22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
October 21, 2024
October 14, 2024
October 14, 2024
September 30, 2024
September 23, 2024
September 14, 2024
July 24, 2024
June 7, 2024
May 7, 2024

കുളമ്പുരോഗ വ്യാപനം; മുൻകരുതലുകളും സ്വീകരിക്കണം: ക്ഷീരവികസന വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
July 28, 2023 7:55 pm

സംസ്ഥാനത്തു പലയിടങ്ങളിലായി കുളമ്പു രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം നിയന്ത്രണ വിധേയമാക്കുവാൻ മൃഗസംരക്ഷണ വകുപ്പ് ഊർജിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി.ജെ ചിഞ്ചുറാണി അറിയിച്ചു.മന്ത്രിയുടെ നിർദേശത്തെ തുടർന്ന് വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡയറക്ടറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത് നിലവിലെ സാഹചര്യം വിലയിരുത്തുകയും രോഗം നിയന്ത്രിക്കുന്നതിനും,ചികിത്സ ഉറപ്പുവരുത്തുന്നതിനും,പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ്, കണ്ണൂർ എന്നീ 9 ജില്ലകളിലെ 51 സ്ഥലങ്ങളിലാണ് ഇപ്പോൾ കുളമ്പ് രോഗം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കുളമ്പുരോഗ ബാധ ഉണ്ടായത് അറവിന് വേണ്ടി സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവന്ന ഉരുക്കളിലൂടെയാണെന്ന് കണ്ടെത്തുക ഉണ്ടായിട്ടുണ്ട്. 940 ഉരുക്കള്‍ക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 61 ഉരുക്കള്‍ കുളമ്പുരോഗം ബാധിച്ച് സംസ്ഥാനത്ത് ജൂലൈ മാസം മരണപ്പെടുകയുണ്ടായി. ഇതിൽ 41 എണ്ണം പശുക്കുട്ടികളാണ് .ഇതുമായി ബന്ധപ്പെട്ട് വളരെ കാര്യക്ഷമമായ നടപടികൾ മൃഗസംരക്ഷണ വകുപ്പ് ജില്ലകളിൽ സ്വീകരിച്ചുവരുന്നു. രോഗ നിരീക്ഷണവുമായി ബന്ധപ്പെട്ട് പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസറുടെ നേതൃത്വത്തിൽ രോഗബാധയുണ്ടായ സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും രോഗം നിർണ്ണയം നടത്തുകയും ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഉണ്ടായതിൽ നിന്നും വ്യത്യസ്തമായി ഏഷ്യ 1 , A എന്നീ സീറോടൈപ്പിൽ പെട്ട വൈറസുകളാണ് ഇത്തവണ സംസ്ഥാനത്ത് രോഗബാധ ഉണ്ടാക്കിയിരിക്കുന്നത്. പശുക്കുട്ടികളിലാണ് ഇത്തവണ തീവ്രമായ രീതിയിലുള്ള രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. കൂടുതൽ പഠനങ്ങൾക്കായി ഭുവനേശ്വറിൽ കുളമ്പുരോഗം നിർണയിയ്ക്കുന്നതിനുള്ള കേന്ദ്ര ലബോറട്ടറിലേക്ക് സാമ്പിളുകൾ അയച്ചു നൽകിയിട്ടുണ്ട്.
രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ആവശ്യമായ വാക്‌സിനേഷൻ സ്ക്വാഡുകളും ചികിത്സ സ്ക്വാഡുകളും ചീഫ് വെറ്റിനറി ഓഫിസറുടെ നേതൃത്വത്തിൽ രൂപീകരിച്ചു പ്രവർത്തനം നടത്തുന്നുണ്ട്. ജില്ലകളിൽ രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ ഉരുക്കളേയും പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കി. 4537 ഉരുക്കളെ ഇപ്രകാരം റിങ് വാക്‌സിനേഷന് വിധേയമാക്കിയിട്ടുണ്ട്. ഇതുകൂടാതെ രോഗം ബാധിച്ച മൃഗങ്ങൾക്ക് ആവശ്യമായ സൗജന്യ മൃഗ ചികിത്സ മൃഗാശുപത്രി വഴി നൽകുന്നുണ്ട്. രോഗ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും മൃഗാശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും കുളമ്പുരോഗവുമായി ബന്ധപ്പെട്ട അവലോകനം കൃത്യമായി ജില്ലാ ഓഫിസറുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കൂടാതെ സംസ്ഥാനതലത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുളമ്പുരോഗ നിയന്ത്രണ നടപടികൾ സംബന്ധിച്ച അവലോകനവും നടത്തുകയുണ്ടായി. സംസ്ഥാനത്ത് കുളമ്പുരോഗ ബാധ ഉണ്ടായത് അറവിന് വേണ്ടി സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവന്ന ഉരുക്കളിലൂടെയാണെന്ന് കണ്ടെത്തുക ഉണ്ടായിട്ടുണ്ട്. ആയതിനാൽ കേരളത്തിലേക്ക് വരുന്ന കന്നുകാലികളെ ചെക്ക് പോസ്റ്റുകളിൽ നിശ്ചിതമായ പരിശോധനകൾക്ക് വിധേയമാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിൻന്റെ 19 ചെക്ക് പോസ്റ്റുകളിലൂടെ വരുന്ന ഉരുക്കൾക്ക് ആവശ്യമായ ആരോഗ്യ പരിശോധന ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ പ്രൊജക്റ്റ് കോർഡിനേറ്റർ രോഗപ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.സംസ്ഥാനത്തു ആവശ്യമായ കുളമ്പുരോഗ പ്രതിരോധ വാക്‌സിൻ വാങ്ങി സംഭരിക്കുകയും രോഗബാധ ഉണ്ടായ പ്രദേശങ്ങളിൽ വാക്‌സിനേഷൻ എടുക്കുന്നതിന് വേണ്ടുന്ന വാക്സിനുകൾ ആവശ്യാനുസരണം മൃഗാശുപത്രികളിൽ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ട ഉരുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും വകുപ്പ് സ്വീകരിക്കുന്നതാണ്. കുളമ്പുരോഗം നിയന്ത്രിക്കുന്നതിന് വേണ്ടി കന്നുകാലികളുടെ നീക്കം പൂർണ്ണമായും ജില്ലകളിൽ ഒഴിവാക്കേണ്ടുന്നതായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതുകൂടാതെ കന്നുകാലി ചന്തകളും അതുപോലെതന്നെ കന്നുകാലി പ്രദർശനങ്ങളും എല്ലാം തന്നെ ഈ അവസരത്തിൽ നമുക്ക് ഒഴിവാക്കേണ്ടതായിട്ടുണ്ട്. കന്നുകാലികളെ ഒരുമിച്ചു മേയ്ക്കുന്നതും ഒഴിവാക്കേണ്ടതായിട്ടുണ്ട്. വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗം ആയതിനാൽ ഈ രോഗത്തെ നിയന്ത്രിക്കുന്നതിന് ഒട്ടനവധി കാര്യങ്ങൾ ഇത്തരത്തിൽ ചെയ്യേണ്ടുന്ന ഒരു സാഹചര്യമാണ് ഇന്ന് സംസ്ഥാനത്തുള്ളത്. മൃഗങ്ങളിൽ നിന്നും ഈ രോഗം മനുഷ്യരിലേയ്ക് പകരുന്നില്ല .എന്നാൽ ചെറിയ തോതിലുള്ള പനി ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ വ്യക്തി ശുചിത്വവും അനിവാര്യമാണ്.

