22 December 2024, Sunday
KSFE Galaxy Chits Banner 2

കാര്‍ഷിക മേഖലയെ കൈവിട്ട് ഭക്ഷ്യ സുരക്ഷ നേടാനാകില്ല

സത്യന്‍ മൊകേരി
വിശകലനം
August 31, 2024 4:30 am

141 കോടിയിലധികം വരുന്ന ഇന്ത്യയിലെ ജനസംഖ്യയില്‍ 58 ശതമാനം (86 കോടിയിലധികം) ജനങ്ങള്‍ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ആശ്രയിക്കുന്നത് കാര്‍ഷിക മേഖലയെ ആണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തൊഴില്‍ മേഖല കാര്‍ഷിക മേഖല തന്നെ. കാര്‍ഷിക മേഖലയിലാണ് 45 ശതമാനത്തിലധികം വരുന്ന (65 കോടിയിലധികം) ഇന്ത്യക്കാര്‍ക്ക് തൊഴില്‍ ലഭിക്കുന്നത്. ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളുടെ ജീവിത മേഖലയാണ് ഈ രംഗം. രാജ്യത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും പച്ചക്കറികളും പാലും മാംസവും മുട്ടയും ഉല്പാദിപ്പിക്കുന്നതും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതും വ്യവസായങ്ങള്‍ക്കാവശ്യമായ നാനാതരത്തില്‍പ്പെട്ട അസംസ്കൃത സാധനങ്ങള്‍ ലഭ്യമാകുന്നതും കാര്‍ഷിക മേഖലയില്‍ നിന്നുതന്നെ.

ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ കെെവരിച്ച നേട്ടത്തിന് അടിസ്ഥാനപരമായ കാരണം പഞ്ചവല്‍സര പദ്ധതികളിലൂടെ കാര്‍ഷിക മേഖലയ്ക്ക് നല്കിയ പ്രാധാന്യമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെങ്കില്‍ കാര്‍ഷികമേഖല അഭിവൃദ്ധിപ്പെടണമെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ ഇന്ത്യയില്‍ നടപ്പിലാക്കി. ഹരിതവിപ്ലവവും ധവള വിപ്ലവവും അതിന്റെ ഭാഗമായിരുന്നു. നിരവധി കാര്‍ഷിക വികസന കേന്ദ്രങ്ങള്‍ പൊതുമേഖലയില്‍ ആരംഭിച്ചു. ജലസേചന പദ്ധതികള്‍ക്ക് രൂപം നല്കി കൃഷിയിടത്തിലേക്ക് ജലം എത്തിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കി.
സ്വാതന്ത്ര്യത്തിനുശേഷം അവതരിപ്പിച്ച കേന്ദ്ര ബജറ്റുകളില്‍ കാര്‍ഷിക മേഖലയ്ക്ക് നല്കിയ പ്രാധാന്യമായിരുന്നു അതിന് കാരണമായത്. കാര്‍ഷിക മേഖല‍യ്ക്ക് മാത്രമായി പ്രത്യേക ബജറ്റ് അവതരിപ്പിക്കണമെന്ന ആവശ്യവും രാജ്യത്ത് ഉയര്‍ന്നുവന്നു. ഇതെല്ലാം കാര്‍ഷിക മേഖലയുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്.
നവലിബറല്‍ നയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയതോടെ കാര്‍ഷികമേഖല മുന്‍ഗണന, പട്ടികയില്‍ നിന്നും പിന്തള്ളപ്പെട്ടു. ഇന്ത്യന്‍ കാര്‍ഷികമേഖല ആഗോള‑മൂലധന ശക്തികള്‍ക്ക് വിഹരിക്കാനുള്ള ഇടമാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നത്. അതിനാവശ്യമായ നിയമനിര്‍മ്മാണങ്ങളും ഉത്തരവുകളും അടിക്കടി രാജ്യത്തുണ്ടായി.

