17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 7, 2024
October 4, 2024
September 28, 2024
September 26, 2024
September 23, 2024
July 23, 2024
July 23, 2024
July 23, 2024
July 23, 2024
July 23, 2024

പാര്‍ലമെന്റില്‍ ധനമന്ത്രി പറഞ്ഞത്; പെരുപ്പിച്ച കണക്കുകള്‍

Janayugom Webdesk
തിരുവനന്തപുരം
February 9, 2024 11:38 pm

കേന്ദ്രത്തില്‍നിന്നുള്ള നികുതി വിഹിതത്തിലും ഗ്രാന്റിലുമുള്ള അവഗണന അവസാനിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് മറുപടിയെന്ന പേരില്‍ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ നിരത്തിയത് പെരുപ്പിച്ച കണക്കുകള്‍. സംസ്ഥാനം ഉന്നയിച്ച കാര്യങ്ങളെ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കാനും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ശ്രമം നടത്തി.
യുപിഎ, എന്‍ഡിഎ സര്‍ക്കാരുകളുടെ കാലത്ത് കേരളത്തിന് ലഭിച്ച തുകകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ ന്യായീകരണ ശ്രമം. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ധനമന്ത്രിയുടെ ന്യായീകരണവാദങ്ങള്‍ പൊളിഞ്ഞു.
യുപിഎ സര്‍ക്കാര്‍ ഭരിച്ച 2004 മുതൽ 2014 വരെ നികുതി വിഹിതമായി കേരളത്തിന് ലഭിച്ചത് 46,303 കോടി രൂപയാണെന്നും എന്‍ഡിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തിനിടയില്‍ 1,50,140 കോടി രൂപ ലഭിച്ചെന്നും ധനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, നികുതി വിഹിതം കേന്ദ്ര സൗജന്യമല്ലെന്നും എൻഡിഎ സർക്കാരിന്റെ 10 വർഷത്തിൽ കേരളത്തിന് ലഭിച്ച തുക കേന്ദ്ര സർക്കാർ നിശ്ചയിച്ച് ലഭ്യമാക്കിയതല്ലെന്നും മറച്ചുവച്ചുകൊണ്ടായിരുന്നു ഈ വാദം. ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം രാഷ്ട്രപതി നിയമിക്കുന്ന ധനകാര്യ കമ്മിഷനാണ് വ്യവസ്ഥാപിതപഠനം നടത്തി കേന്ദ്ര സർക്കാരിനു നേരിട്ട് ലഭിക്കുന്ന നികുതികളുടെ കേന്ദ്ര–സംസ്ഥാന വിഹിതം സംബന്ധിച്ച ശുപാർശ നൽകുന്നത്.
കേന്ദ്ര ഗ്രാന്റുകൾ 2014നെ അപേക്ഷിച്ച് എൻഡിഎ കാലത്ത് ഉയർന്നുവെന്നാണ് മറ്റൊരു അവകാശവാദം. 2014 താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ജിഡിപിയിൽ കാലികമായ വർധനയുണ്ടായി. അതിനനുസരിച്ച് നികുതി വരുമാനവും വലിയ തോതില്‍ വർധിച്ചു. ജിഎസ്‌ടി വന്നതോടെ നികുതി വരുമാനത്തിന്റെ 64 ശതമാനം കേന്ദ്രം കൈക്കലാക്കുന്നു.
ജിഡിപി വളർച്ചയുടെ ഭാഗമായി വായ്പാ വരുമാനവും കുതിച്ചു. ഏതാണ്ട് 17 ലക്ഷം കോടി രൂപയാണ് അടുത്ത വർഷം കടമെടുക്കുന്നത്. വിലക്കയറ്റം ഉണ്ടാക്കിയ പണപ്പെരുപ്പത്തിന്റെ തോത് അഞ്ച് മുതൽ എട്ടു ശതമാനം വരെയാണ്. ഇതെല്ലാം മറച്ചുവച്ചാണ് വർധിപ്പിച്ച തുകയുടെ കണക്ക് പറയുന്നത്. 

