2 February 2026, Monday

വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണി വിടുന്നു

Janayugom Webdesk
ന്യൂഡൽഹി
February 2, 2026 10:08 pm

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളെത്തുടർന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ‌്പിഐ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നു. ജനുവരിയിൽ മാത്രം 35,962 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. യുഎസ് താരിഫുകളെക്കുറിച്ചുള്ള ആശങ്കകൾ, ആഗോള വ്യാപാര പിരിമുറുക്കം, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് എന്നിവയാണ് പ്രധാന കാരണങ്ങൾ. 2026–27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ സെക്യൂരിറ്റീസ് ഇടപാട് നികുതി (എസ‌്ടിടി) വര്‍ധിപ്പിച്ചത് വിദേശ നിക്ഷേപകരെ കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിപണിയിലെ അമിതമായ ഊഹക്കച്ചവടം നിയന്ത്രിക്കാനാണ് നികുതി വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറയുന്നു. 

ഫ്യൂച്ചറുകൾക്ക് നികുതി നിലവിലെ 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായി ഉയർത്തി. ഓപ്ഷൻസ് പ്രീമിയം നികുതി 0.1 ശതമാനത്തിൽ നിന്ന് 0.15 ശതമാനമാക്കി വര്‍ധിപ്പിച്ചു. ഇടപാട് ചെലവ് വര്‍ധിക്കുന്നത് ഹ്രസ്വകാല നിക്ഷേപകരെയും ഹൈ-ഫ്രീക്വൻസി ട്രേഡർമാരെയും വിപണിയിൽ നിന്ന് അകറ്റാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.ബജറ്റ് അവതരണത്തിന് പിന്നാലെ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. എസ‌്ടിടി വര്‍ധനയെത്തുടർന്ന് സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞെങ്കിലും രൂപയുടെ മൂല്യത്തിൽ നേരിയ മുന്നേറ്റമുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 91.51 എന്ന നിലയിലേക്ക് ഉയർന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് രൂപയ്ക്ക് കരുത്തായത്. എങ്കിലും ജനുവരിയിൽ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 92.02 വരെ എത്തിയിരുന്നു.

ഇന്ത്യൻ ഓഹരികളുടെ മൂല്യം ആഗോള വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന നിലയിലാണെന്നതും നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിക്കുന്നു. കൂടാതെ, തായ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ വിപണികളിലേക്ക് നിക്ഷേപം മാറ്റുന്ന പ്രവണതയും വിദേശ നിക്ഷേപകർക്കിടയിൽ ദൃശ്യമാണ്. എങ്കിലും, വിദേശത്തുള്ള വ്യക്തിഗത നിക്ഷേപകർക്ക് ഇന്ത്യൻ ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കാനുള്ള സൗകര്യം ബജറ്റിൽ പ്രഖ്യാപിച്ചത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.