
ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വീണ്ടും നിക്ഷേപം പിൻവലിക്കുന്നു. ഈ മാസത്തെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ വിദേശ നിക്ഷേപകർ ഏകദേശം 17,955 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഇതോടെ, 2025 കലണ്ടർ വർഷത്തിൽ മൊത്തത്തിൽ വിപണിയിൽ നിന്ന് പിൻവലിച്ച തുക 1.52 ലക്ഷം കോടി രൂപയായി. തുടർച്ചയായ ഈ പിൻവലിക്കൽ ഇന്ത്യൻ ഓഹരി വിപണികളിൽ സമ്മർദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്. വിദേശ നിക്ഷേപത്തെ സംബന്ധിച്ച് 2021 ന് ശേഷമുള്ള ഏറ്റവും ദുർബലമായ വർഷങ്ങളിൽ ഒന്നാണ് 2025 എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ നിക്ഷേപം തുടർച്ചയായി പിൻവലിക്കുന്നതിന് പിന്നിൽ നിരവധി ആഗോള, ആഭ്യന്തര ഘടകങ്ങളുണ്ടെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആഗോള സാമ്പത്തിക രംഗത്തെ നീണ്ടുനിൽക്കുന്ന അനിശ്ചിതത്വവും നിക്ഷേപകരുടെ മനോഭാവത്തെ ബാധിക്കുന്നു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വര്‍ധിപ്പിക്കുന്നത് വിദേശ നിക്ഷേപകരെ കൂടുതൽ വരുമാനം ഉറപ്പുള്ള വികസിത വിപണികളിലേക്ക് ആകർഷിക്കുന്നു. ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നത് വിദേശ നിക്ഷേപകർക്ക് നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. മറ്റ് വളർന്നുവരുന്ന വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ഓഹരികളുടെ ഉയർന്ന മൂല്യനിർണ്ണയം നിക്ഷേപകരെ ആകർഷിക്കുന്നില്ല. വർഷാവസാനമായതിനാൽ ആഗോള തലത്തിൽ നിക്ഷേപ പോർട്ട്ഫോളിയോകൾ പുനഃക്രമീകരിക്കുന്നതും പണലഭ്യത ഉറപ്പാക്കാൻ നിക്ഷേപം പിൻവലിക്കുന്നതിന് കാരണമാകുന്നു. മോണിംഗ്സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് റിസർച്ച് ഇന്ത്യയിലെ പ്രിൻസിപ്പൽ മാനേജർ ഹിമാൻഷു ശ്രീവാസ്തവ, സുരക്ഷിതമായതോ ഉയർന്ന വരുമാനം നൽകുന്നതോ ആയ വികസിത വിപണി ആസ്തികൾക്ക് നിക്ഷേപകർ മുൻഗണന നൽകുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന് എന്ന് അഭിപ്രായപ്പെട്ടു.
വിദേശ നിക്ഷേപകർ തുടർച്ചയായി വില്പന നടത്തിയിട്ടും, വിപണിയിലെ ആഘാതം പരിമിതപ്പെടുത്താൻ സഹായിച്ചത് ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ ശക്തമായ പങ്കാളിത്തമാണ്. ഇതേ കാലയളവിൽ, ആഭ്യന്തര സ്ഥാപനങ്ങൾ 39,965 കോടി രൂപയുടെ ഓഹരികളാണ് വിപണിയിൽ നിക്ഷേപിച്ചത്. മ്യൂച്വൽ ഫണ്ടുകളിലൂടെയും പെൻഷൻ ഫണ്ടുകളിലൂടെയുമുള്ള ഈ ശക്തമായ ആഭ്യന്തര നിക്ഷേപം വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ ഫലപ്രദമായി മറികടക്കുകയും ഇന്ത്യൻ ഓഹരി വിപണിക്ക് ആവശ്യമായ സ്ഥിരത നൽകുകയും ചെയ്യുന്നു എന്ന് ധനകാര്യ വിദഗ്ധർ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.