27 December 2024, Friday
KSFE Galaxy Chits Banner 2

പി വി സത്യന്റെയും ഐഎം വിജയന്റെയും ഒപ്പം ഗ്രൗണ്ടിലിറങ്ങിയ റഹ്മാന്‍ പിന്നീട് ആക്രിക്കച്ചവടത്തിലേക്ക്: ഇനി സ്വപ്നത്തിനൊപ്പം ഖത്തറിലേക്ക്

Janayugom Webdesk
കോഴിക്കോട്
October 30, 2022 7:22 pm

ഫുട്‌ബോള്‍ മാത്രം ശ്വസിച്ച്, അതിനെ മാത്രം നെഞ്ചിലേറ്റിയ അബ്ദുള്‍ റഹ്മാന്‍ സ്വപ്‌നം കണ്ടത് സംഭവിക്കാന്‍ പോകുന്നു. ജീവിതത്തിലാദ്യമായി ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണുവാന്‍ റഹ്മാന്‍ തയ്യാറെടുക്കുന്നു. എത്രയോ കാലമായി റഹ്മാന്‍ സ്വപ്‌നം കണ്ട ആ അനര്‍ഘനിമിഷം സാധ്യമാകും. ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് ഇന്ന് കോഴിക്കോട് വെച്ച് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ രക്ഷാധികാരിയും പ്രവാസിയുമായ ശ്രീകുമാര്‍ കോര്‍മത്തില്‍ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. നവംബര്‍ 22ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കുന്ന റഹ്മാന് ഖത്തറില്‍ ലോകകപ്പ് മത്സരം കാണുവാനും ഹയാ കാര്‍ഡും തയ്യാറാക്കി മറ്റൊരു പ്രവാസി ഫിറോസ് നാട്ടു കാത്തിരിക്കുന്നുണ്ട്. പിന്നെ, മലയാളികളുടെ ലോകകപ്പായി മാറുന്ന ഖത്തര്‍ ഫുട്‌ബോളുത്സവത്തിന് എത്തുന്നവരും കേരളത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമായ അവരുടെ സ്വന്തം റഹ്മാന്‍ക്കയെ നെഞ്ചിലേറ്റാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ എടുക്കുന്നുണ്ട്.
കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ശ്രീകുമാര്‍ കോര്‍മത്ത് സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ അബ്ദുല്‍ റഹ്മാന് ലോകകപ്പ് വേദിയിലേക്ക് സഞ്ചരിക്കാനും തിരിച്ച് നാട്ടിലേക്ക് മടങ്ങാനുമുള്ള വിമാന ടിക്കറ്റ് കൈമാറിയത്. റഹ്മാന്‍ ഫുട്‌ബോളിന് മാത്രം വേണ്ടി ജീവിക്കുന്ന മനുഷ്യനല്ലെന്ന് അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ പ്രചാരണം കണ്ടപ്പോള്‍ മനസിലായി. ലഹരിക്കെതിരെ അദ്ദേഹം നല്‍ത്തുന്ന ക്യാമ്പയിന്‍ ആകര്‍ഷണീയമാണ്. ഫുട്‌ബോളാകട്ടെ നമ്മുടെ ലഹരി എന്ന ക്യാപ്ഷന്‍ കാലത്തിന് യോജിച്ചതാണ്. ഇങ്ങനെ സാമൂഹിക പ്രതിബദ്ധത കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കണമെന്ന് തോന്നി. മാത്രമല്ല കേരള ഫുട്‌ബോളിന് വേണ്ടി ജീവിതം മാറ്റി വെച്ച മനുഷ്യനാണ് റഹ്മാന്‍. ഒരു സാധാരണ ഫുട്‌ബോള്‍ പ്രേമിയായി അദ്ദേഹത്തെ കാണാന്‍ സാധിക്കില്ല. റഹ്മാന്‍ ലോകകപ്പ് കാണുന്നത് അര്‍ഹമായ അംഗീകാരമാണ്. അത് സാധ്യമാക്കാന്‍ വേണ്ടത് ചെയ്യുന്നു എന്നത് മാത്രം — ശ്രീകുമാര്‍ കോര്‍മത്ത് പറഞ്ഞു.

