27 January 2026, Tuesday

ഷിജിന്‍ മാജിക്ക്; തിരിച്ചുവരവുമായി കേരളം

Janayugom Webdesk
ധക്കുവഖാന (അസം)
January 27, 2026 9:36 pm

സന്തോഷ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ ഒഡിഷയെ കീഴടക്കി കേരളത്തിന്റെ തിരിച്ചുവരവ്. ഏകപക്ഷീയമായ ഒരു ഗോള്‍ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഷിജിൻ ടി നേടിയ ഗോളാണ് കേരളത്തിന് ജയം സമ്മാനിച്ചത്. മത്സരത്തിന്റെ 22–ാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തിയ ഗോൾ പിറന്നത്. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് കുതിച്ച ഷിജിൻ, രണ്ട് ഒഡിഷ പ്രതിരോധ താരങ്ങളെ വിദഗ്ധമായി വെട്ടിച്ച് ബോക്സിനുള്ളിലേക്ക് കടന്ന് പന്ത് വലയിലെത്തിച്ചു. ഷിജിന്റെ വ്യക്തിഗത മികവ് വിളിച്ചോതുന്നതായിരുന്നു ഈ ഗോൾ. 

ആദ്യ പകുതിയിൽ നേടിയ ലീഡ് നിലനിർത്താൻ രണ്ടാം പകുതിയിൽ കേരളം ശക്തമായ പ്രതിരോധമാണ് പുറത്തെടുത്തത്. സമനില ഗോളിനായി ഒഡിഷ കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ ഗോൾകീപ്പർ ഹജ്‌മലും പ്രതിരോധ നിരയും വഴങ്ങിയില്ല. പ്രത്യാക്രമണങ്ങളിലൂടെ ലീഡ് ഉയർത്താൻ കേരളത്തിന് ചില അവസരങ്ങൾ കൂടി ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാൻ സാധിച്ചില്ല. വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുകളുമായി കേരളം ഗ്രൂപ്പിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോല്പിക്കുകയും രണ്ടാം മത്സരത്തിൽ റെയിൽവേസിനോട് സമനില വഴങ്ങുകയും ചെയ്ത കേരളത്തിന് സെമി സാധ്യത നിലനിര്‍ത്താന്‍ ഈ വിജയം അനിവാര്യമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മേഘാലയയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.