24 September 2024, Tuesday
KSFE Galaxy Chits Banner 2

റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയ്ക്ക് ആദ്യ വനിതാ ഗവര്‍ണര്‍

Janayugom Webdesk
കാന്‍ബെറ
July 14, 2023 8:34 pm

റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവര്‍ണറായി ചുമതലയേല്‍ക്കുന്നു. സെൻട്രൽ ബാങ്കിലെ മുതിർന്ന സാമ്പത്തിക വിദഗ്ധയായ മിഷേൽ ബുള്ളക്കാണ് പുതിയ ആർബിഎ ഗവർണർ. സെപ്റ്റംബറിൽ സ്ഥാനമൊഴിയുന്ന ഗവർണർ ഫിലിപ്പ് ലോയിൽ നിന്ന് മിഷേൽ ചുമതലയേൽക്കും. സെൻട്രൽ ബാങ്കിന്റെ 63 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത ഗവർണർ വരുന്നത്. പലിശ നിരക്ക് കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് ലോവിനെ രണ്ടാം തവണയും നിയമിക്കേണ്ടതില്ലെന്ന തീരുമാനം. ഓസ്‌ട്രേലിയയുടെ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ കഴിവുള്ള മികച്ച സാമ്പത്തിക വിദഗ്ധയാണ് മിഷേൽ ബുള്ളക്ക് എന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് ട്വിറ്ററിൽ കുറിച്ചു.
ഏറെ വെല്ലുവിളി നിറഞ്ഞ സമയത്താണ് ഈ പദവിയിലേക്ക് വരുന്നത്. എന്നാൽ ശക്തമായ ഒരു എക്സിക്യൂട്ടീവ് ടീമും ബോർഡും തനിക്കൊപ്പമുണ്ടെന്ന് മിഷേൽ പ്രസ്താവനയിൽ പറഞ്ഞു. റിസര്‍വ് ബാങ്ക് അതിന്റെ നയങ്ങള്‍ ഓസ്‌ട്രേലിയന്‍ ജനതയുടെ ക്ഷേമങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നത് ഉറപ്പാക്കുമെന്ന് മിഷേല്‍ കൂട്ടിച്ചേർത്തു. 2022 ഏപ്രിലിൽ ആർബിഎയുടെ ഡെപ്യൂട്ടി ഗവർണറായി നിയമിക്കപ്പെടുന്നതിന് മുമ്പ് അസിസ്റ്റന്റ് ഗവർണറും പേയ്‌മെന്റ് പോളിസി ഡിപ്പാർട്ട്‌മെന്റ് മേധാവിയും ഉൾപ്പെടെ സീനിയർ മാനേജ്‌മെന്റ് സ്ഥാനങ്ങൾ മിഷേൽ ബുള്ളക്ക് വഹിച്ചിട്ടുണ്ട്.
പണപ്പെരുപ്പം നേരിടാനുള്ള ശ്രമത്തിൽ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ആ‍ർബിഎ പലിശനിരക്ക് ഉയർത്തിയിരുന്നു. കഴിഞ്ഞ മേയ് മുതൽ 12 തവണയാണ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയർത്തിയത്. കഴിഞ്ഞ പതിനൊന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 4 .1 ശതമാനമാണ് നിലവിൽ പലിശ നിരക്കുള്ളത്. പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് പലിശ നിരക്കുയർത്തുന്നത് എന്നാണ് സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

eng­lish sum­ma­ry; First female Gov­er­nor of the Reserve Bank of Australia

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.