നഷ്ടപരിഹാരം ഗ്രാന്റില്‍പ്പെടുത്തി

നിയമപ്രകാരം അവകാശപ്പെട്ട ജിഎസ്‌ടി നഷ്ടപരിഹാരത്തെയും ഗ്രാന്റില്‍ ഉള്‍പ്പെടുത്തി. യുപിഎ കാലത്ത് ഗ്രാന്റുകളായി 25,629 കോടി രൂപയും എന്‍ഡിഎയുടെ കാലത്ത് 1,43,117 കോടിയും ലഭിച്ചുവെന്നതും വസ്തുതാ വിരുദ്ധം. 10 വർഷത്തിൽ നികുതി വിഹിതമല്ലാത്ത വിവിധ കേന്ദ്ര ഗ്രാന്റുകൾ ലഭിച്ചത് (കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം ഉൾപ്പെടെ) 1,53,490 കോടി രൂപയാണ്. ഇതിൽ 28,791 കോടി രൂപ ജിഎസ്‌ടി നഷ്ടപരിഹാരമായി ലഭിച്ചതാണ്. ബാക്കി 1,24,698 കോടിയാണ് ഗ്രാന്റിനത്തിൽപ്പെടുന്നത്.
നികുതി വിഹിതത്തിൽ 2017–18 മുതൽ അനുവദിച്ച ജിഎസ്‌ടി നഷ്ടപരിഹാരവും ഗ്രാന്റായാണ് ചിത്രീകരിച്ചത്. ജിഎസ്‌ടി നഷ്ടപരിഹാരം തരുന്നതിന് കേന്ദ്രത്തിന് ഒരു രൂപയുടെ ബാധ്യതയില്ല. നഷ്ടപരിഹാര സെസ് വഴിയാണ് തുക പിരിക്കുന്നത്. കാലാവധി 2022 ജൂണിൽ അവസാനിപ്പിച്ചിട്ടും കോവിഡ് കാലത്ത് നൽകിയ നഷ്ടപരിഹാരത്തിന്റെ പേരിൽ ഇപ്പോഴും കേന്ദ്രം നഷ്ടപരിഹാര സെസ് പിരിക്കുന്നുമുണ്ട്.

ക്രെഡിറ്റ് റേറ്റിങ്ങിലെ കുറവ് സംസ്ഥാനങ്ങളെ ബാധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ്ങിലെ കുറവ് സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്നതായി കേരളം സുപ്രീം കോടതിയില്‍. കടമെടുത്താല്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകരുമെന്ന കേന്ദ്രത്തിന്റെ വാദം തെറ്റെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മൊത്തം ആഭ്യന്തര ഉല്പാദനത്തിനും മുകളിലാണ് കേന്ദ്രത്തിന്റെ കടം. രാജ്യത്തെ മൊത്തം കടത്തിന്റെ 60 ശതമാനം കേന്ദ്രത്തിന്റേതാണ്. എല്ലാ സംസ്ഥാനങ്ങളുടെയും കടം ചേര്‍ത്തുവച്ചാല്‍ 40 ശതമാനമാണ്. കേരളത്തിന്റെ കടമാകട്ടെ ഈ ഗണത്തില്‍ പരമാവധി 1.75 ശതമാനമേ എത്തുകയുള്ളൂ. കേന്ദ്രത്തിന്റെ കടം വര്‍ധിച്ചു നില്‍ക്കുന്നതിനാല്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കുന്ന റേറ്റങ്ങിലെ കുറവ് സംസ്ഥാനങ്ങള്‍ അന്താരാഷ്ട്ര വായ്പകള്‍ക്ക് ശ്രമിക്കുമ്പോള്‍ നിഷേധിക്കാന്‍ കാരണമാകുന്നു. കിഫ്ബി വിഷയത്തില്‍ കേരളം ഇത് നേരിട്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സംസ്ഥാന ചീഫ് സെക്രട്ടറി വി വേണുവാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിക്ക് നല്‍കിയ കുറിപ്പില്‍ കേരളം ഉന്നയിച്ച ഭരണഘടനാ വിഷയങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ലെന്നും കേരളം ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: Finance Min­is­ter said in Par­lia­ment; Inflat­ed figures

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.