കുളമ്പുരോഗം തടയാൻ മുൻകരുതലുകള്‍ സ്വീകരിക്കാം

കുളമ്പുരോഗ ബാധ തടയുന്നതിനായി കർഷകർ തങ്ങളുടെ ഫാമുകളിൽ ആവശ്യമായ മുൻകരുതൽ നടപടികളും സ്വീകരിയ്ക്കേണ്ടതായിട്ടുണ്ട് .കറവക്കാരുടെ വ്യക്തി ശുചിത്വവും കറവയിൽ പാലിയ്ക്കേണ്ടതായ ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ് .തൊഴുത്തിലുള്ള പ്രാണികൾ ‚ഈച്ച മുതലായവയെ നിയന്ത്രിയ്‌ക്കേണ്ടതും അനിവാര്യമാണ്.സംസ്ഥാനത്തിന്റെ പുറത്തുനിന്നും ഉരുക്കളെ വളർത്തുന്നതിനായി കൊണ്ടുവരുന്നത് തൽക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. രോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും യുദ്ധകാല അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. ബഹുമാനപ്പെട്ട മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രോഗബാധയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നുള്ള ഒരു വിദഗ്ധ സംഘം നാളെ കാസർഗോഡ് ജില്ല സന്ദർശിക്കുന്നതാണ്.

Eng­lish Summary:ിദദൂ
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.