നിർത്താതെ പെയ്ത മഴയെത്തുടർന്ന് കൊച്ചിയിൽ പ്രളയസമാനമായ വെള്ളക്കെട്ട്. കോട്ടയത്തും പലയിടങ്ങളും വെള്ളത്തില്‍ മുങ്ങി. മേഘവിസ്ഫോടനത്തെ അനുസ്മരിപ്പിക്കും വിധം തുടർച്ചയായ അതിതീവ്ര മഴയാണ് എറണാകുളം ജില്ലയിൽ പെയ്തത്. തിങ്കളാഴ്ച അർധരാത്രി മുതൽ തുടങ്ങിയ മഴ പലയിടങ്ങളിലും തുടരുകയാണ്.
കൊച്ചിയിലെ പ്രധാന പാതകളും ഇടറോഡുകളുമെല്ലാം വെള്ളത്തിൽ മുങ്ങി. റോഡുകളിൽ വാഹനങ്ങളടക്കം കുടുങ്ങി. വെള്ളക്കെട്ട് രൂക്ഷമായതോടെ പല സ്ഥലങ്ങളിലും ഗതാഗതതടസമുണ്ട്. 2018ലെ ശക്തമായ മഴയിലും മിന്നൽ പ്രളയത്തിലും വെള്ളം കയറാതിരുന്ന പ്രദേശങ്ങളിലാണ് ചുരുങ്ങിയ മണിക്കൂറുകൾ മാത്രം മഴ പെയ്തപ്പോൾ വെള്ളപ്പൊക്കവും പ്രളയസമാന സാഹചര്യവും ഉണ്ടായിരിക്കുന്നത്.
മഴ ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. വേലിയേറ്റ സമയമായതിനാൽ വെള്ളം കായലിലേക്ക് ഇറങ്ങി പോകാത്തതും ദുരിതങ്ങളുടെ ആക്കംകൂട്ടി. കതൃക്കടവ്-കെഎസ്ആര്‍ടിസി റോഡില്‍ മരം കടപുഴകി ഗതാഗതം തടസപ്പെട്ടു. സ്റ്റാന്‍ഡിലേക്ക് ബസുകൾക്ക് പോകേണ്ട ഏക റൂട്ടാണിത്. ഒമ്നി വാനിനു മുകളിലേക്കാണ് മരം വീണത്. അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി.
കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളാണ് കൂടുതലും വെള്ളക്കെട്ടിലായത്. 2018 ലെ പ്രളയ കാലത്തു പോലും ആശങ്ക ഉണ്ടാകാതിരുന്ന പല പ്രദേശങ്ങളും അപ്രതീക്ഷിതമായി വെള്ളത്തിൽ മുങ്ങി. ഞായറാഴ്ച രാത്രിയോടെ പെയ്ത കനത്ത മഴയിൽ പാമ്പാടി, തോട്ടയ്ക്കാട്, കറുകച്ചാൽ, മല്ലപ്പള്ളി പ്രദേശങ്ങൾ വെള്ളത്തിലായി.
ഉച്ചയോടെ ഈ പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും പടിഞ്ഞാറൻ മേഖല വെള്ളത്തിനടിയിലായി. ദിവസങ്ങൾക്ക് മുൻപ് കനത്ത മഴയിൽ വെള്ളം കയറിയ പടിഞ്ഞാറൻ മേഖലയിൽ ദിവസങ്ങളോളം ഗതാഗതം തടസപ്പെട്ടിരുന്നു. ഇതിനിടെ വേമ്പനാട്ട് കായൽ, മുവാറ്റുപുഴയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
English Summary: flood; Continuous heavy rain similar to cloudburst
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.