കേരളം രണ്ട് തവണ സന്തോഷ് ട്രോഫി നേടുമ്പോഴും എഫ് സി കൊച്ചിന്‍ ഡ്യുറന്‍ഡ് കപ്പ് ഉയര്‍ത്തുമ്പോഴും ആ ടീമുകള്‍ക്കൊപ്പം ജീവനാഢിയായി അബ്ദുല്‍ റഹ്മാന്‍ ഉണ്ടായിരുന്നു.
കളിക്കാരനാകണമെന്ന് ആഗ്രഹിച്ചു തുടങ്ങിയ കരിയറിനെ പരിക്കെടുത്തപ്പോള്‍, റഹ്മാന്‍ ടീം ഫിസിയോയുടെയും കിറ്റ്മാന്റെയും റോളില്‍ കേരള ടീമുകളുടെ ഭാഗമായി.
ക്യാപ്റ്റന്‍ വി പി സത്യന്‍, ഐ എം വിജയന്‍ എന്നീ ഇതിഹാസ താരങ്ങളുമായി വളരെ അടുപ്പം സൂക്ഷിച്ച റഹ്മാന്‍ ആ ബന്ധങ്ങളൊന്നും തന്റെ ജീവിതപ്രതിസന്ധി പരിഹരിക്കാന്‍ ഉപയോഗപ്പെടുത്തിയില്ല.
സന്തോഷ് ട്രോഫി നേടിയപ്പോള്‍ ആ കപ്പെടുത്ത് സത്യന്‍ റഹ്മാന്റെ തലയില്‍ വെച്ച് കൊടുത്തതാണ് റഹ്മാന്‍ ജീവിതത്തിലെ അനര്‍ഘനിമിഷമായി കാണുന്നത്. ഇന്ന് ലോകകപ്പ് ടിക്കറ്റ് സ്വീകരിച്ചപ്പോള്‍, മറ്റൊരു ജീവിതനിമിഷം കൂടി സാധ്യമായതിന്റെ ത്രില്ലില്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞു.
ചങ്ങനാശേരി എസ് എന്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ക്ലബ്ബില്‍ കുരികേശ് മാത്യുവിനൊപ്പം കളിച്ച റഹ്മാന്‍, ആ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു. അന്ന് കെ ടി ചാക്കോ രണ്ടാം ഗോളിയായിരുന്നു. തുടര്‍ച്ചയായ പരിക്ക് റഹ്മാനെ തളര്‍ത്തി, പതിയെ കളത്തില്‍ നിന്ന് ഔട്ടായി. ഒപ്പം കളിച്ചവര്‍ രാജ്യത്തിന് വേണ്ടി കളിച്ചപ്പോള്‍ റഹ്മാന്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ഫുട്‌ബോളിന്റെ പ്രചാരകന്റെ വേഷത്തിലേക്ക് മാറി. പക്ഷേ, ഫുട്‌ബോളിനെ ജീവവായുവായി കണ്ട റഹ്മാന്‍ ആ ജീവിതവും ആസ്വദിച്ചു, പരാതികളില്ലാതെ. അങ്ങനെയാണ്, കിറ്റ്മാനായും ഫിസിയോ ആയും സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ആയും പില്‍ക്കാലത്ത് പന്തിനൊപ്പം ജീവിച്ചത്. 1992, 1993 ല്‍ കേരളം സന്തോഷ് ട്രോഫി ഉയര്‍ത്തുമ്പോഴും എഫ് സി കൊച്ചിന്‍ ഡ്യുറന്‍ഡ് ഉയര്‍ത്തുമ്പോഴും വിവ കേരള കരുത്തറിയിച്ച കാലത്തും റഹ്മാന്‍ ആ ടീമുകളുടെ ബാക്ക് സ്റ്റാഫായി ഒപ്പമുണ്ടായിരുന്നു.

