
കായലിൽ വെച്ച് തീപിടിച്ച് രണ്ട് മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. സംഭവത്തിൽ രണ്ട് മത്സ്യ തൊഴിലാളികൾക്ക് പരിക്കേറ്റു. ബോട്ടുകൾ നശിച്ച വകയിൽ ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ബോട്ടിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പാചകം ചെയ്യുന്നതിനിടയിൽ തീ പടർന്നുപിടിക്കുകയായിരുന്നു. ശക്തികുളങ്ങര കാവനാട് മുക്കാട് മഠത്തിൽ കായൽവാരത്ത് പലിശക്കടവ് എന്ന ഭാഗത്ത് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ ആയിരുന്നു സംഭവം. ശക്തികുളങ്ങര സ്വദേശികളായ സെബാസ്റ്റ്യൻ ആൻഡ്രൂസ്, രാജു വലേറിയാൻ, കുളച്ചിൽ സ്വദേശിയായ കുമാർ യഹോവ, ഹല്ലേലൂയ എന്നീ ബോട്ടുകളാണ് കത്തിയത്.
ആദ്യം തീപിടിത്തമുണ്ടായത് ഹല്ലേലൂയ എന്ന ബോട്ടിൽ ആണെന്നാണ് നിഗമനം. തീ പടർന്നതോടെ ബോട്ടിൽ ഉണ്ടായിരുന്ന ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നീ തൊഴിലാളികൾക്ക് പൊള്ളലേറ്റു. ഇവർ ഉൾപ്പെടെ തൊഴിലാളികൾ ഉടനെ ബോട്ടിൽ നിന്ന് ഇറങ്ങിയതിനാൽ അത്യാഹിതമുണ്ടായില്ല. എന്നാൽ, സമീപത്ത് കെട്ടിയിട്ടിരുന്ന ബോട്ടുകളിലേക്ക് ഉൾപ്പെടെ തീപടരുന്ന സ്ഥിതി ആയതോടെ തീപിടിച്ച രണ്ട് ബോട്ടുകളുടെയും കെട്ടഴിച്ചുവിട്ടു. അപ്പോഴും സമീപത്തുണ്ടായിരുന്ന ഡിവൈൻ മേഴ്സി എന്ന ബോട്ടിൽ ഉണ്ടായിരുന്ന വലയിലേക്ക് തീ പടർന്നു. ഇതും ഉടന്‍ തന്നെ അണച്ചു.
കെട്ടഴിച്ചുവിട്ട ബോട്ടുകൾ ഒഴുകി കായലിന്റെ മറുകരയിൽ സെൻറ് ജോർജ് തുരുത്തിന്റെ തീരത്തുള്ള ഐസ് പ്ലാന്റിനോട് ചേർന്ന തീരത്ത് പുതഞ്ഞു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് ശക്തികുളങ്ങര പൊലീസും ചാമക്കട അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി. കൂടാതെ, കടപ്പാക്കട, ചവറ, പരവൂർ, ശാസ്താംകോട്ട അഗ്നിരക്ഷാസേന നിലയങ്ങളിൽ നിന്നും യൂനിറ്റുകൾ എത്തി. എന്നാൽ, അഗ്നിരക്ഷാസേനക്ക് കായലിൽ പുതഞ്ഞ് തുരുത്തിനോട് ചേർന്ന് കിടന്ന ബോട്ടുകൾക്ക് സമീപം എത്താൻ കഴിഞ്ഞില്ല. മറ്റ് ബോട്ടുകളിൽ പോയി തീ അണക്കാൻ ശ്രമിച്ചതും വിജയിച്ചില്ല. തുടർന്ന് ഫിഷറീസ് ബോട്ടുകളിൽ പൈപ്പ് സ്ഥാപിച്ച് സ്ഥലത്ത് എത്തിച്ചാണ് തീ അണച്ചത്. മണിക്കൂറുകൾ എടുത്ത് വൈകിട്ടോടെ ആണ് ബോട്ടുകളിലെ തീ പൂർണമായും കെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.