3 May 2024, Friday

Related news

May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024

ബഫര്‍സോണില്‍ ഒടുവില്‍ ആശ്വാസവിധി

*; കേരളം ആവശ്യപ്പെട്ട ഇളവുകള്‍ അംഗീകരിച്ചു
* വാസസ്ഥലം നിര്‍മ്മിക്കാന്‍ ഉത്തരവ് തടസമാകും
* ജനങ്ങളുടെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനല്ലെന്നും സുപ്രീം കോടതി 
റെജി കുര്യന്‍
ന്യൂഡല്‍ഹി/ തിരുവനന്തപുരം
April 26, 2023 9:00 pm

സംരക്ഷിത വനമേഖലയ്ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധിതമാക്കിയ ഉത്തരവില്‍ കേരളമുള്‍പ്പെടെ ആവശ്യപ്പെട്ടതനുസരിച്ച് ഇളവുകള്‍ അനുവദിച്ച് സുപ്രീം കോടതി. ജൂണ്‍ 2022 ലെ വിധിയിലാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്, വിക്രം നാഥ്, സഞ്ചയ് കരോള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പരിഷ്‌കാരങ്ങള്‍ വരുത്തിയത്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസകരമാണ് വിധി. പരിസ്ഥിതിലോല മേഖലയില്‍ കഴിയുന്ന ഗ്രാമീണര്‍ക്ക് സ്ഥിരമായ വാസസ്ഥലം നിര്‍മ്മിക്കാന്‍ ഉത്തരവ് തടസ്സമാകും. കുടുംബത്തിലെ അംഗബലം വര്‍ധിക്കുമ്പോള്‍ വീട് പുതുക്കിപ്പണിയാനും സാധിക്കില്ല. കൂടാതെ സ്‌കൂളുകള്‍, ഡിസ്‌പെന്‍സറികള്‍, അംഗന്‍വാടികള്‍, വാട്ടര്‍ ടാങ്കുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും മുന്‍ ഉത്തരവ് തടസമാണെന്ന് കോടതി വിലയിരുത്തി. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച ഉത്തരവ് ജനങ്ങളുടെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനല്ല. മറിച്ച് വനങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും ബഞ്ച് വ്യക്തമാക്കി.

നിലവിലെ നിയമങ്ങളില്‍ വന്യജീവി ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ അനുയോജ്യമായ വകുപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടത്തുന്നതിന് വ്യവസ്ഥകള്‍ നിലനില്‍ക്കുന്നു. ടി എന്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാധാരണ ജനജീവിതത്തിനും വെല്ലുവിളിയാകുമെന്ന് ചൂണ്ടിക്കാട്ടി കേരളവും കേന്ദ്രവും ഉള്‍പ്പെടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിശദമായി വാദം കേട്ട ശേഷമാണ് സുപ്രീം കോടതി മുന്‍ ഉത്തരവില്‍ മാറ്റം വരുത്തിയത്.

അന്തര്‍ സംസ്ഥാന അതിര്‍ത്തികള്‍ പങ്കിടുന്നതോ ഇത്തരത്തില്‍ പൊതു അതിര്‍ത്തികള്‍ ഉള്ളതോ ആയ ദേശീയ പാര്‍ക്കുകള്‍ക്കും ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ ബാധകമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വിറകിന്റെ വാണിജ്യ ഉപയോഗത്തിന് വിലക്കിനൊപ്പം ഹോട്ടല്‍-റിസോര്‍ട്ട് നിര്‍മ്മാണം ബന്ധപ്പെട്ട അനുമതിയോടെ സാധ്യമാകുകയും ചെയ്യുന്ന ജനകീയ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ഖനന വിലക്ക് നിലനില്‍ക്കും
പരിസ്ഥിതിലോല മേഖലകളില്‍ തുടരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതി തേടണം, ബഫര്‍സോണിലെ മരങ്ങള്‍ മുറിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ അനുമതി തേടണം, പരിസ്ഥിതിലോല മേഖലകളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം പാടില്ല തുടങ്ങിയ മുന്‍ ഉത്തരവിലെ വ്യവസ്ഥകളില്‍ പുതിയ ഉത്തരവിലും മാറ്റം വരുത്തിയിട്ടില്ല.
ബഫര്‍സോണ്‍ സംബന്ധിച്ച് അന്തിമ, കരട് വിജ്ഞാപനങ്ങള്‍ക്കൊപ്പം സര്‍ക്കാരിന്റെ പരിഗണനയില്‍ ബഫര്‍സോണായി നിശ്ചയിച്ച് വിജ്ഞാപനം ഇറങ്ങാനിരിക്കുന്ന മേഖലകള്‍ക്കും ഉത്തരവ് ബാധകമാണ്. മണ്ണ് മലിനമാക്കുന്ന വ്യവസായങ്ങള്‍ക്കും ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കും മുന്‍ ഉത്തരവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. ബഫര്‍ സോണില്‍ കൃഷിക്ക് നിയന്ത്രണങ്ങളില്ല.

വിധി ആശ്വാസജനകം: മന്ത്രി എ കെ ശശീന്ദ്രൻ

ബഫർസോണിൽ സമ്പൂർണ ഇളവു വരുത്തിയ സുപ്രീംകോടതി കേരളത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതും മലയോരവാസികൾക്ക്‌ ആശ്വാസം പകരുന്നതുമാണെന്ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ.  ഈ വിഷയത്തിൽ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടെന്നും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. മുൻ ഉത്തരവ്‌ ഭേദഗതി ചെയ്‌ത്‌ സമ്പൂർണ ഇളവാണ്‌ നൽകിയത്‌. സ്ഥിരം നിർമിതികൾക്ക്‌ പ്രദേശത്ത്‌ അനുവദം ലഭിക്കും വിധം മുൻ ഉത്തരവിൽ കാര്യമായ മാറ്റംവരുത്തിയിട്ടുണ്ട്‌.

ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കി കൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഡ്രാഫ്റ്റ്‍ നോട്ടിഫിക്കേഷൻ കോടതി ഇന്നലത്തെ വിധിയിലൂടെ അംഗീകരിക്കുകയാണ് ഉണ്ടായത്. ദേശീയ ഉദ്യാനങ്ങൾ, സംരക്ഷിത വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവില്‍ ഖനനം അംഗീകരിക്കില്ല എന്ന നിലവിലെ നിലപാട് തുടരാനും കോടതി വിധിയിലൂടെ തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നതാണ് ഈ കോടതി വിധിയിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary;Finally a relief in the buffer zone; Ker­ala accept­ed the con­ces­sions sought

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.