21 December 2024, Saturday
KSFE Galaxy Chits Banner 2

ദക്ഷിണേന്ത്യയിലെ ആദ്യത്തെ റബ്ബര്‍ ചെക്ക് ഡാം കാസര്‍കോട് ഒരുങ്ങി

kasaragod
കാസര്‍കോട്
January 19, 2022 1:27 pm

ജലസംരക്ഷണത്തിനുളള നവീന മാതൃകയായ ദക്ഷിണേന്ത്യയിലെ ആദ്യത്തെ റബ്ബര്‍ ചെക്ക്ഡാം കാസര്‍കോട് ജില്ലയിലെ പനത്തടി ഗ്രാമ പഞ്ചായത്തിലെ മാനടുക്കം എരിഞ്ഞിലംകോട് തിമ്മംചാലില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. കാസര്‍കോട് വികസന പാക്കേജില്‍ 48 ലക്ഷം രൂപ ചിലവില്‍ ആണ് പ്രവൃത്തി നടന്നത്. ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുളള ആദ്യത്തെ നിര്‍മ്മാണം ആണ് ഇത്. കട്ടികൂടിയ റബ്ബര്‍ഷീറ്റ് കോണ്‍ക്രീറ്റില്‍ ഘടിപ്പിച്ച് അതിലേക്ക് ജലം പമ്പ് ചെയ്ത് നിറച്ചാണ് ഡാമില്‍ ജലം സംഭരിക്കുന്നത്. വളരെപെട്ടെന്ന് തന്നെ ഈ പ്രകൃയ പൂര്‍ത്തിയാവും എന്നുളളത് കൊണ്ട് തന്നെ ജലസംഭരണം വളരെകുറഞ്ഞ സമയം കൊണ്ട് സാധ്യമാകും. എതാണ്ട് 88700 ലിറ്റര്‍ വെള്ളം സംരക്ഷിക്കാനാവും. 155 ഓളം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. റബ്ബര്‍ഷീറ്റില്‍ ഉളള ജലം പുറത്തേക്ക് ഒഴുക്കിവിട്ടുകഴിഞ്ഞാല്‍ പുഴയിലെ ഒഴുക്ക് സാധാരണ നിലയിലാകും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ സാങ്കേതിക സഹായത്തോടെ ചെറുകിട ജലസേചന വകുപ്പാണ് നിര്‍മ്മാണം നടത്തിയത്. വളരെ പെട്ടെന്ന് തന്നെ വെളളം തടഞ്ഞ് നിര്‍ത്താനാകും എന്നുളളതും ഡാമില്‍ ചളിയും മണലും അടിഞ്ഞുകൂടില്ല എന്നുളളതും വളരെപെട്ടെന്ന് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകും എന്നുളളതും താരതമ്യേന കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാനാകും എന്നുളളതുമാണ് ഇതിന്റെ പ്രത്യേകത.

ചെറുകിട ജലസേചന വിഭാഗം എക്‌സി.എഞ്ചിനീയര്‍ സഞ്ജീവ് പി ടി, അസി.എക്‌സി.എഞ്ചിനീയര്‍ സുധാകരന്‍, അസി.എഞ്ചിനീയര്‍ അഖില്‍ മധുസൂധനന്‍ എന്നിവരാണ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്. കാസര്‍കോട് വികസന പാക്കേജില്‍ ജില്ലയില്‍ പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവിലും ചീമേനി പഞ്ചായത്തിലെ നാപ്പച്ചാലിലും മധൂരിലെ ഷിരിബാഗിലുവിലും മഞ്ചേശ്വരത്തെ സ്വര്‍ണഗിരിയിലും കൂടി റബ്ബര്‍ ചെക്ക്ഡാമിന്റെ നിര്‍മ്മാണം വരുന്നതായി കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.