകളിൽ യാത്രക്കാരുടെ എണ്ണം കൂടുമെന്നതും എല്ലാവരും അത്യാവശ്യക്കാരായിരിക്കും എന്നതിനാലും എത്ര തുക നൽകാനും തുനിയുമെന്ന അവസ്ഥ കണക്കിലെടുത്താണ് വിമാനക്കമ്പനികൾ ഈ മനുഷ്യത്വ വിരുദ്ധ സമീപനമെടുക്കുന്നത്. വിദേശ മലയാളികളായ യാത്രക്കാർ മാത്രമല്ല ഈ പ്രശ്നം നേരിടുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ തൊഴിൽ തേടി പോയവരും സ്ഥിരതാമസമാക്കിയ കുടുംബങ്ങളുമെല്ലാം ഈ പ്രശ്നം അഭിമുഖീകരിക്കുന്നു. വിദേശങ്ങളിലായാലും ഇതര സംസ്ഥാനങ്ങളിലായാലും വൻ തുക ടിക്കറ്റ് നിരക്കായി നൽകി നാട്ടിലെത്താൻ കഴിയുന്നവരുടെ എണ്ണം വളരെ കുറവാണ്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ. ലഭ്യമാകുന്ന വരുമാനംകൊണ്ട് നിത്യചെലവുകളും കുടുംബത്തിനായി നീക്കിവയ്ക്കുന്ന വിഹിതവും കിഴിച്ച് മിച്ചം പിടിക്കുന്നതുകൊണ്ട് വർഷത്തിൽ ഒരുതവണ പോലും നാട്ടിലെത്താൻ സാധിക്കാത്ത ലക്ഷക്കണക്കിന് പേരാണുള്ളത്. അത്തരമാളുകളാകട്ടെ നാട്ടിലെത്തുന്നതിന് പ്രധാനമായും തിരഞ്ഞെടുക്കുക ഇത്തരം വേളകൾ ആയിരിക്കുകയും ചെയ്യും. അത്തരം സന്ദർഭങ്ങൾ തന്നെ കൊള്ളയ്ക്കുള്ള അവസരമായി വിമാനക്കമ്പനികൾ ഉപയോഗിക്കുന്നുവെന്ന പരാതി എല്ലാഘട്ടത്തിലും ഉയരുന്നതാണെങ്കിലും നടപടിയെടുക്കേണ്ട കേന്ദ്ര സർക്കാർ ഗുരുതരമായ അലംഭാവം കാട്ടുന്നു എന്നതാണ് യാഥാർത്ഥ്യം.
ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കൂടുതൽ തിരക്ക് അനുഭവിക്കുന്ന ഓഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ അവസാനംവരെയുള്ള ദിവസങ്ങളിൽ യാത്ര തീരുമാനിച്ചവരെ കൊള്ളയ്ക്ക് ഇരയാക്കുകയാണ്. മൂന്ന് മുതൽ അഞ്ചിരട്ടി വരെയാണ് നിരക്ക് വർധന വരുത്തിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കേരളത്തിൽ നിന്ന് സർവീസുള്ള എല്ലാ വിമാനത്താവളങ്ങളിൽ നിന്നും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഓരോ വിമാനത്താവളങ്ങളിൽ നിന്നുമുള്ള നിരക്കുകളിൽ തന്നെ വലിയ വ്യത്യാസമാണുള്ളത്. 10,000 മുതൽ 15,000 രൂപവരെയുണ്ടായിരുന്ന നിരക്കുകൾ 35,000 മുതൽ 60,000ത്തിലധികംവരെയാണ് ഈടാക്കുന്നതെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്. ഉയർന്ന ക്ലാസുകളിലെ നിരക്ക് ഒരു ലക്ഷത്തോളംവരെയും വർധനയുണ്ട്. ആഭ്യന്തര യാത്രാനിരക്കിലും വിമാനക്കമ്പനികൾ ഈ സീസണിൽ വലിയ വ്യത്യാസം വരുത്തിയിരിക്കുകയാണ്. ഒരു ഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്ക് 30 ശതമാനംവരെ വർധിപ്പിച്ചിട്ടുണ്ട്. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന തീവണ്ടികളിൽ നിരക്ക് വർധനയുടെ പ്രശ്നമില്ലെങ്കിലും തൽക്കാൽ, പ്രീമിയം തൽക്കാൽ എന്നിങ്ങനെ പേരുകളിൽ അമിതനിരക്ക് ഈടാക്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. ഈ രണ്ട് വിഭാഗങ്ങൾക്കായി ഭൂരിഭാഗം സീറ്റുകളും മാറ്റുന്നു. അതിനാൽ തന്നെ ഓണക്കാലത്തേയ്ക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്കും തിരിച്ചും സീറ്റുകൾ ഇപ്പോൾ തന്നെ മുഴുവനായും റിസർവ് ചെയ്തുകഴിഞ്ഞു. തൽക്കാൽ വിഭാഗം ടിക്കറ്റുകൾ യാത്ര ആരംഭിക്കുന്നതിന്റെ 24 മണിക്കൂർ മുമ്പ് മാത്രമേ ലഭ്യമാകൂ. അതുതന്നെ നിശ്ചിത എണ്ണമായതിനാൽ എല്ലാവർക്കും ലഭിക്കണമെന്നുമില്ല. അതുകൊണ്ടുതന്നെ മഹാഭൂരിപക്ഷത്തിനും അധിക നിരക്കുകൾ നൽകിയും കടുത്ത ദുരിതങ്ങൾ നേരിട്ടും നാട്ടിലെത്തുകയോ അല്ലാത്തപക്ഷം യാത്ര തന്നെ വേണ്ടെന്നുവയ്ക്കുകയോ ചെയ്യേണ്ടിവരുന്നു. ഈ സാഹചര്യത്തെ സ്വകാര്യ ബസുടമകളും കൊള്ളയ്ക്കായി ഉപയോഗിക്കുകയാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിലെ വൻ നഗരങ്ങളിൽ നിന്ന് വരുന്ന സ്വകാര്യ ബസുകളും ഇത് മുതലാക്കി നിരക്ക് വർധന വരുത്തുന്നു.
ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും ഫലപ്രദമായ നടപടികൾ കൈക്കൊള്ളാനാവുന്നത് കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന് ആകെ ചെയ്യാവുന്നത് ഇതര സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് ബസ് സർവീസ് ഏർപ്പെടുത്തുകയാണ്. അതിനാകട്ടെ പരിമിതികൾ ഏറെയാണ്. അതേസമയം വിമാനയാത്രാനിരക്ക് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാരിന് ഇടപെടാനാകും. അതുപോലെ രാജ്യത്തിനകത്തെ യാത്രക്കാരുടെ പ്രശ്നപരിഹാരത്തിന് കൂടുതൽ തീവണ്ടികളും ഉത്സവ സീസണുകളിൽ പ്രത്യേക തീവണ്ടികളും അനുവദിക്കുക, നിലവിലുള്ള തീവണ്ടികളിൽ കൂടുതൽ കോച്ചുകൾ ഏർപ്പെടുത്തുക എന്നിങ്ങനെയുള്ള സജ്ജീകരണങ്ങൾ ഒരുക്കി പ്രശ്ന പരിഹാരം സാധ്യമാക്കാവുന്നതാണ്. എന്നാൽ ഒരിക്കലും കേന്ദ്രം അതിന് സന്നദ്ധമാകുന്നില്ല. സംസ്ഥാനത്തുനിന്നുള്ള ജനപ്രതിനിധികളും സംസ്ഥാന സർക്കാരും നിരന്തരം ഈ പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നുവെങ്കിലും അവർ ചെവിക്കൊള്ളുന്നില്ല. പകരം വിമാനക്കമ്പനികളുടെ കൊള്ളയും റെയിൽവേയുടെ ചൂഷണവും നിർബാധം തുടരുന്നതിന് കാഴ്ചക്കാരാവുകയാണ്. അതുകൊണ്ട് യാത്രാദുരിതം പരിഹരിക്കുന്നതിനുള്ള ക്രിയാത്മക സംവിധാനങ്ങൾ ഒരുക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. അമിത നിരക്കിലൂടെ കൊള്ളയടിക്കുന്ന വിമാന‑ബസ് കമ്പനികളെ നിയമപരമായി നേരിടുന്നതിനും യാത്രക്കാരെ സഹായിക്കുന്നതിന് തയാറാകുകയും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.