
പരമ്പര ആര് നേടും ? ഏകദിന പരമ്പരയിലെ അവസാന അങ്കത്തിന് ഇന്ത്യയും ന്യൂസിലാന്‍ഡും നാളെയിറങ്ങും. വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകുമെന്നതിനാല്‍ മത്സരം തീപാറുമെന്നുറപ്പ്. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം.
ആദ്യ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റ് വിജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ കിവീസ് ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് അവസാന മത്സരം നിർണായകമായത്. ബാറ്റർമാരെ തുണയ്ക്കുന്ന ഹോൾക്കർ സ്റ്റേഡിയത്തിൽ വൻ സ്കോറുകൾ പിറക്കാനാണ് സാധ്യത. സ്വന്തം കാണികൾക്ക് മുന്നിൽ പരമ്പര വിജയം ആഘോഷിക്കാൻ ശുഭ്മാന്‍ ഗില്ലും സംഘവും ഒരുങ്ങുമ്പോൾ, ഇന്ത്യൻ മണ്ണിൽ പരമ്പര നേട്ടം ലക്ഷ്യമിട്ടാണ് കിവീസ് എത്തുന്നത്. ബൗളിങ് നിരയിലെ ഫോമില്ലായ്മ ഇന്ത്യക്ക് ചെറിയ ആശങ്ക നൽകുന്നുണ്ടെങ്കിലും ബാറ്റിങ്നിരയുടെ കരുത്തിലാണ് ടീമിന്റെ പ്രതീക്ഷ. ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഏകദിന പരമ്പര സ്വന്തമാക്കുക എന്നത് ഇരുടീമുകൾക്കും ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.
കഴിഞ്ഞ മത്സരത്തില്‍ കെ എല്‍ രാഹുല്‍ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും ഇന്ത്യക്ക് വിജയിക്കാനായില്ല. രാഹുല്‍ 92 പന്തില്‍ 112 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 56 റണ്‍സെടുത്തു. മറ്റാര്‍ക്കും തിളങ്ങാനായില്ല. ഇന്ത്യയുയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡ് 47.3 ഓവറില്‍ മറികടന്നു. ഡാരില്‍ മിച്ചലിന്റെയും വില്‍ യങ്ങിന്റെയും തകര്‍പ്പന്‍ കൂട്ടുകെട്ടാണ് കിവീസിന് വിജയമൊരുക്കിയത്. മിച്ചല്‍ 131 റണ്‍സുമായി പുറത്താകാതെ നിന്നു. യങ് 87 റണ്‍സ് നേടി. മൂന്നാം അങ്കത്തിനിറങ്ങുമ്പോള്‍ ബൗളിങ് മൂര്‍ച്ചപ്പെടുത്തുകയെന്നതാകും ഇന്ത്യക്ക് മുന്നിലുള്ള വഴി. മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരടങ്ങുന്ന പേസ് നിരയ്ക്ക് കിവീസ് ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ സാധിച്ചിരുന്നില്ല. സ്പിൻ നിരയിൽ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും തിളങ്ങേണ്ടത് ഇന്ത്യയുടെ വിജയത്തിന് അനിവാര്യമാണ്.
അതേസമയം ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ വിരാട് കോലിക്ക് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാനായില്ല. രോഹിത് ശര്‍മ്മയ്ക്കും ഫോമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. രോഹിത്തും ഗില്ലും ഓപ്പണര്‍മാരായി ഇറങ്ങുമ്പോള്‍ കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഡാരില്‍ മിച്ചലിന്റെയും വില്‍ യങ്ങിന്റെയും ഫോം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് കടുപ്പമാകും. ഡെവോണ്‍ കോണ്‍വെ, ഹെന്‍റി നിക്കോള്‍സ് സഖ്യമാണ് ഓപ്പണിങ്ങിലിറങ്ങുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.