ആഗോള‑ദേശീയ മൂലധനശക്തികള്‍ക്ക് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കെെമാറുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാര്‍ലമെന്റ് കര്‍ഷകദ്രോഹ കരിനിയമങ്ങള്‍ പാസാക്കിയത്. അതിനെതിരായി വന്‍പ്രക്ഷോഭം വളര്‍ന്നുവന്നു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് നിര്‍ബന്ധിക്കപ്പെട്ടതും രാജ്യം കണ്ടതാണ്. രാജ്യത്തിന്റെ നട്ടെല്ലാണ് കാര്‍ഷികമേഖല. 141 കോടിയിലധികം വരുന്ന ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന പ്രധാനപ്പെട്ട മേഖലയാണിത്. നമുക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും പാലും മാംസവും മുട്ടയും ഇവിടെ ഉല്പാദിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭക്ഷ്യസുരക്ഷ ദുര്‍ബലമാകും. രാജ്യം പ്രതിസന്ധിയിലാകും. ഭക്ഷ്യസുരക്ഷ ഇറക്കുമതിയിലൂടെ ഉറപ്പുവരുത്താം എന്ന സമീപനമാണ് കേന്ദ്രഗവണ്‍മെന്റ് സ്വീകരിക്കുന്നത്.

ലോകഭക്ഷ്യ വിപണി നിയന്ത്രിക്കുന്നത് ആഗോള മൂലധനശക്തികളാണ്. അവരെ ആശ്രയിച്ചുകൊണ്ട് 141 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുകയില്ല. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുക മാത്രമാണ് ശാശ്വത പരിഹാരം. അതിനായി കേന്ദ്ര ബജറ്റില്‍ കാര്‍ഷികമേഖല‍യ്ക്ക് ഏറെ പ്രാധാന്യം നല്‍കുകയും കാര്‍ഷികമേഖലാ വികസനത്തിന് ആവശ്യമായ പണം മാറ്റിവയ്ക്കുകയും ചെയ്യണം. അത്തരം സമീപനം സ്വീകരിക്കാതെ, കാര്‍ഷികമേഖലയെ പൂര്‍ണമായും അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര ബജറ്റില്‍ സ്വീകരിച്ചത്.
കേന്ദ്ര ബജറ്റില്‍ 48.25 ലക്ഷം കോടിയാണ് വിവിധ മേഖലയ്ക്കായി മാറ്റിവച്ചത്. അതില്‍ 1,51,851 കോടി രൂപയാണ് കാര്‍ഷികമേഖലയ്ക്കുള്ളത്. കേവലം 3.15 ശതമാനം മാത്രമാണ് ആ തുക. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന പരിഗണന ഈ സമീപനത്തിലൂടെ മനസിലാക്കാവുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബജറ്റില്‍ അനുവദിക്കുന്ന പണം കുറഞ്ഞുവരുന്നതായി കാണാം. 2019–20ല്‍-5.44, 2020–21ല്‍— 5.08, 2021–22ല്‍— 4.26, 2022–23ല്‍-3.23 ശതമാനം എന്നീ ക്രമത്തിലാണ് പണം അനുവദിച്ചത്. ഓരോ വര്‍ഷവും കുറഞ്ഞുവരികയാണെന്ന് വ്യക്തം.
കാര്‍ഷികമേഖലയില്‍ സമഗ്രമായ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കണമെന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്ര ഗവണ്‍മെന്റ് പൂര്‍ണമായും തള്ളിക്കളഞ്ഞു. മൃഗസംരക്ഷണ‑ക്ഷീരവികസന മേഖലയിലും ഭക്ഷ്യ വിളകളും നാളികേരം ഉള്‍പ്പെടെയുള്ള എണ്ണക്കുരുക്കള്‍ കൃഷി ചെയ്യുന്നവര്‍ക്കും സമഗ്രമായ വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവും തള്ളിക്കളയുകയാണ് ചെയ്തത്.

രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ കര്‍ഷകരെ തീരാ ദുഃഖത്തിലാഴ്‌ത്തുകയാണ്. കൃഷിയിടങ്ങള്‍ ഒലിച്ചുപോകുന്നു. മണ്ണിടിച്ചില്‍ വ്യാപകമാകുന്നു. വിളകള്‍ കൂട്ടത്തോടെ നശിക്കുകയാണ്. കന്നുകാലി, പക്ഷിസമ്പത്ത് കൂട്ടത്തോടെ നശിക്കുന്നതും രാജ്യം കാണുന്നു. വയനാട്ടിലും വിലങ്ങാട്ടും ഉണ്ടായ പ്രകൃതിദുരന്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് കര്‍ഷകരാണ്. പ്രകൃതിക്ഷോഭത്തില്‍ കര്‍ഷകന്റെ ഭൂമി തന്നെ നഷ്ടപ്പെടുന്നതാണ് കാണുന്നത്. പ്രകൃതിക്ഷോഭം കാരണം ജീവന്‍ ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെടുന്ന കര്‍ഷകന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് ഉതകുന്ന ബൃഹത്തായ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടതാണ്. അത്തരം സമീപനങ്ങള്‍ സ്വീകരിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയാറാകുന്നില്ല.

വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിയിടങ്ങള്‍ പൂര്‍ണമായും നാശത്തിലാക്കുന്നു. കര്‍ഷകരുടെ ജീവന്‍ വരെ നഷ്ടപ്പെടുന്നു. ഇതിനകം രാജ്യത്ത് നിരവധി കര്‍ഷകര്‍ മരിച്ചു. 2023ല്‍ മാത്രം 750ലധികം കര്‍ഷകര്‍ വന്യമൃഗങ്ങളുടെ ആക്രമണം കാരണം രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. കേരളത്തിലും നിരവധി കര്‍ഷകര്‍ മരിച്ചു. കൃഷിയിടങ്ങളും കാര്‍ഷികവിളകളും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നതും കാരണം വലിയതോതിലുള്ള നഷ്ടം കര്‍ഷകര്‍ക്കുണ്ടായി. ദുരിതത്തില്‍ അകപ്പെടുന്ന കര്‍ഷകരെ സഹായിക്കാന്‍ ഒരു നിര്‍ദേശവും കേന്ദ്ര ബജറ്റില്‍ ഇല്ലാതെപോയി.
കാര്‍ഷിക മേഖലയുടെ ഉല്പാദനച്ചെലവ് കര്‍ഷകരെ ഏറെ പ്രയാസപ്പെടുത്തുന്നു. അതില്‍ നിന്നും കര്‍ഷകന് ആശ്വാസം നല്‍കാനാണ് കാര്‍ഷിക സബ്സിഡി നല്‍കിയിരുന്നത്. അതെല്ലാം ഇല്ലാതാകുകയാണ്.

2022–23 വര്‍ഷത്തില്‍ വളത്തിന് സബ്സിഡിയായി ബജറ്റില്‍ നീക്കിവച്ചിരുന്നത് 2,51,340 കോടി രൂപയായിരുന്നു, 2024–25 വര്‍ഷത്തില്‍ 1,64,102.5 കോടി രൂപ മാത്രമാണ് മാറ്റിവച്ചത്. ഒരു വര്‍ഷംകൊണ്ട് വെട്ടിക്കുറച്ചത് 34.7 ശതമാനം തുകയാണ്. ഇതിന്റെ ഫലമായി വളത്തിന്റെ വില കുത്തനെ വര്‍ധിക്കുകയും കര്‍ഷകര്‍ ഏറെ പ്രയാസപ്പെടുകയും ചെയ്യുന്നു.
ഭക്ഷ്യമേഖലയ്ക്ക് നല്‍കിയിരുന്ന സബ്സിഡിയും വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് ബജറ്റില്‍ കണ്ടത്. ഭക്ഷ്യസബ്സിഡി 2022–23ലേത് 2,73,101.3 കോടി രൂപയില്‍ നിന്നും 2023–24ല്‍ 2,05,700.6 കോടി രൂപയായി കുത്തനെ കുറയ്ക്കാന്‍ ഒരു മടിയുമുണ്ടായില്ല. 24.7 ശതമാനത്തിന്റെ കുറവാണിത്. രാജ്യത്തെ ഭക്ഷ്യസുരക്ഷ അപകടത്തിലാകുന്ന സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചത്. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം വന്‍തോതില്‍ രാജ്യത്തുണ്ടാകുകയാണ് ഈ നടപടിയിലൂടെ. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ ഉയരുകയാണ്.  കേന്ദ്ര ബജറ്റില്‍ കാര്‍ഷികമേഖലയെ അവഗണിച്ചത് ഗുരുതരമായ പ്രതിസന്ധിക്ക് കാരണമാകും. 141 കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് ഇറക്കുമതിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കഴിയില്ല. ലോകത്തെ ഭക്ഷ്യവിപണി ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇതിനകം തന്നെ കെെക്കലാക്കിയിട്ടുണ്ട്. ഇവരുടെ മുമ്പില്‍ യാചിച്ചാല്‍ മാത്രമെ ഇന്ത്യന്‍ ജനങ്ങളുടെ വിശപ്പ് മാറ്റാന്‍ കഴിയൂ എന്ന സാഹചര്യമാണ് വരുംകാലത്ത് ഉണ്ടാകാന്‍ പോകുന്നത്. ഈ അപകടത്തെ തിരിച്ചറിഞ്ഞ് ജനങ്ങള്‍ രംഗത്ത് വരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.