എഫ് സി കൊച്ചിന്റെ തുടങ്ങിയത് മുതല്‍ പൂട്ടുന്നത് വരെ റഹ്മാന്‍ ആ ക്ലബ്ബിനൊപ്പമുണ്ടായിരുന്നു. പിന്നീട്, പയ്യന്നൂരിലേക്ക് പോന്ന റഹ്മാന്‍ അവിടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുവാന്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കാന്‍ തുടങ്ങി. ചെറിയ വരുമാനം, ചെറിയ ജീവിതം. ഇതില്‍ നിന്ന് ലഭിക്കുന്ന കാശില്‍ പകുതിയും ഫുട്‌ബോളിന് വേണ്ടി തന്നെയാണ് റഹ്മാന്‍ ചെലവഴിച്ചത്. ഐ ലീഗും, ഐ എസ് എല്ലും മറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും കാണുവാന്‍ റഹ്മാന്‍ സൈക്കിളില്‍ പറന്നെത്തും. അവിടെ ഫുട്‌ബോളുമായി ചെറിയ ട്രിക്കുകള്‍ നടത്തി, ഫുട്‌ബോളിന്റെ വേതനം പറ്റാത്ത ലോകപ്രചാരകനായി അവതരിക്കും.
ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കാനിരിക്കുന്നു. റഹ്മാന്‍ വേറിട്ട പ്രചാരണവുമായിട്ടാണ് രംഗത്തുള്ളത്. കുട്ടികളെ ലഹരി പദാര്‍ഥങ്ങളില്‍ നിന്ന് അകറ്റാനും ഫുട്‌ബോള്‍ കളിക്കാന്‍ വിടാനും മാതാപിതാക്കള്‍ പ്രേരിപ്പിക്കണം. ഫുട്‌ബോളാകട്ടെ നമ്മുടെ ലഹരി എന്നതാണ് റഹ്മാന്‍ തന്റെ സൈക്കിളില്‍ വലിച്ചു കെട്ടിയ ബാനറിലൂടെ പ്രചാരണം നടത്തുന്നത്.
ഈ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് റഹ്മാന്‍ തന്റെ ചിരകാല സ്വപ്‌നം സുഹൃത്തുക്കളോട് പങ്കുവെച്ചത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ലോകകപ്പ് മത്സരം കാണാന്‍ സാധിക്കണം. ലോകകപ്പ് ഇത്ര അടുത്ത് ഇനി വരുമോ? റഹ്മാന്‍ ആക്രി വിറ്റ് കുറച്ച് കാശ് നേരത്തെ തന്നെ സമ്പാദിച്ചിരുന്നു. പക്ഷേ, അതെവിടെയും എത്തില്ല.
ലഹരിക്കെതിരെ പ്രചാരണം നടത്തുന്ന റഹ്മാനെ സോഷ്യല്‍മീഡിയയാണ് സ്‌പോണ്‍സര്‍മാരുടെ ശ്രദ്ധയിലെത്തിച്ചത്. വിമാന ടിക്കറ്റൊരുക്കി ശ്രീകുമാര്‍ കോര്‍മത്തും മത്സരടിക്കറ്റും ഹയാകാര്‍ഡും ഒരുക്കുന്ന ഫിറോസ് നാട്ടുവും ഒരേ മനസോടെ പറയുന്നു ലോകകപ്പ് ഫുട്‌ബോള്‍ റഹ്മാനെ അര്‍ഹിക്കുന്നുണ്ട് !
നവംബര്‍ 22 ന് കണ്ണൂരില്‍ നിന്ന് റഹ്മാന്‍ ഖത്തറിലേക്ക് യാത്ര തിരിക്കും. 29 വരെ അവിടെ റഹ്മാന്‍ തന്റെ ഫുട്‌ബോള്‍ ട്രിക്കുകള്‍ പയറ്റും, ലോകഫുട്‌ബോളിന്റെ തട്ടകത്തില്‍ അര്‍മാദിക്കും. ഖത്തറില്‍ കേരള ഫുട്‌ബോളിന്റെ അംബാസഡറായി മാറും ഈ മനുഷ്യന്‍.

Eng­lish Sum­ma­ry: Foot ball play­er Rah­man to Qatar

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.